
തിരുവനന്തപുരം: സോണിയാ ഗാന്ധി – ഉണ്ണികൃഷ്ണൻ പോറ്റി കൂടിക്കാഴ്ചയിൽ ദുരൂഹതയുണ്ടെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സോണിയ ഗാന്ധിയുടെ രക്ത ബന്ധത്തിൽ ഉള്ളവർക്ക് ഇറ്റലിയിൽ പുരാവസ്തുക്കളും വിഗ്രഹങ്ങളും കച്ചവടം നടത്തുന്ന ബിസിനസ്സ് ഉണ്ട്. മുൻകൂട്ടി കച്ചവടം ഉറപ്പിച്ച ശേഷം ആണ് സ്വർണ്ണ കൊള്ള നടത്തിയതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ഇവിടുത്തെ അന്വേഷണം കൊണ്ട് ഒന്നും ശരിയായി തെളിയില്ലെന്നും പലരേയും രക്ഷപ്പെടുത്താൻ എസ്ഐടി ശ്രമിക്കുന്നെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. രാജ്യാന്തര ബന്ധം അന്വേഷിക്കാൻ കേന്ദ്ര ഏജൻസികൾക്കെ പറ്റൂ. മറ്റൊരു കേസിൽ സിബിഐ ദൽഹി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളുണ്ട്. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ക്ഷേത്രങ്ങളില്‍ നിന്നും അനേകം പുരാവസ്തുക്കളും വിപണനം ചെയ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ എന്തെങ്കിലും സ്വാധീനം ചെലുത്താനാണോ ആൻ്റോ ആൻറണിയും അടൂർ പ്രകാശും പോറ്റിക്ക് ഒപ്പം പോയതെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
കേസിൽ കുപ്രസിദ്ധ വിഗ്രഹ മോഷ്ടാക്കൾക്ക് പങ്കുണ്ടോയെന്ന് കോടതി ആദ്യമേ സംശയം പ്രകടിപ്പിച്ചു. ഇതിനെ സാധൂകരിക്കുന്നത് ആയിരുന്നു രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തൽ. പുരാവസ്തു ബിസിനസിലേക്ക് കൊള്ള എത്തിയിട്ടുണ്ടോ എന്നതിലേക്ക് കാര്യം എത്തുന്നു. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചിത്രം വന്നു. ആദ്യം ആരും സംശയിച്ചില്ല. കാരണം അത് സ്വാഭാവികം ആണല്ലോ. പക്ഷെ ആദ്യ നിലപാടുകളിൽനിന്ന് ചെന്നിത്തലയും വി.ഡി. സതീശനും പിന്നിലേക്ക് പോയി, സുരേന്ദ്രൻ പറഞ്ഞു.
സോണിയ ഗാന്ധിയും പോറ്റിയും എങ്ങനെ, എന്തിനു കണ്ടു എന്ന് ഒരു കോൺഗ്രസ് നേതാവ് വിശദീകരണം നൽകുന്നില്ല. വിഷയത്തിൽ എൽഡിഎഫിനൊപ്പം യുഡിഎഫിനും പരിക്ക് പറ്റും. വൈറൽ പാട്ടിൽ ഭേദഗതി വേണ്ടി വരുമെന്നും സുരേന്ദ്രൻ പരിഹസിച്ചു. സ്വർണം കട്ടത് സഖാക്കൾ എങ്കിൽ വിറ്റത് കോൺഗ്രസ് എന്ന് മാറ്റേണ്ടി വരും. കേസിൽ യുഡിഎഫിനും തുല്യ പങ്കുണ്ട്. ശബരിമല സ്വർണകൊള്ളയിൽ നിന്ന് എളുപ്പത്തിൽ കോൺഗ്രസിന് ഒഴിഞ്ഞു മാറാൻ ആകില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.