പി.കെ കുഞ്ഞാലിക്കുട്ടി
കാലമെത്ര കഴിഞ്ഞാലും ഹൃദയാന്തരങ്ങളില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നിറഞ്ഞുനില്‍ക്കുമെന്ന് തീര്‍ച്ചയാണ്. എന്റെ ജീവതത്തില്‍ അത്രമേല്‍ സ്വാധീനിച്ച മനുഷ്യനായിരുന്നു തങ്ങള്‍, തങ്ങളോടൊപ്പം ഒരു സന്തത സഹചാരിയെ പോലെ നടക്കാന്‍ സാധിച്ചു എന്നത് ഇന്നും ഭാഗ്യമായി കാണുകയാണ്. വിദേശ പഠനം കഴിഞ്ഞു നാട്ടില്‍ വന്നകാലം തൊട്ടെ എല്ലാ ദിവസവും അദ്ദേഹത്തോടൊപ്പം ഞാനുമുണ്ടായിട്ടുണ്ട്. ചുരുക്കം ദിവസങ്ങളില്‍ മാത്രമെ കാണാതിരുന്നിട്ടുള്ളു. കൂടെയുള്ള സമയങ്ങളിലെല്ലാം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയും നിലപാടുകളെയും വീക്ഷിച്ചു. തങ്ങള്‍ അത്ഭുത പ്രതിഭാസമായിരുന്നു.
അറിവും പത്രാസും കൂടിയാല്‍ ഗമ കൂടുന്ന കാലമായിരുന്നു ഞങ്ങളുടെ ചെറുപ്പം. സാധാരക്കാരോടൊപ്പം ചേര്‍ന്നിരിക്കാന്‍ ഇത്തരക്കാരില്‍ പലര്‍ക്കും മടിയായിരുന്നു. എന്നാല്‍ വിവിധ സര്‍വകലാശാലകളില്‍നിന്നും ഒന്നിലധികം ഡിഗ്രികള്‍, അറബിയിലും ഇംഗ്ലീഷിലും അപാരമായ പാണ്ഡിത്യം. കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതരുടെ ശിഷ്യത്വം സ്വീകരിച്ചയാള്‍. അങ്ങിനെ എന്ത്‌കൊണ്ടും വലിയ വ്യക്തിത്വമായി നിറഞ്ഞു. നിന്ന നേതാവായിരുന്നു തങ്ങള്‍. എന്നാല്‍ സൗമ്യത കൊണ്ടാണ് അദ്ദേഹം തന്റെ അരികിലെത്തിയവരെ സ്വീകരിച്ചത്. രാഷ്ട്രീയ കേരളം കണ്ണും കാതും കൂര്‍പ്പിച്ചുനിന്ന പല ചൂടുപിടിച്ച ചര്‍ച്ചകളെ ആ സൗമ്യതയില്‍ തണുപ്പിച്ചെടുത്തു തങ്ങള്‍. ആ സ്‌നേഹത്തില്‍ പെയ്‌തൊഴിയാ ആ വിവാദങ്ങളുണ്ടായിരുന്നില്ല.
തങ്ങള്‍ ഒരു വിഷയത്തില്‍ നിലപാടെടുത്താല്‍ എന്തു പ്രതിസന്ധി വന്നാലും അതില്‍ ഉറച്ചു നില്‍ക്കും. കാര്യങ്ങളെ കൃത്യമായി പഠിച്ച് മെറിറ്റിനെ പരിഗണിക്കും. ബാബരി മസ്ജിദ് വിഷയത്തില്‍ തങ്ങള്‍ എടുത്ത നിലപാടുകള്‍ മുമ്പിലുണ്ട്. അണികളെ തീവ്ര ചിന്താഗതിയിലേക്ക് പോകാതിരിക്കാന്‍ ഇമചിമ്മാതെ കാവലിരുന്നു. സമുദായത്തെ മതേതര കാഴ്ചപാടില്‍ ഉറപ്പിച്ചുനിര്‍ത്തി. തങ്ങളുടെ നിലപാട് ശരിയല്ലെന്നും സൗഹാര്‍ദത്തിന്റെ താരാട്ട് നിര്‍ത്തണമെന്നും പലരും കളിയാക്കി പറഞ്ഞു. പ്രതിഷേധിച്ച് പലരും മുസ്ലിംലീഗില്‍നിന്നും രാജിവെച്ചു. ഈ നിലപാടിന്റെ പേരിലാണ് അവര്‍ പാര്‍ട്ടിവിടുന്നതെങ്കില്‍ പോവട്ടെ എന്ന് തങ്ങളും പറഞ്ഞു. പല രാഷ്ട്രീയക്കാരും വര്‍ഗീയവാദികളെ പിന്തുണച്ചു മുന്നോട്ടു വന്നു. എന്നാല്‍ തങ്ങള്‍ ആ നിലപാടില്‍ നിന്നും അണുമണി മാറിയില്ല. തങ്ങളെടുത്ത നിലപാടായിരുന്നു ശരിയെന്ന് പിന്നീട് കാലം തെളിയിച്ചു.
തങ്ങളോടൊപ്പമുള്ള യാത്രകള്‍ ഇന്നും ഓര്‍മയില്‍ നിറയുന്നുണ്ട്. എല്ലാറ്റിനോടും സ്‌നേഹമായിരുന്നു തങ്ങള്‍ക്ക്. ഒരു പച്ചപ്പ് കണ്ടാല്‍, ഭംഗിയുള്ള പൂക്കളെ കണ്ടാല്‍, വഴിയരികിലൂടെ ഓടി നടക്കുന്ന സഹജീവികളെ കണ്ടാല്‍ തങ്ങളതില്‍ അലിഞ്ഞുചേരും. അതിനെ കാവ്യത്മകമായി വര്‍ണിക്കും. പ്രകൃതിയെ ആസ്വദിച്ചും പൂക്കളെ ലാളിച്ചും സഹജീവികളോട് കരുണയോടെ പെരുമാറിയുമുള്ള തങ്ങളുടെ നിര്‍മലമായ ഹൃദയശുദ്ധി അറിയാതെ നോക്കിനിന്നിട്ടുണ്ട്. പരന്ന വായന തങ്ങളുടെ പ്രത്യേകതയായിരുന്നു. യാത്രകളില്‍ നിറയെ പുസ്തകങ്ങള്‍ തങ്ങളുടെ വാഹനത്തിലുണ്ടാവും. ലോക പ്രശസ്തരായ എഴുത്തുകാരുടെ സാഹിത്യകൃതികള്‍, കഥകള്‍, കവിതകള്‍ എല്ലാം തങ്ങള്‍ വായിക്കും. അതിന്റെ അഭിപ്രായങ്ങള്‍ സഹയാത്രികരുമായി പങ്കുവെക്കും. എല്ലാറ്റിന്റെയും അവസാനം സ്‌നേഹവും സൗഹാര്‍ദവും നിറഞ്ഞതായിരിക്കും. കൂടെ സഞ്ചരിക്കുമ്പോള്‍ ഇത്രയധികം തമാശ പറയുന്ന നേതാവിനെ ഇന്നേ വരെകണ്ടിട്ടില്ല. ഒരോ യാത്രയിലും ചിരിക്കാനും ചിന്തിക്കാനും നിരവധി കാര്യങ്ങളുണ്ടാവും, മതസൗഹാര്‍ദമായിരുന്നു തങ്ങളുടെ മുഖമുദ്ര. ബാബരി വിഷയത്തിനുശേഷം അങ്ങാടിപുറത്തെ ക്ഷേത്ര വാതില്‍ ചില സാമൂഹ്യ ദ്രോഹികള്‍ തീയിട്ടു നശിപ്പിച്ചപ്പോള്‍ ആശ്വാസവാക്കുകളുമായി ക്ഷേത്ര മുറ്റത്തേക്കോടിയത് ആ സൗഹ്യദത്തിനു പോറലേല്‍ക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു. പാണക്കാട്ടെ തിരുമുറ്റത്ത് സാന്ത്വനം തേടി അന്യമതക്കാരുള്‍പ്പെടെ ഓടിയെത്തുന്ന ആ സ്‌നേഹമരത്തിന്റെ തണല്‍ തേടിയായിരുന്നു. തങ്ങളുടെ വീട്ടിലെയും മറ്റും പ്രധാനകൈകാര്യക്കാരില്‍ പലരും അമുസ്ലിം സുഹ്യത്തുക്കളായിരുന്നു. ഇന്നും പാണക്കാട്ടെത്തിയാല്‍ ആ വീടിനോട് ചുറ്റിപ്പറ്റി സഹോദരസമുദായക്കാരെ കാണാം. വിവിധ പ്രയാസങ്ങളും പ്രശ്നങ്ങളുമായി പാണക്കാട് വരുന്നവര്‍ക്ക് ജാതിയും മതവും നോക്കാതെ തങ്ങള്‍ ആശ്വാസമായി ഒരോ മധ്യസ്ഥ ചര്‍ച്ചകളിലും സമുദായം നോക്കിയല്ല അദ്ദേഹം തീരുമാനമെടുത്തത്. മെറിറ്റുമാത്രമായിരുന്നു മാനദണ്ഡം.
തന്റെ സമുദായത്തെ വിദ്യസമ്പന്നരാക്കുന്നതില്‍, അവര്‍ക്ക് ജീവിത മാര്‍ഗം കണ്ടെത്താനുള്ള തൊഴിലിടമൊരുക്കുന്നതില്‍, നാട്ടിലെ വികസന കാര്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ പാണക്കാട് കുടുംബം പ്രത്യേകിച്ച് മുഹമ്മദലി ശിഹാബ് തങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. മന്ത്രിയും എം.എല്‍.എയായുമെല്ലാം പ്രവര്‍ത്തിച്ച കാലത്ത് തങ്ങളിടപെട്ടിരുന്ന ഓരോ കേസുകളും അത്തരത്തിലുള്ളതായിരുന്നു. പല ഓണംകേറാമലകളും വികസിത പ്രദേശങ്ങളാക്കിമാറ്റിയതില്‍ തങ്ങളുടെ ഇടപെടല്‍ ചെറുതല്ല. സ്ത്രീ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പൂക്കോയ തങ്ങളുടെ അതേ നിലപാടായിരുന്നു തങ്ങള്‍ക്കും. കേരളത്തില്‍ ഇന്ന് ഉയര്‍ന്നു നില്‍ക്കുന്ന പല വിദ്യാഭ്യാസ സ്ഥാപനങ്ങളും പിറവിയെടുക്കുന്നതില്‍ ഈ കുടുംബവും ശിഹാബ് തങ്ങളും വഹിച്ച പങ്ക് ചെറുതല്ല. കാരുണ്യമായിരുന്നു തങ്ങള്‍. സി.എച്ച് സെന്റര്‍ ഉള്‍പ്പെടെ തങ്ങളുടെ നിര്‍ദേശ പ്രകാരം തുടങ്ങിയ നിരവധി കാരുണ്യ സ്ഥാപനങ്ങള്‍ ഇന്നും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓര്‍മയായി ഒന്നര പതിറ്റാണ്ടു കഴിഞ്ഞിട്ടും ശിഹാബ് തങ്ങള്‍ ഇന്നും ജനഹൃദയങ്ങളില്‍ മരണമില്ലാതെ ജീവിക്കുകയാണ്. തങ്ങളുടെ പേരില്‍ ജീവകാരുണ്യ, സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ അനുസ്യൂതം തുടരുന്നു. ബൈത്തുറഹ്‌മകള്‍ പിറവിയെടുക്കുന്നു.
തങ്ങള്‍ എന്നും മുറുകെപ്പിടിച്ച ഐഡിയോളജി മതേതരത്വവും മതസൗഹാര്‍ദവും മതവിശ്വാസവും തന്നെയാണ്. എല്ലാം സമന്വയിച്ചുപോകുന്ന ബഹുസ്വര സമൂഹത്തിലാണ് യഥാര്‍ത്ഥ മതവിശ്വാസിയുടെ സ്ഥാനമെന്ന് തങ്ങള്‍ അടിവരയിട്ടു. ഏകാധിപത്യവും വര്‍ഗീയതയും വലിയ അപകടമാണെന്ന് തങ്ങള്‍ ഓര്‍മിപ്പിച്ചു. അതുതന്നെയാണ് പാണക്കാട്ടെ സ്‌നേഹത്തണലിലിരുന്ന് ഹൈദരലി ശിഹാബ് തങ്ങളും ഇപ്പോള്‍ സാദിഖലി ശിഹാബ് തങ്ങളും പറഞ്ഞുകൊണ്ടിരിക്കുന്നത്. കാലം എത്ര കഴിഞ്ഞാലും, കാലയവനികക്കുള്ളില്‍ ശിഹാബ് തങ്ങളുടെ ഓര്‍മകള്‍ക്ക് മരണമില്ല.