ന്യൂദല്‍ഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകനായ സോനം വാങ്ങ് ചുക്ക് നിരാഹാരത്തില്‍ കഴിയുമ്പോള്‍ ബ്രഡ് പക്കോഡയും നൂഡില്‍സും ആസ്വദിച്ച് കഴിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി(സിജെപി) നേതാവ് അഭിജിത് ദീപ്കെ. അഭിജിത് ദീപ്കെയുടെ നിരുത്തവാദിത്വപരമായ പെരുമാറ്റത്തില്‍ ശക്തമായ പ്രതിഷേധം ഉയരുകയാണ്. സിജെപിയിലെ അംഗങ്ങള്‍ തന്നെ വിമര്‍ശനം ഉയര്‍ത്തുകയാണ്.
കഴിഞ്ഞ പത്ത് ദിവസമായി പരിസ്ഥിതി പ്രവര്‍ത്തകനായ സോനം വാങ്ചുക്ക് നിരാഹാരത്തിലാണ്. സിജെപിയുടെ സമരം ആറിത്തണുത്തുതുടങ്ങിയപ്പോള്‍ അതിനെ ആളിക്കത്തിക്കാനാണ് ലഡാക്കിലെ പരിസ്ഥിതി നേതാവായ സോനം വാങ്ങ് ചുക്ക് സിജെപിയുടെ സമരം നടക്കുന്ന ദല്‍ഹിയിലെ ജന്തര്‍മന്ദറില്‍ എത്തി നിരാഹാരസമരം ആരംഭിച്ചത്. സോനം വാങ്ങ് ചുക്കിനെ ആശുപത്രിയിലാക്കണമെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായെന്നും അഭിജിത് ദീപ്കെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. സിജെപിയ്‌ക്ക് വേണ്ടി സോനം വാങ്ചുക്ക് നിരാഹാരം കിടക്കുമ്പോള്‍ സിജെപി നേതാവ് തന്നെ ആസ്വദിച്ച് നല്ല ഭക്ഷണം തട്ടിവിടുന്നത് ശരിയാണോ എന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. അഭിജിത് ദീപ്കെ സമൃദ്ധിയായി ഭക്ഷണം കഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്.
ഇതോടെ അഭിജിത് ദീപ്കെയുടെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടുകയാണ്. നിരവധി പേരാണ് അഭിജിത് ദീപ്കെയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ത്തുന്നത്. നിങ്ങളുടെ സമരത്തിന് വേണ്ടി നിരാഹാരത്തില്‍ കഴിയുന്ന സോനം വാങ്ചുകിന്റെ ആരോഗ്യനില വഷളാകുമ്പോഴും നിങ്ങള്‍ക്ക് എങ്ങിനെ ഇത്രയും വിഭവസമൃദ്ധമായി ഭക്ഷണം കഴിക്കാന്‍ തോന്നുന്നു എന്നാണ് പലരും ചോദിക്കുന്നത്.
പൊതുവേ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരം പാടെ ദുര്‍ബലമാണ്. ഇവരുടെ ആവശ്യത്തോടെ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എത്തിയില്ല. അതിന് ഒരു കാരണം നീറ്റ് പുനപരീക്ഷ കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ മെച്ചപ്പെട്ട രീതിയില്‍ നടത്തിയത് മൂലമാണ്. ടെലഗ്രാം ആപ് നിരോധിച്ചതോടെ പരീക്ഷ അട്ടിമറിക്കാന്‍ ഒരുമ്പെട്ടവര്‍ക്ക് വ്യാജവാര്‍ത്ത പരത്താന്‍ കഴിഞ്ഞില്ല. സൈന്യമാണ് പ്രത്യേക വിമാനത്തില്‍ ചോദ്യപ്പേപ്പര്‍ കൊണ്ടുവന്നത്. ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന പ്രൊഫസര്‍മാരെ അടച്ചിട്ട മുറിയില്‍ പാര്‍പ്പിക്കുകയായിരുന്നു. ഇതോടെ പരീക്ഷ ഭംഗിയായി നടന്നു. അങ്ങിനെയിരിക്കെ ധര്‍മ്മേന്ദ്രപ്രധാനെ മാറ്റണമെന്ന ആവശ്യത്തിന് വലിയ പിന്തുണ ലഭിച്ചില്ല. ഇതുവരെ ചില പഴുതുകള്‍ മുതലാക്കി ആസൂത്രിതമായി പരീക്ഷാപേപ്പര്‍ ചോര്‍ത്തുകയായിരുന്നു ചില നിഗൂഢശക്തികള്‍.