• Mon. Jan 12th, 2026

24×7 Live News

Apdin News

സ്‌കൂള്‍ കലോത്സവം: ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

Byadmin

Jan 12, 2026



തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. ഭക്ഷണപ്പുരയിലെ ഒരുക്കങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 20,000 മുതല്‍ 25,000 പേര്‍ വരെ കലോത്സവ ദിവസങ്ങളില്‍ ഉച്ചഭക്ഷണത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പഴയിടം മോഹനന്‍ നമ്പൂതിരി തന്നെ ഭക്ഷണത്തിന് നേതൃത്വം നല്‍കും. നാളെ രാവിലെ ഒന്‍പത് മണിക്ക് കലവറ നിറക്കലും ഉച്ച തിരിഞ്ഞ് 2:30ന് ഭക്ഷണപ്പുരയുടെ പാലുകാച്ചലും നടക്കും. നാളെ വൈകീട്ട് മുതല്‍ തന്നെ എത്തിചേരുന്ന കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനാണ് നിശ്ചയിട്ടുള്ളതെന്നു മന്ത്രി കെ. രാജന്‍ പറഞ്ഞു.

ഭക്ഷണപ്പുരയുടെ പ്രവേശന കവാടത്തിലൂടെ പ്രവേശിച്ച് ഭക്ഷണ ശേഷം ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ പുറകിലൂടെ പുറത്ത് പോകാന്‍ കഴിയുന്ന സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഹരിത ചട്ടം പാലിച്ച് നടത്തുന്ന കലോത്സവമായതിനാല്‍ ഇലയിലാണ് ഭക്ഷണം വിളമ്പുകയെന്നും ഭക്ഷണശേഷം എടുത്ത് മാറ്റുന്ന ഇലകള്‍ കുഴി കുത്തി നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനായി മ്യൂസിയത്തിനടുത്ത് സ്ഥലം കണ്ടെത്തിയതായും മന്ത്രി പറഞ്ഞു.

സ്വര്‍ണ്ണക്കപ്പിന് വരവേല്പ്
കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്ന ജില്ലക്ക് ലഭിക്കുന്ന സ്വര്‍ണ്ണക്കപ്പ് ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കി ഇന്ന് തൃശൂരില്‍ തിരിച്ചെത്തും. രാവിലെ 9ന് ചാലക്കുടി ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എത്തും. തുടര്‍ന്ന് കൊടുങ്ങല്ലൂര്‍, മതിലകം, ചെന്ത്രാപ്പിന്നി, വലപ്പാട്, പാവറട്ടി, മമ്മിയൂര്‍, കുന്നംകുളം ഗവ. ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങള്‍ പിന്നിട്ട് ചേലക്കര എസ്എംടി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ എത്തുന്ന സ്വര്‍ണ്ണക്കപ്പ് വടക്കാഞ്ചേരി സബ് ട്രഷറിയില്‍ സൂക്ഷിക്കും.

ജനുവരി 13 നു രാവിലെ ഒന്‍പതിന് വടക്കാഞ്ചേരി ഗവ. ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എത്തുന്ന കപ്പ് ഒല്ലൂര്‍ സെന്റ് മേരിസ് കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌ക്കൂള്‍, പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവ പിന്നിട്ട് തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിന് അടുത്തുള്ള എക്‌സിബിഷന്‍ ഗ്രൗണ്ടിലെത്തും. അവിടെ നിന്ന് വൈകീട്ട് മൂന്ന് മണിയോടെ സിഎംഎസ് സ്‌കൂളില്‍ എത്തിച്ചേരുന്ന സ്വര്‍ണക്കപ്പിനെ വിദ്യാര്‍ത്ഥികളും, ജനപ്രതിനിധികളും പൊതു പ്രവര്‍ത്തകരും ചേര്‍ന്നു സ്വീകരിക്കും .

ഉദ്ഘാടനത്തിന് മുന്നോടിയായി പാണ്ടി മേളം
അറുപത്തിനാലാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി 64 വര്‍ണ്ണ കുടകളോടു കൂടി കുട്ടികളെ കലോത്സവത്തിലേക്ക് സ്വീകരിക്കും.

ജനുവരി 14 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി കലോത്സവം ഉദ്ഘാടനം ചെയ്യുന്നതിന് മുന്നോടിയായി പൂരത്തിന്റെ നാടായ തൃശൂരില്‍ കുട്ടികള്‍ക്ക് മേളം കേള്‍ക്കുന്നതിന് അവസരം ഒരുക്കിക്കൊണ്ട് 100 വാദ്യകലാകാരന്മാര്‍ അണിനിരക്കുന്ന ഒരു മണിക്കൂര്‍ നീളുന്ന പാണ്ടി മേളം രാവിലെ 9 ന് പ്രധാന വേദിയായ സൂര്യകാന്തിക്ക് സമീപം അരങ്ങേറും.

തൃശൂര്‍ പൂരത്തിന് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ മേള പ്രമാണം വഹിക്കുന്ന കിഴക്കൂട്ട് അനിയന്‍ മാരാര്‍, ചെറുശ്ശേരി കുട്ടന്‍ മാരാര്‍ എന്നിവര്‍ നേതൃത്വം നല്‍കും .
കുഴലില്‍ വെളപ്പായ നന്ദനും വീക്കം ചെണ്ടയില്‍ പെരുവനം ഗോപാലകൃഷ്ണനും ഇലത്താളത്തില്‍ ഏഷ്യഡ് ശശി മാരാരും കൊമ്പ് വാദ്യത്തില്‍ മച്ചാട് മണികണ്ഠനും ഉള്‍പ്പെടെ മേളത്തില്‍ പങ്കെടുക്കും.

കലോത്സവം കളറാക്കാന്‍ അലങ്കാരവും നൈറ്റ് ഷോപ്പിങ്ങും
ജനുവരി 13 മുതല്‍ നഗരത്തില്‍ ശ്രദ്ധേയമായ അലങ്കാരങ്ങളും നൈറ്റ് ഷോപ്പിങ്ങും. നൈറ്റ് ഷോപ്പിങ്ങിനോടനുബന്ധിച്ച് രാത്രി 10 വരെ ചെറുവഴികളിലേക്ക് ഉള്‍പ്പെടെ ബസ്സ് സര്‍വീസുകള്‍ നടത്തും.

 

By admin