
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കാന്‍ സിബിഐ സന്നദ്ധം. ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സിബിഐ അന്വേഷണത്തിന് കോടതി നിര്‍ദേശമുണ്ടാകുകയോ അഭിപ്രായം ആരായുകയോ ചെയ്താല്‍ സന്നദ്ധത പ്രകടിപ്പിച്ച് സിബിഐ ഹൈക്കോടതിയില്‍ മറുപടി നല്‍കുമെന്നാണ് സൂചന.
നിലവില്‍ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം മന്ദഗതിയിലാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.
എസ്‌ഐടി അന്വേഷണത്തില്‍ പുരോഗതിയില്ലാത്ത സാഹചര്യത്തില്‍ സിബിഐ അന്വേഷണം തേടി ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. മാത്രമല്ല കേസില്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നാണ് പൊതു ആവശ്യവും. നിയമവിദഗ്ധരും ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. രാജീവ് ചന്ദ്രശേഖറിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ സാധ്യതയേറെയാണെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നതും.
സിബിഐക്ക് കോടതി അനുമതി നല്‍കിയാല്‍ മുന്‍ ദേവസ്വം മന്ത്രിമാരായ വി. എന്‍. വാസവനിലേക്കും കടകംപള്ളി സുരേന്ദ്രനിലേക്കും അന്വേഷണം എത്തും. ഇവരുടെ കാലത്തുണ്ടായ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ നിലവില്‍ ജയിലിലാണ്. സിബിഐ അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കുമെന്ന് ഉറപ്പാണ്.
അതിനിടെ ശബരിമലയില്‍ നടന്ന പഞ്ചലോഹ വിഗ്രഹക്കടത്തില്‍ കേരള പോലീസ് അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
2019-20 കാലത്ത് ശബരിമലയില്‍ നടന്ന പഞ്ചലോഹ വിഗ്രഹക്കടത്തില്‍ പണം കൈപ്പറ്റിയ ‘ഉന്നതന്‍’ ആരെന്ന് കണ്ടെത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.