
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും തമിഴ്‌നാട് സ്വദേശി ഡി. മണിയും തമ്മിലുള്ള അവിശുദ്ധബന്ധം സിബിഐ അന്വേഷണത്തിന്റെ അനിവാര്യതയിലേക്ക് വിരല്‍ചൂണ്ടുന്നു.
കേരളത്തിലെ ഇടതു സര്‍ക്കാര്‍, ഉണ്ണികൃഷ്ണന്‍ പോറ്റി, കോണ്‍ഗ്രസ്, തമിഴ്‌നാട്ടില്‍ ഡിഎംകെ നയിക്കുന്ന കോണ്‍ഗ്രസ് ഉള്‍പ്പെട്ട ഇന്‍ഡി സഖ്യ പാര്‍ട്ടികള്‍, ഡി. മണി എന്നിവര്‍ തമ്മിലുള്ള ബന്ധം മൂലം നിഷ്പക്ഷവും സമഗ്രവും വേഗത്തിലുള്ളതുമായ അന്വേഷണം ഫലപ്രദമായി നടത്താനാവുക സിബിഐക്കാണ്. എസ് ഐടിക്കുമേല്‍ രാഷ്‌ട്രീയ സമ്മര്‍ദ്ദം ശക്തമാണെന്ന കാര്യം ഇതിനോടകം വ്യക്തമായതാണ്.
മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴിയില്‍ അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ ഇതുവരെയും എസ്‌ഐടിക്ക് കഴിഞ്ഞിട്ടില്ല. കേസില്‍ എട്ടാം പ്രതിസ്ഥാനത്തുള്ള രണ്ട് ദേവസ്വം ബോര്‍ഡ് അംഗങ്ങളെ ചോദ്യം ചെയ്യാനും എസ്‌ഐടിക്ക് സാധിച്ചിട്ടില്ല. ഇതില്‍ പി.കെ. ശങ്കരദാസ് എന്ന ബോര്‍ഡ് അംഗം നേരത്തെ എഐഎഡിഎംകെയുടെ കേരളത്തിലെ പ്രധാന നേതാവായിരുന്നു എന്നതും ശ്രദ്ധേയമാണ്.
കേസ് അന്വേഷണം ഇപ്പോള്‍ വിഗ്രഹക്കടത്തുകാരന്‍ തമിഴ്‌നാട് സ്വദേശി ഡി. മണിയില്‍ എത്തിനില്‍ക്കുകയാണ്. ഇയാള്‍ക്ക് അന്താരാഷ്‌ട്ര വിഗ്രഹ കടത്തു സംഘവുമായി ബന്ധമുണ്ടെന്നാണ് എസ്‌ഐടിക്കു ലഭിച്ച മൊഴി. വിദേശ രാജ്യങ്ങളില്‍ അന്വേഷണം നടത്തണമെങ്കില്‍ സിബിഐ സഹായം കൂടിയേ തീരു. അന്താരാഷ്‌ട്ര ഇടപാടുകള്‍ സ്വര്‍ണക്കൊള്ളയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍ പ്രതിബന്ധങ്ങള്‍ മറികടക്കാന്‍ നിയമപരമായി അധികാരമുള്ള കേന്ദ്ര ഏജന്‍സിയായ സിബിഐക്ക് കേസ് കൈമാറേണ്ടതിലേക്കാണ് ഇതെല്ലാം വിരല്‍ചൂണ്ടുന്നത്.