• Thu. Oct 30th, 2025

24×7 Live News

Apdin News

സ്‌കൂള്‍ കായിക മേള നല്‍കുന്ന പാഠങ്ങള്‍

Byadmin

Oct 30, 2025



രു സ്‌കൂള്‍ കായിക മേളകൂടി കടന്നു പോയപ്പോള്‍ സ്വാഭാവികമായും കേരളത്തിന്റെ കായിക ഭാവിയേക്കുറിച്ചുള്ള ചിന്തകള്‍ കളി പ്രേമികളുടേയും നിരീക്ഷകരുടേയും മനസ്സിലൂടെ കടന്നു പോകാതിരിക്കില്ല. അത്തരം ചിന്തകളിലേയ്‌ക്കു നയിക്കുന്നതാണ് ഓരോ കായിക മേളയും. അതാണ് അതിന്റെ മൂല്യവും. തിരുവനന്തപുരത്തു സമാപിച്ച മേള, അത്തരം ചിന്തകള്‍ക്കുള്ള ഉത്തരം കരുതി വച്ചിട്ടുമുണ്ട്. നമ്മുടെ കായിക ഖനി സമ്പന്നം തന്നെയാണ്. അത് എന്നും അങ്ങനെയായിരുന്നുതാനും. എത്രവാരിയാലും തീരാത്ത അക്ഷയപാത്രമാണത്. പക്ഷേ, അതില്‍ നിന്നു മുത്തുവാരാനും സംസ്‌കരിക്കാനും മിനുക്കാനും നിലവിലുള്ള സംവിധാനങ്ങള്‍ വളരെ ദുര്‍ബലമായി തുടരുന്നു. വേദനാജനകമായ ഈ സത്യം തുടരെ ആവര്‍ത്തിക്കപ്പെടുന്നു എന്നതാണ് സമീപകാലാനുഭവങ്ങള്‍. അവിടെയാണ് ഈ കായിക മേളയുടേയും പ്രസക്തി.

റെക്കോര്‍ഡുകള്‍ക്ക് ഇക്കുറിയും പഞ്ഞമുണ്ടായില്ല എന്നത് കുട്ടികളിലെ കായിക മികവിന് കൃത്യമായ തെളിവാണ്. ആ മികവ് നൈസര്‍ഗികമായി കിട്ടുന്നതാണ്. ഭാവിയിലേയ്‌ക്കുള്ള കരുതല്‍ ധനമാണത്. ഭാവിയെ മുന്നില്‍ക്കണ്ട് ദീര്‍ഘവീക്ഷണത്തോടെ പരിപാലിക്കുമ്പോഴാണ് അവയ്‌ക്കു തിളക്കമുണ്ടാവുക. ആ തിളക്കമാണ് ദേശീയ രാജ്യാന്ത വേദികളില്‍ നേട്ടങ്ങളായി മാറുന്നത്. കേരളം അതു കൃത്യമായി ചെയ്തുപോന്നിരുന്ന ഒരു സുരഭിലകാലം നമുക്കുണ്ടായിരുന്നു. ദേശീയ രാജ്യാന്തര മെഡലുകളായി അവ ഇന്നും ഓര്‍മയില്‍ നിറഞ്ഞു നില്‍ക്കുന്നുമുണ്ട്. രാജ്യാന്തര രംഗത്തെ വമ്പന്‍ പേരുകളായി പലരും മാറുകയും ചെയ്തു. അവരും ഇതുപോലുള്ള മേളകളിലൂടെ കടന്നുവന്നവരായിരുന്നു. വന്നവഴി ഒന്നു തന്നെയെങ്കില്‍ മുന്നോട്ടുള്ള വഴി ഇന്ന് അവര്‍ക്കുമുന്നില്‍ തെളിയാത്തത് എന്തെന്ന ചോദ്യമാണ് ഇന്നിന്റെ യാഥാര്‍ഥ്യത്തിലേയ്‌ക്കു വിരല്‍ ചൂണ്ടുന്നത്. മേളയിലെത്തുന്ന കുട്ടികളെല്ലാവരും താരപരിവേഷം ആര്‍ജിക്കുമെന്ന് ആരും കരുതുന്നില്ല. പക്ഷേ, മികവുള്ളവരെ കണ്ടെത്താനും അവരെ കൃത്യമായ പാതയിലൂടെ നയിക്കാനും അന്നു സംവിധാനമുണ്ടായിരുന്നു. സ്‌പോര്‍ട്‌സ് സ്‌കൂളും സ്‌പോര്‍ട്‌സ് ഡിവിഷനുകളും സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളും അതിനു നല്‍കിയ സംഭാവന ചെറുതായിരുന്നില്ല. കേരളത്തിന്റെ മാതൃക മറ്റു സംസ്ഥാനങ്ങള്‍ ഏറ്റെടുത്ത കാലമുണ്ടായിരുന്നു.

മല്‍സര ബുദ്ധിയോടെ രംഗത്തിറങ്ങിയ പല സ്‌കൂളുകളും, കളിക്കളത്തോടുള്ള സ്‌നേഹംകൊണ്ടുമാത്രം രംഗത്തുവന്ന കുറെ ഏറെ പരിശീലകരും ആ കുതിപ്പിന് ആക്കം നല്‍കി. ചില അവസരങ്ങളില്‍ പോരാട്ടം സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റിന് അപ്പുറമുള്ള വാശിയിലേയ്‌ക്കു കടന്നു എന്നത് ഒഴിച്ചാല്‍ ആരോഗ്യകരമായ ഒരു വശം അതിലുണ്ടായിരുന്നു. അത്തരം സ്‌കൂളുകള്‍ പലതും ഇന്ന് രംഗത്തുതന്നെ ഇല്ലാതെ പോകുന്നത് എന്തേ എന്ന ചിന്ത പല യാഥാര്‍ഥ്യങ്ങളിലേയ്‌ക്കും വിരല്‍ ചൂണ്ടും. വിജയികളാകുന്ന സ്‌കൂളുകള്‍ക്കും മികച്ച പ്രകടനം നടത്തുന്ന കുട്ടികള്‍ക്കുമുള്ള കാഷ് പ്രൈസ് വര്‍ഷങ്ങളായി കുടിശികയാണ്. മിക്ക സ്‌കൂളുകളിലും കായികാധ്യാപകരില്ല. ഉള്ളിടത്തു തന്നെ കളിക്കളങ്ങളില്ല. ഉള്ളതു പലതും നിലവാരമുള്ളവയുമല്ല. മെഡല്‍ വിജയികള്‍ക്കുള്ള സര്‍ക്കാര്‍ ജോലി വെറും വാഗ്ദാനമായി മാറിയിട്ടും കാലങ്ങളായി. പൊരിവെയിലില്‍ സമരം ചെയ്ത കായിക താരങ്ങളുടെ കഥ വേദനയായി ഇന്നും കേരളത്തിന്റെ കായിക മനസ്സിലുണ്ട്. കായിക രംഗത്തേയ്‌ക്കു വരുന്ന കുട്ടികളില്‍ മിക്കവരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ഓരോ മേളയും അതു കാണിച്ചു തരുന്നുമുണ്ട്. നിലവിലെ സാഹചര്യത്തില്‍ സ്വാഭാവികമായും അവര്‍ കളിക്കളത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ നിര്‍ബന്ധിതരാകും. സ്‌കൂളുകള്‍ പലതും നിസ്സഹായരാകുന്നത് ഇവിടെയാണ്. മെഡല്‍ ജേതാക്കള്‍ക്കു വീടു നല്‍കും എന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹം തന്നെ. പക്ഷേ, നടപ്പാക്കാത്ത പ്രഖ്യാപനങ്ങള്‍ക്കിടയിലാകരുത് അതിന്റെയും സ്ഥാനം എന്നു മാത്രം. ശാരീരക വെല്ലുവിളി നേരിടുന്നവര്‍ക്കു കൂടി അവസരമൊരുക്കിയതും അംഗീകരിക്കപ്പെടേണ്ടതു തന്നെ.

കായിക മേഖല ഏറെ മാറിക്കഴിഞ്ഞു. അതിനൊപ്പം പിടിച്ചു നില്‍ക്കണമെങ്കില്‍ ഇന്നു സാമ്പത്തിക ഭാരം ഏറെയാണ്. വാഗ്ദാനങ്ങള്‍ക്ക് അപ്പുറത്തേയ്‌ക്കു സര്‍ക്കാര്‍ കണ്ണു തുറക്കേണ്ടത് ഇവിടെയാണ്. മുളങ്കമ്പില്‍ക്കുത്തി പോള്‍വോള്‍ട്ട് ചെയ്യുന്നവരും കടം വാങ്ങിയ പോളുമായി മല്‍സരത്തിനെത്തുന്നവരും സ്‌പൈക്ക് വാങ്ങന്‍പോലും പണമില്ലാത്തവരും ഇന്നും നമ്മുടെ സ്‌കൂളുകളിലുണ്ട് എന്നതു കായിക മേഖലയെ ഗൗരവത്തോടെ കാണുന്ന ഭരണ സംവിധാനത്തിനു ഭൂഷണമല്ല. പ്രായത്തട്ടിപ്പ്, അര്‍ഹരായവര്‍ക്ക് അവസരം നഷ്ടപ്പെടാന്‍ ഇടയാക്കുന്നതു തടയാനും കഴിയണം. മാറ്റങ്ങളോടൊപ്പം സഞ്ചരിച്ചുകൊണ്ട് ഭാവിയെ കരുപ്പിടിപ്പിക്കാന്‍ ഭാവനാപൂര്‍ണമായ ശ്രമം സര്‍ക്കാര്‍ സംവിധാനത്തില്‍ ഉണ്ടാവണം എന്ന ഓര്‍മിപ്പിക്കലാണ് സ്‌കൂള്‍ മേള നല്‍കുന്നത്. വിമര്‍ശനങ്ങളേയും ആവലാതികളേയും ശരിയായ അര്‍ഥത്തില്‍ എടുക്കാനുള്ള സന്‍മനസ്സുകാണിക്കാനും കായിക കേരളത്തിന്റ മനസ്സിനൊപ്പം നീങ്ങാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാകുമ്പോഴേ കായിക മേളകളുടെ യഥാര്‍ഥ ലക്ഷ്യം സാധ്യമാകൂ. അതിനു പലരുടേയും കണ്ണു തുറക്കണം. വെറും മേളകളല്ല നമുക്കു വേണ്ടത്. നിരീക്ഷിക്കാനും കണ്ടെത്താനും വിലയിരുത്താനുമുള്ള സെലക്ഷന്‍ മീറ്റുകളാകണം നമ്മുടെ കായിക മേളകള്‍. കണ്ടെത്തിയവരെ മിനുക്കിയെടുക്കാനും വളിതെളിക്കാനും കഴിയുന്ന സംവിധാനവും വേണം. എങ്കില്‍ കേരളത്തിന്റെ ഖനികളില്‍ നിന്ന് ഇനിയും ഏറെ മുത്തും പവിഴവും വാരാം.

 

By admin