• Sat. Jun 13th, 2026

24×7 Live News

Apdin News

സ്ത്രീകൾക്ക് സൗജന്യ യാത്ര: 7 വിഭാഗം ഓർഡിനറി ബസുകളുടെ ലിസ്‌റ്റ് പുറത്തിറക്കി കെഎസ്ആർടിസി

Byadmin

Jun 13, 2026


തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ഓർഡിനറി ബസുകളുടെ പട്ടിക പുറത്ത് വിട്ട് കെഎസ്ആർടിസി. ​ഓർഡിനറി വിഭാഗത്തിലെ ഏഴ് സബ് ക്ലാസുകളിലാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കുക. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ഓർഡിനറി, പോയിന്റ് ടു പോയിന്റ് ഓർഡിനറി, ഗ്രാമവണ്ടി എന്നീ ഏഴ് വിഭാഗങ്ങളിലെ വാഹനങ്ങളിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര അനുവദിക്കുമെന്നാണ് കെഎസ്ആർടിസിയുടെ അറിയിപ്പ്‌.

പ്രിയദർശിനി’ പദ്ധതിയുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി മെമ്മോറാണ്ടവും പുറത്തിറക്കി. സൗജന്യ യാത്രയ്‌ക്ക് യാതൊരുവിധ ദൂരപരിധി ഉണ്ടായിരിക്കില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ക്ലാസ് ബസ്സുകളിൽ സൗജന്യമില്ല. ഉത്സവകാല സ്പെഷ്യൽ, വീക്ക് എൻഡ് അഡീഷണൽ സർവീസുകളിൽ ആനുകൂല്യം ബാധകമല്ല. ബിറ്റിസി സർവീസുകൾ, ചാർട്ടേർഡ് ട്രിപ്പുകൾ എന്നിവയിലും സൗജന്യം ഉണ്ടാവില്ല.

കഴിഞ്ഞ ദിവസമാണ് പ്രകടന പത്രികയിൽ ഉറപ്പുനൽകിയിരുന്ന സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിച്ചുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. പദ്ധതിയുടെ സാമ്പത്തികച്ചെലവ് പൂർണമായും സർക്കാർ വഹിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്. ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രവർത്തനം വിലയിരുത്തിയ ശേഷം കൂടുതൽ ബസുകളിലേക്ക് പദ്ധതി വ്യാപിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നുമാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്.

2927 ഓർഡിനറി ഷെഡ്യൂളുകളാണ് സംസ്ഥാനത്തുള്ളത്. ഇവയെല്ലാം ഓടിക്കാറില്ല. യാത്രക്കാരുടെ തിരക്കനുസരിച്ച് മാറ്റമുണ്ടാകും. തെക്കൻ ജില്ലകളിൽ 1268 ഓർഡിനറി ഷെഡ്യൂളുകളാണുള്ളത്. മധ്യകേരളത്തിൽ 831-ഉം വടക്കൻ ജില്ലകളിൽ 828-ഉം ഷെഡ്യൂളുകളുണ്ട്. ജൂൺ 15 ന് തിങ്കളാഴ്ച രാവിലെ എട്ടരയ്‌ക്ക് തമ്പാനൂരിൽ മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്യും.



By admin