• Sat. Oct 25th, 2025

24×7 Live News

Apdin News

സ്ത്രീ പങ്കാളിത്തം രാഷ്‌ട്രത്തിന്റെ ശക്തി: രാഷ്‌ട്രപതി

Byadmin

Oct 25, 2025



കൊച്ചി: രാജ്യത്തിന്റെ ജനസംഖ്യാപരമായ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് സ്ത്രീകളുടെ സജീവ പങ്കാളിത്തം ആവശ്യമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു വ്യക്തമാക്കി. 2047 ഓടെ ഭാരതത്തെ വികസിത രാജ്യപദവിയിലേക്ക് നയിക്കാന്‍ യുവ വിദ്യാര്‍ത്ഥിനികളുടെ തലമുറയ്‌ക്ക് കഴിയുമെന്നും എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുത്തുകൊണ്ട് അവര്‍ പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള വനിതകള്‍ രാജ്യത്തിന് നേതൃത്വം നല്കിയിട്ടുണ്ട്. ഭരണഘടനാ അസംബ്ലിയിലെ 15 അസാധാരണ വനിതാ അംഗങ്ങള്‍ ഭരണഘടനാ രൂപീകരണത്തിന് സമ്പന്നമായ കാഴ്ചപ്പാടുകള്‍ നല്കി. ആ 15 മികച്ച വനിതകളില്‍ മൂന്ന് പേര്‍ കേരളത്തില്‍ നിന്നുള്ളവരായിരുന്നു. അമ്മു സ്വാമിനാഥന്‍, ആനി മസ്‌ക്രീന്‍, ദാക്ഷായണി വേലായുധന്‍ എന്നിവര്‍ മൗലികാവകാശങ്ങള്‍, സാമൂഹിക നീതി, ലിംഗസമത്വം തുടങ്ങിയ വിഷയങ്ങളിലെ ചര്‍ച്ചകളേയും നിരവധി പ്രധാന മേഖലകളേയും സ്വാധീനിച്ചിട്ടുണ്ട്. ലിംഗസമത്വത്തിന്റെ വക്താവായി അമ്മു സ്വാമിനാഥന്‍ അറിയപ്പെടുന്നു. ഭാരത ജനത തന്നെ അവരുടെ ഭരണഘടന രൂപപ്പെടുത്തിയപ്പോള്‍, സ്ത്രീകള്‍ക്ക് രാജ്യത്തെ മറ്റെല്ലാ പൗരന്മാര്‍ക്കുമൊപ്പം തുല്യ അവകാശങ്ങള്‍ നല്കിയിട്ടുണ്ടെന്ന് ഇപ്പോള്‍ നമുക്ക് പറയാന്‍ കഴിയും. അതു തന്നെ വലിയ നേട്ടമാണ്. ഇത് നമ്മുടെ സ്ത്രീകള്‍ക്ക് അവരുടെ ഉത്തരവാദിത്തങ്ങള്‍ തിരിച്ചറിയാന്‍ മാത്രമല്ല, ഭാരതത്തെ മഹത്തായ രാജ്യമാക്കി മാറ്റാന്‍ മുന്നോട്ട് വരാനും ഉത്തരവാദിത്തങ്ങള്‍ പൂര്‍ണമായി ഏറ്റെടുക്കാനും സഹായിക്കും.

അമ്മു സ്വാമിനാഥന്‍ മുന്‍കൂട്ടി കണ്ടപോലെ, നമ്മുടെ രാഷ്‌ട്രനിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തെ സ്ത്രീകള്‍ പ്രധാന ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്നുണ്ടെന്നത് സന്തോഷകരമാണ്. കേരളത്തിലെ സ്ത്രീകള്‍ മികവിന്റെ മികച്ച മാതൃകകള്‍ സൃഷ്ടിച്ചിട്ടുണ്ട്. രാജ്യത്ത് ആദ്യമായി ഹൈക്കോടതി ജഡ്ജിയായ വനിത ജസ്റ്റിസ് അന്നാ ചാണ്ടി ആയിരുന്നു. 1956 ല്‍ അവര്‍ കേരള ഹൈക്കോടതിയില്‍ ജഡ്ജിയായി. 1989 ല്‍ സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയായി ജസ്റ്റിസ് എം. ഫാത്തിമ ബീവി ചരിത്രംകുറിച്ചു ആത്മീയ മൂല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയോടെ സെന്റ് തെരേസാസ് കോളേജ് സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതായി രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. സാമൂഹിക പരിവര്‍ത്തനത്തിനും രാഷ്‌ട്രനിര്‍മാണത്തിനും ഇത് വലിയ സംഭാവനയാണ്. ഈ കോളജിലെ മിടുക്കികളായ വിദ്യാര്‍ത്ഥിനികള്‍ യുവ ഭാരതത്തേയും അഭിവൃദ്ധി പ്രാപിക്കുന്ന ഭാരതത്തേയും ഊര്‍ജ്ജസ്വലമായ ഭാരതത്തേയും പ്രതിനിധീകരിക്കുന്നു. വ്യക്തതയോടും ധൈര്യത്തോടുംകൂടി ജീവിതം തിരഞ്ഞെടുക്കാന്‍ ദ്രൗപദി മുര്‍മു വിദ്യാര്‍ത്ഥിനികളെ ഉദ്‌ബോധിപ്പിച്ചു. നിങ്ങളുടെ അഭിനിവേശവും കഴിവുകളും പ്രകടിപ്പിക്കാന്‍ നിങ്ങളെ അനുവദിക്കുന്ന പാത നിങ്ങള്‍ തിരഞ്ഞെടുക്കണം. വനിതാ നേതാക്കള്‍ നയിക്കുന്ന സമൂഹം കൂടുതല്‍ കാര്യക്ഷമമായിരിക്കുന്നതിനൊപ്പം കൂടുതല്‍ മാനുഷികമായിരിക്കാനും സാധ്യതയുണ്ടെന്ന് രാഷ്‌ട്രപതി അഭിപ്രായപ്പെട്ടു.

By admin