
ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാകാതെ ബുദ്ധിമുട്ടുകയാണ് കോണ്‍ഗ്രസ്. 24 മണിക്കൂറിനുളളില്‍ സ്ഥനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇക്കാര്യം ഓര്‍മ്മിപ്പിച്ച മാധ്യമങ്ങളോട് തിങ്കളാഴ്ച രോഷം പ്രകടിപ്പിക്കുകയാണ് ചെയ്തത്.
നേതാക്കള്‍ അവരവരുടെ വിശ്വസ്തര്‍ക്ക് മണ്ഡലങ്ങള്‍ക്ക് വേണ്ടി സമ്മര്‍ദ്ദം ചെലുത്തുകയാണ്.മറിയ ഉമ്മന്റെ പേരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും അങ്ങനെ വന്നാല്‍ താന്‍ രാജി വയ്‌ക്കുമെന്ന ഭീഷണി മുഴക്കുകയാണ് ചാണ്ടി ഉമ്മന്‍.
കെ സുധാകരനും അടൂര്‍ പ്രകാശും എംകെ രാഘവനും ഷാഫി പറമ്പിലും മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് സമ്മര്‍ദ്ദം ചെലുത്തുകയാണെങ്കിലും എം പി മാര്‍ മത്സരിക്കേണ്ട എന്ന നിലപാടാണ് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയിലുണ്ടായത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫാണ് കമ്മിറ്റിയില്‍ കടുത്ത നിലപാടുമായി നിന്നത്.
കെ സുധാകരന്‍ ഉള്‍പ്പെടെ ഒരാള്‍ക്കും സീറ്റ് നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. തീരുമാനത്തില്‍ അഭിപ്രായ വ്യത്യാസമുള്ളവര്‍ രാഹുല്‍ ഗാന്ധിയുമായി നേരിട്ട് സംസാരിക്കണമെന്നും കമ്മിറ്റി നിര്‍ദ്ദേശിച്ചു.
മത്സരിക്കാന്‍ ആഗ്രഹമുള്ള എംപിമാര്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരും മുന്‍പ് രാഹുല്‍ ഗാന്ധിയുമായി സംസാരിക്കണം. ചൊവ്വാഴ്ച രാവിലെ 11 മുതല്‍ 12 മണി വരെയുള്ള സമയത്തിനിടെ എംപിമാരെ കാണാന്‍ രാഹുല്‍ ഗാന്ധി ഒരുക്കമാണെന്നും അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം രാഹുല്‍ ഗാന്ധി എടുക്കും. കെ സുധാകരന്‍ ചൊവ്വാഴ്ച ദല്‍ഹിയിലെത്തുമെന്നാണറിയുന്നത്.
മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളെ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നാണ് സൂചനയുണ്ട്.