യാഥാര്‍ഥ്യവും സ്വപ്നങ്ങളും കെട്ടുപിണഞ്ഞ സര്‍റിയലിസ്റ്റ് സിനിമകളിലൂടെയും പരീക്ഷണചിത്രങ്ങളിലൂടെയും ലോക സിനിമാചരിത്രത്തില്‍ സവിശേഷമായ ഒരിടം നേടിയെടുത്ത ഡേവിഡ് ലിഞ്ചിന്റെ 21 ഹ്രസ്വചിത്രങ്ങള്‍ 17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കും. കഴിഞ്ഞ ജനുവരി 15ന് അന്തരിച്ച അമേരിക്കന്‍ സംവിധായകനും വിഷ്വല്‍ ആര്‍ട്ടിസ്റ്റുമായ ഡേവിഡ് ലിഞ്ചിന് ആദരമര്‍പ്പിച്ചുകൊണ്ട് ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക.
കാന്‍ ചലച്ചിത്രമേളയില്‍ പാം ദോര്‍, വെനീസ് മേളയില്‍ ആയുഷ്‌കാല സംഭാവനയ്ക്കുള്ള ഗോള്‍ഡന്‍ ലയണ്‍ തുടങ്ങി നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹം 1967 മുതല്‍ 2008 വരെ സംവിധാനം ചെയ്ത 21 ഹ്രസ്വചിത്രങ്ങള്‍ മൂന്നു വിഭാഗങ്ങളിലായാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘ഡേവിഡ് ലിഞ്ച് ഷോര്‍ട്ട്‌സ്’ എന്ന വിഭാഗത്തില്‍ ആറ് ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ‘ഡയനാമിക്’ എന്ന വിഭാഗത്തില്‍ ലിഞ്ചിന്റെ ഏഴ് പരീക്ഷണാത്മക ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ‘‘ഡംബ് ലാന്‍റ് സീരീസി’ല്‍ അനിമേഷന്‍ പരമ്പരയില്‍പെട്ട എട്ടു ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒരു കുട്ടി ഒരു വിത്ത് പാകുമ്പോള്‍ അത് മുത്തശ്ശിയായി വളരുകയാണ് ‘ദ ഗ്രാന്റ് മദര്‍’ എന്ന ഹ്രസ്വചിത്രത്തില്‍. ലൂമിയര്‍ സഹോദരന്മാരുടെ സിനിമറ്റോഗ്രാഫ് എന്ന ഉപകരണം ഉപയോഗിച്ച് സിനിമ നിര്‍മ്മിക്കാന്‍ നിര്‍ബന്ധിതരാവുന്ന സംവിധായകരുടെ കഥയാണ് ‘ലൂമിയര്‍’. അക്ഷരമാലയുടെ ജീവനുള്ള പ്രതിനിധാനങ്ങള്‍ രോഗിയായ ഒരു സ്ത്രീയുടെ പേടിസ്വപ്നമായി മാറുകയാണ് ‘ദ ആല്‍ഫബെറ്റ്’ എന്ന ചിത്രത്തില്‍. ഒരു ദുരൂഹരഹസ്യം ഒളിച്ചിരിക്കുന്ന അടച്ചിട്ട മുറിയില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്ന ഒരു പെണ്‍കുട്ടിയുടെ അവസ്ഥ അവതരിപ്പിക്കുന്നു, ദ ഡാര്‍കെന്‍ഡ് റൂം.
കോപാകുലനും അക്രമാസക്തനുമായ ഒരു നിയാണ്ടര്‍താല്‍ മനുഷ്യന്റെയും അയാളുടെ കുടുംബത്തിന്റെയും അയല്‍ക്കാരുടെയും കഥ പറയുന്ന അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ലൈന്‍ അനിമേഷന്‍ പരമ്പരയാണ് ‘ഡംബ് ലാന്‍റ് സീരീസ്.