ഒവിഡോ: സ്പാനിഷ് ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന് വിജയത്തുടര്‍ച്ച. രണ്ടാം മത്സരത്തില്‍ ഒവീഡോയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ഇരട്ടഗോള്‍ നേടി. ലാലിഗ സീസണിലെ ആദ്യ മത്സരത്തില്‍ ഒസാസുനയ്‌ക്കെതിരെ വിജയഗോള്‍ നേടിയതും എംബാപ്പെ ആയിരുന്നു.
ഒവീഡോയ്‌ക്കെതിരെ ജയിച്ചെങ്കിലും അത്രയ്‌ക്ക് ഉജ്ജ്വല പ്രകടനം കാഴ്‌ച്ചവച്ചല്ല റയല്‍ പിരിഞ്ഞത്. സാബി അലോന്‍സോയുടെ റയല്‍ പട ഒവീഡോ തീര്‍ത്ത പ്രതിരോധ കോട്ടയ്‌ക്ക് മേല്‍ ഒന്നും ചെയ്യാനാകാതെ വലഞ്ഞു. ലോങ് റേഞ്ചര്‍ ഷോട്ടുമായി പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും തൊടുത്തുവിട്ട ഓരോ കിക്കുകളും വലിയ വ്യത്യാസത്തില്‍ ഗോള്‍ പോസ്റ്റിനെ നോക്കി പറന്നു.
ഒടുവില്‍ 37-ാം മിനിറ്റില്‍ മിന്നല്‍ വേഗത്തിലൂടെ എംബാപ്പെ ഗോളടിച്ചു. ഈ ഒരു ഗോള്‍ ആധിപത്യത്തില്‍ ആദ്യ പകുതി തീര്‍ന്നു. വിരസമായ കളി രണ്ടാം പകുതിയിലും തുടര്‍ന്നു. 83-ാം മിനിറ്റില്‍ എംബാപ്പെയിലൂടെ റയല്‍ ലീഡ് 2-0 ആയി ഉയര്‍ത്തി. സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ ആണ് അസിസ്റ്റ് നല്‍കിയത്.
സ്റ്റോപ്പേജ് സമയത്ത് മത്സരം പുരോഗമിക്കവെ 90+3-ാം മിനിറ്റില്‍ മികച്ച മുന്നേറ്റത്തിനൊടുവില്‍ വിനിഷ്യസ് ജൂനിയര്‍ ഗോള്‍ നേടി. റയല്‍ 3-0ന്റെ വിജയം ആഘോഷിച്ചു.