സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്നതാണ് സൗദി അറേബ്യയുടെ നിലപാടെന്ന് വിദേശകാര്യ മന്ത്രാലയം. ഫലസ്തീനികളെ മാറ്റിപ്പാര്‍പ്പിക്കുമെന്നുള്ള ട്രംപിന്റെ പ്രസ്താവനകള്‍ക്ക് പിന്നാലെയാണ് സൗദി അറേബ്യ നിലപാട് ആവര്‍ത്തിച്ചത്.
2024 സെപ്റ്റംബര്‍ 18ന് ശൂറാ കൗണ്‍സിലിന്റെ ഒമ്പതാം സെഷന്‍ പ്രവര്‍ത്തനോദ്ഘാടന വേളയില്‍ കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇക്കാര്യം അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കിഴക്കന്‍ ജറുസലേം തലസ്ഥാനമാക്കി ഒരു സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള പരിശ്രമം സൗദി അറേബ്യ അവസാനിപ്പിക്കില്ലെന്നും വ്യക്തമാക്കി. അതില്ലാതെ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്നും അറിയിച്ചു.
2024 നവംബര്‍ 11ന് റിയാദില്‍ ചേര്‍ന്ന അസാധാരണ അറബ്-ഇസ്‌ലാമിക് ഉച്ചകോടിയിലും കിരീടാവകാശി ഈ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്െന്നും അറിയിച്ചു. ഫലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന ആവശ്യവും ഐക്യരാഷ്ട്രസഭയില്‍ പൂര്‍ണ അംഗത്വത്തിന് ഫലസ്തീന് അര്‍ഹതയുണ്ടെന്നും കിരീടാവകാശി അന്ന് വ്യക്തമാക്കിയിരുന്നു.
ഇസ്രയേലിന്റെ സെറ്റില്‍മെന്റ് നയങ്ങളിലൂടെയോ, ഫലസ്തീന്‍ ഭൂമി പിടിച്ചടക്കുന്നതിലൂടെയോ, ഫലസ്തീന്‍ ജനതയെ അവിടെനിന്നും കുടിയിറക്കാന്‍ ശ്രമിക്കുന്നതിലൂടെയോ അവരുടെ അവകാശങ്ങളെ ഹനിക്കുന്നതിനെയോ സൗദി അറേബ്യ അംഗീകരിക്കില്ല. അത്തരം നീക്കങ്ങളെ ശക്തമായി എതിര്‍ക്കുമെന്ന് മുമ്പ് വ്യക്തമാക്കിയിരുന്ന കാര്യം മന്ത്രാലയം പ്രസ്താവനയില്‍ സൂചിപ്പിച്ചു.