
ന്യൂദല്‍ഹി: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ സോണിയാഗാന്ധിയുടെ പേര് വലിച്ചിഴയ്‌ക്കപ്പെടാന്‍ സാഹചര്യമൊരുക്കിയത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിഴവുകൊണ്ടാണെന്ന നിരീക്ഷണവുമായി രാഹുല്‍ ഗാന്ധി. തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരെ ശക്തമായ വിമര്‍ശനമാണ് ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ കേരളത്തിലെ കോണ്‍ഗ്രസ് നടത്തിയത്. ‘പോറ്റിയേ, കേറ്റിയേ സ്വര്‍ണ്ണം ചെമ്പായ് മാറ്റിയേ…’എന്ന പാട്ട് സമൂഹമാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിപ്പിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസ് പ്രചാരണം കൊഴുപ്പിച്ചത്.
ഇതോടെയാണ് പിണറായി വിജയനും സിപിഎമ്മും ഈ കേസില്‍ തിരിച്ച് കോണ്‍ഗ്രസിനെ പിടികൂടാന്‍ പറ്റുന്ന തെളിവുകള്‍ക്കായി പ്രതികാരബുദ്ധിയോടെ ഈ കേസില്‍ അന്വേഷണം നടത്തിയത്.ഈ അന്വേഷണത്തില്‍ നിന്നാണ് കേസില്‍ പ്രധാനപ്രതിയായ ഉണ്ണികൃഷ്ണന്‍പോറ്റി സോണിയാഗാന്ധിയോടൊപ്പം നില്‍ക്കുന്ന രണ്ട് ചിത്രങ്ങള്‍ സിപിഎമ്മിന് കിട്ടിയത്. ഒന്നില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കുന്ന ചിത്രമാണ്. കൂടെ ആന്‍റോ ആന്‍റണി എംപിയുമുണ്ട്. മറ്റൊന്നില്‍ സോണിയാഗാന്ധിയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും നില‍്കുന്ന ചിത്രത്തില്‍ അടൂര്‍ പ്രകാശ് എംപിയേയും കാണാം. കോണ്‍ഗ്രസ് ഭരണകാലത്ത് അതീവസുരക്ഷ കാറ്റഗറിയില്‍ താമസിക്കുന്ന സോണിയയുടെ അരികിലേക്ക് പല പ്രാവശ്യം ഉണ്ണികൃഷ്ണന്‍ പോറ്റിയെ കയറ്റിയത് വലിയവിവാദമാക്കുകയാണ് സിപിഎം. കേരള നിയമസഭയിലും സിപിഎം നേതാക്കള്‍ സോണിയാഗാന്ധിക്ക് നേരെ വലിയ ആക്രമണമാണ് അഴിച്ചുവിട്ടത്.
ഇത് സോണിയാഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും വേദനിപ്പിച്ചു. ശബരിമലയില്‍ ഇതുവരെ പോകാത്ത നേതാവാണ് സോണിയാഗാന്ധി. ശബരിമല സ്വര്‍ണ്ണക്കൊള്ള വിവാദത്തിലേക്ക് അമ്മയുടെ പേര് വലിച്ചിഴയ്‌ക്കപ്പെട്ടത് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ ദീര്‍ഘവീക്ഷണമില്ലായ്‌മ കാരണമാണെന്ന് രാഹുല്‍ ഗാന്ധി ശക്തമായി വിമര്‍ശിക്കുന്നു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സോണിയാഗാന്ധിയ്‌ക്കും കടുത്ത അതൃപ്തിയുണ്ട്.