കൊല്‍ക്കത്ത: സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെ ബംഗാള്‍ കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറി. വാഗ്ദാനം ചെയ്ത സീറ്റ് പണം വാങ്ങി മറിച്ചു നല്‍കിയെന്നാരോച്ച് സംസ്ഥാനത്തെ കോണ്‍ഗ്രസ് ഓഫീസിലുണ്ടായ സംഘര്‍ഷത്തില്‍ വനിതാ പ്രവര്‍ത്തകയ്‌ക്ക് പരിക്കേറ്റു. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ആദ്യഘട്ട സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഞായറാഴ്ച പുറത്തുവിട്ടിരുന്നു. ഇതില്‍ മുന്‍ പാര്‍ട്ടി പ്രസിഡന്റ് സോമന്‍ മിത്രയുടെ മകന്‍ രോഹന്‍ മിത്രയ്‌ക്ക് ബാലിഗഞ്ച് സീറ്റ് നല്‍കിയതുമായി ബന്ധപ്പെട്ടുള്ള വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിലേക്കെത്തിയത്.
രോഹന്‍ മിത്ര പാര്‍ട്ടി ഓഫീസായ വിധാന്‍ ഭവനില്‍ എത്തിയതറിഞ്ഞ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ അതൃപ്തിയുള്ളവര്‍ സംഘടിച്ചെത്തി വാക്കുതര്‍ക്കം ഉണ്ടാവുകയും പിന്നീടത് കൈയാങ്കളിയിലേക്കെത്തുകയുമായിരുന്നു. ബാലിഗഞ്ച് സീറ്റ് സായിദ് ഹുസൈന്‍ എന്നയാള്‍ക്ക് നേരത്തെ വാഗ്ദാനം ചെയ്തിരുന്നതാണ്, ഹുസൈനായി തെരഞ്ഞെടുപ്പ് പ്രചരണവും ആരംഭിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഈ സീറ്റ് പണം വാങ്ങി രോഹന് മറിച്ചുവിറ്റെന്നാണ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഇവര്‍ കോണ്‍ഗ്രസ് വിധാന്‍ ഭവന്‍ അടിച്ചുതകര്‍ത്തു. സംഘര്‍ഷത്തില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ തലയ്‌ക്ക് അടിയേറ്റു. അബോധാവസ്ഥയിലായ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
ഇത് കൂടാതെ മുര്‍ഷിദാബാദിലെ ഡോംകലില്‍ ഷഹനാസ് ബീഗത്തിന് സീറ്റ് നല്‍കിയതിലും പ്രതിഷേധം ഉയര്‍ന്നു. ഇത്കൂടാതെ മാള്‍ഡ, മേദിനിപൂര്‍, ബര്‍ദ്വാന്‍, നന്ദിഗ്രാം, ഖരഗ്പൂര്‍ എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലും കോണ്‍ഗ്രസ് അനുയായികള്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. വാഗ്ദാനം ചെയ്തിരുന്ന സീറ്റ് പണം വാങ്ങി കോണ്‍ഗ്രസ് നേതൃത്വം മറിച്ചുവിറ്റു. സംഘര്‍ഷങ്ങളെ തുടര്‍ന്ന് പല ജില്ലകളിലേയും കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസുകള്‍ അടച്ചിട്ടിരിക്കുകയാണ്.