• Wed. Oct 15th, 2025

24×7 Live News

Apdin News

സ്‌കൂളിലെ ഹിജാബ് വിവാദം, രമ്യമായി പരിഹരിച്ച വിഷയം വീണ്ടും കുത്തിപ്പൊക്കി മന്ത്രി വി ശിവന്‍കുട്ടി, വിമര്‍ശിച്ച് സീറോ മലബാര്‍ സഭ

Byadmin

Oct 15, 2025



കൊച്ചി : പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ വിമര്‍ശിച്ച് സീറോ മലബാര്‍ സഭ. വിഷയത്തില്‍ കോടതി തീരുമാനം ഉണ്ടായതാണ്. വിഷയത്തില്‍ പരിഹാരം ഉണ്ടായ ശേഷമുള്ള മന്ത്രിയുടെ നിലപാട് ആശങ്കാജനകമാണെന്ന് സഭ കുറ്റപ്പെടുത്തി.

ഇരു കൂട്ടരും രമ്യമായി പരിഹരിച്ച വിഷയം വീണ്ടും കുത്തിപ്പൊക്കി വര്‍ഗീയശക്തികള്‍ക്ക് വിളയാടാന്‍ പാകത്തിന് ഇട്ടു കൊടുത്ത ബുദ്ധി ശൂന്യത മന്ത്രിക്ക് ഉണ്ടാകാന്‍ പാടില്ല. വിദ്യാഭ്യാസ മന്ത്രി ബഹുമാനപ്പെട്ട കോടതിയെ വെല്ലുവിളിക്കുകയാണോ എന്നും സീറോ മലബാര്‍ സഭ ചോദിച്ചു.സ്‌കൂള്‍ മാനേജ്മെന്റ് മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ രംഗത്തെത്തിയിരുന്നു.

ഹിജാബ് ധരിക്കാനുളള അവകാശം വിദ്യാര്‍ഥിനിക്കുണ്ടെന്നും കുട്ടിയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നായിരുന്നു മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത്. സ്‌കൂള്‍ അധികൃതരുടെ ഭാഗത്താണ് വീഴ്ചയെന്നും മന്ത്രി കുറ്റപ്പെടുത്തി. വിദ്യാര്‍ഥിനിക്ക് മതവിശ്വാസം സംരക്ഷിച്ച് സ്‌കൂളില്‍ തുടര്‍പഠനം നടത്താന്‍ അനുമതി നല്‍കണം. ശിരോവസ്ത്രത്തിന്റെ നിറവും ഡിസൈനും സ്‌കൂള്‍ അധികൃതര്‍ക്ക് തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു. ഇതിനെതിരെയാണ് സഭ രംഗത്തെത്തിയത്.

സ്‌കൂളിന്റെ നിയമാവലി അംഗീകരിക്കുന്നുവെന്ന് കുട്ടിയുടെ പിതാവ് അനസ് നേരത്തേ നടന്ന സമവായ ചര്‍ച്ചയില്‍ അറിയിച്ചിരുന്നു. തുടര്‍ന്നും കുട്ടിയെ ഈ സ്‌കൂളില്‍ തന്നെ പഠിപ്പിക്കാനാണ് താത്പര്യമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. ഇതിന് പിന്നാലെയാണ് മന്ത്രി വി ശിവന്‍കുട്ടി വിദ്യാര്‍ഥിയെ ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കണമെന്ന് അറിയിച്ചത്.

ഈ മാസം ഏഴിനാണ് സംഭവം ഉണ്ടായത്. സ്‌കൂളിലെ ഒരു വിദ്യാര്‍ഥിനി യൂണിഫോമില്‍ അനുവദിക്കാത്ത രീതിയില്‍ ഹിജാബ് ധരിച്ചുവന്നതാണ് തര്‍ക്കത്തിനു കാരണം.പിന്നാലെ ഒരു വിഭാഗം ആളുകള്‍ സ്‌കൂളിലെത്തി ബഹളം വച്ച സംഭവവും ഉണ്ടായി. തുടര്‍ന്ന് സ്‌കൂള്‍ രണ്ട് ദിവസത്തേയ്‌ക്ക് അടച്ചിടുകയും ഹൈക്കോടതി സ്‌കൂളിന് സംരക്ഷണം നല്‍കുകയും ചെയ്തിരുന്നു..

By admin