ചേര്‍ത്തല: മൂന്ന് സ്ത്രീകളെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ കേസിലെ പ്രതി പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെയും ഇയാളുമായി അടുപ്പം പുലര്‍ത്തിയിരുന്ന ചേര്‍ത്തലക്കാരി റോസമ്മയുടെയും വീട്ടുവളപ്പില്‍ ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തി. ഭൂമിക്കടിയില്‍ പത്തു മീറ്റര്‍ വരെ ആഴത്തിലുള്ള അസ്വാഭാവിക സാമഗ്രികള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ വരെ ഉപയോഗിച്ചായിരുന്നു തിരച്ചില്‍.
സെബാസ്റ്റ്യന്റെ വീട്ടിലെ അടുപ്പില്‍ നിന്നും കാണാതായ ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്‌നമ്മയുടേതെന്നു സംശയിക്കുന്ന വാച്ചിന്റെ ഭാഗങ്ങള്‍ കത്തിച്ച നിലയില്‍ കണ്ടെത്തി. റബര്‍ ചെരിപ്പും ലഭിച്ചു. കൂടുതല്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്താനായില്ല. ബിന്ദു പദ്മനാഭന്‍ തിരോധാനം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് ചേര്‍ത്തല പോലീസിന്റെ സഹകരണത്തോടെ തെരച്ചില്‍ നടത്തിയത്.
റഡാര്‍ തിരച്ചിലില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ ചെങ്ങത്തറ തറവാടിന്റെ തെക്കു ഭാഗത്ത് ഒന്‍പതിടത്തും വടക്കു കിഴക്കു ഭാഗത്ത് മൂന്നിടത്തും കുഴിയെടുത്ത് പരിശോധിച്ചു. രാവിലെ 11.30ന് വീടിനുള്ളില്‍ നിന്ന് തുടങ്ങിയ പരിശോധനയില്‍ തിരുവനന്തപുരം ദേശീയ ഭൗമ ശാസ്ത്ര ഗവേഷണ കേന്ദ്ര ഉദ്യോഗസ്ഥരും പങ്കാളികളായി.
കണ്ടെത്തിയ വസ്തുക്കള്‍ വിശദമായ പരിശോധനയ്‌ക്ക് കൈമാറി. കോട്ടയത്ത് നിന്നെത്തിയ ക്രൈംബ്രാഞ്ച് സംഘം ആദ്യം നടത്തിയ തിരച്ചിലില്‍ കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങള്‍ അടക്കം കണ്ടെത്തിയിരുന്നു. രണ്ടു തവണ അസ്ഥികള്‍ കണ്ടെത്തി. നാട്ടുകാരില്‍ നിന്നു വിവരങ്ങളും ശേഖരിച്ചു.
അതേസമയം സെബാസ്റ്റ്യന്റെ വനിതാ സുഹൃത്തിന്റെ വീട്ടിലും ഇന്നലെ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. വൈകിട്ട് 4.45നാണ് ചേര്‍ത്തല നഗരസഭ ഏഴാം വാര്‍ഡില്‍ ശാസ്താം കവലക്ക് സമീപം ഉടുമ്പനാട് റോസമ്മയുടെ വീട്ടുവളപ്പിലും അന്വേഷണ സംഘം ഇതേ സംവിധാനം ശാസ്ത്രീയ ഉപകരണങ്ങളുമായി തെരച്ചില്‍ നടത്തിയത്.
റോസമ്മയുടെ വീടിന് മുന്നില്‍ അടഞ്ഞു കിടക്കുന്ന കോഴി ഫാമിലായിരുന്നു പരിശോധന. ഇവിടെ നിന്ന് ഒന്നും കണ്ടെത്താനായില്ല. ഫാമിനുള്ളില്‍ രണ്ടു മീറ്ററോളം താഴെ റഡാറിന് സിഗ്നല്‍ ലഭിച്ച ഭാഗം കെട്ടിടത്തിനായി നിര്‍മിച്ച ഭിത്തി കണ്ടെത്തി. ഇവിടം പൊളിച്ച് വിശദമായി പരിശോധിക്കുമെന്നാണ് വിവരം. ഷെഡ്ഡ് പൂട്ടി പോലീസ് നിയന്ത്രണത്തിലാക്കി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ ഹയറുമ്മയുടെ (ഐഷ) അയല്‍വാസിയും കൂട്ടുകാരിയുമായിരുന്നു റോസമ്മ. 2013ല്‍ ഹയറുമ്മയെ കാണാതാകുന്ന ഘട്ടത്തില്‍ ഇവര്‍ സെബാസ്റ്റ്യനുമായി അടുപ്പത്തിലായിരുന്നതായാണ് വിവരം.
ഹയറുമ്മയെ സെബാസ്റ്റ്യനുമായി അടുപ്പിച്ചതിലും റോസമ്മക്ക് പങ്കുണ്ടെന്ന സൂചനയും ലഭിച്ചിരുന്നു. കാണാതാകുന്നതിനു മുമ്പുള്ള ഹയറുമ്മയുടെ പണമിടപാടുകളിലും ഇവര്‍ക്കു ബന്ധമുണ്ടായിരുന്നതായി ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് റോസമ്മയും സംശയ നിഴലിലായത്. റോസമ്മയെ വിശദമായി ചോദ്യം ചെയ്യുമെന്നാണ് വിവരം.