
തിരുവാങ്കുളം (എറണാകുളം): വീട്ടിൽനിന്ന് സ്‌കൂളിലേക്ക് പോയ 16 വയസ്സുകാരിയെ വീടിന് സമീപത്തെ ഉപേക്ഷിക്കപ്പെട്ട കരിങ്കൽ ക്വാറിയിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മാമല കക്കാട് കിണറ്റിങ്കൽപറമ്പിൽ മഹേഷിന്റെയും രമ്യയുടെയും മകളായ ആദിത്യയാണ് മരിച്ചത്. ചോറ്റാനിക്കര ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ലാബ് ടെക്‌നീഷ്യൻ കോഴ്‌സ് ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു ആദിത്യ.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയൻ സുഹൃത്തിന്റെ മരണത്തിൽ മനംനൊന്ത് മരിക്കുന്നു എന്നാണ് പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പ്. എന്നാൽ, കൊറിയൻ സുഹൃത്ത് എന്ന പേരിൽ ബന്ധപ്പെട്ടിരുന്നത് അടുത്ത സുഹൃത്തുക്കൾ ആരെങ്കിലുമായിരുന്നോ എന്ന സംശയവും ഉയരുന്നുണ്ട്.രാവിലെ 7.45-ന് സ്‌കൂളിലേക്ക് പോകാനായി വീട്ടിൽനിന്ന് ഇറങ്ങിയ ആദിത്യ ബസ് സ്റ്റോപ്പിലേക്ക് പോകുന്നതിനുപകരം എതിർദിശയിൽ ഏകദേശം 100 മീറ്റർ അകലെയുള്ള ക്വാറിയിലേക്കാണ് പോയതെന്ന് പോലീസ് പറഞ്ഞു.
സ്‌കൂൾ ബാഗ് ക്വാറിയുടെ കരയിൽ കണ്ടെത്തി. രാവിലെ 9 മണിയോടെ വെള്ളത്തിൽ മൃതദേഹം പൊങ്ങിക്കിടക്കുന്നത് കുട്ടിയുടെ അമ്മയും ബന്ധുക്കളും ചേർന്നാണ് കണ്ടെത്തിയത്. ആദ്യം മൃതദേഹം ആദിത്യയുടേതാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ഐഡി കാർഡിലെ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് തിരിച്ചറിഞ്ഞത്.
കുട്ടി രാവിലെ ക്ഷേത്രത്തിൽ പോയ ശേഷം വീട്ടിൽ തിരിച്ചെത്തി ഭക്ഷണം കഴിച്ചാണ് സ്‌കൂളിലേക്ക് പുറപ്പെട്ടതെന്ന് ബന്ധുക്കൾ പറഞ്ഞു. ചോറ്റാനിക്കര പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് കൊച്ചി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് സംസ്‌കാരം നടത്തി. കുട്ടിയുടെ ബാഗിൽനിന്ന് ലഭിച്ച നോട്ട്ബുക്കിൽ മൂന്നു പേജുള്ള ഇംഗ്ലീഷ് കുറിപ്പും കൊറിയൻ ഭാഷയിലുള്ള കുറിപ്പുകളും കണ്ടെത്തിയിട്ടുണ്ട്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയൻ സുഹൃത്ത് ഒരാഴ്ച മുൻപ് അപകടത്തിൽ മരിച്ചതിലുള്ള മാനസിക വിഷമമാണ് തീരുമാനത്തിന് കാരണമെന്നാണ് കുറിപ്പിലുള്ളത്. മാതാപിതാക്കളോട് വലിയ സ്‌നേഹമുണ്ടെന്നും, എന്നാൽ സുഹൃത്തിന്റെ മരണം താങ്ങാനാകുന്നതല്ലെന്നും കുറിപ്പിൽ പറയുന്നു. അതേസമയം, കൊറിയൻ സുഹൃത്തിന്റെ പേരിൽ കുട്ടി കബളിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന സംശയവും പൊലീസ് പരിശോധിക്കുന്നുണ്ട്.