
തിരുവനന്തപുരം:ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് പല കാര്യങ്ങളിലും വ്യക്തത തേടേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ആരെ ചോദ്യം ചെയ്യണം എന്ന് അവരാണ് തീരുമാനിക്കേണ്ടത്.കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് അതിന്റെ ഭാഗമായിട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘം ആരെ ചോദ്യം ചെയ്യുന്നു എന്നത് നേരത്തെ അറിയിക്കാറില്ല. പ്രതിപക്ഷ നേതാവ് പരിഭവപ്പെടുന്നത് എന്തിനാണ്? ശബരിമല സ്വര്‍ണക്കൊള്ളയില്‍ ആക്ഷേപം ഉന്നയിക്കുന്നത് അത് ശീലമാക്കിയവരാണ്. ഹൈക്കോടതി നിരീക്ഷണത്തിലാണ് അന്വേഷണം .പ്രത്യേക അന്വേഷണ സംഘം നല്ല നിലയില്‍ ചുമതല നിര്‍വഹിക്കുന്നുണ്ട്.അന്വേഷണത്തില്‍ പരാതികള്‍ ഇതുവരെയില്ല. മുഖ്യമന്ത്രിയോ ഓഫീസോ ഒരു ഇടപെടലും നടത്തുന്നില്ല. ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നത് തങ്ങള്‍ മുന്നോട്ടുവെച്ച നിര്‍ദേശമാണെന്നും പിണറായി വിജയന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ അടൂര്‍ പ്രകാശിന്റെ പേര് വരുന്നത് എങ്ങനെയാണ്. പോറ്റിയെ കേറ്റിയെ എന്ന് പറഞ്ഞില്ലേ? പോറ്റി ആദ്യം കയറിയത് എവിടെയാണ്? സോണിയ ഗാന്ധിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ പങ്കില്ല എന്ന് അടൂര്‍ പ്രകാശ് പറയുന്നു. പോറ്റി വിളിച്ചാല്‍ പോകേണ്ട ആളാണോ അദ്ദേഹം? എങ്ങനെയാണ് മഹാതട്ടിപ്പുകാര്‍ക്ക് സോണിയയെ പോലെ ഒരു രാഷ്‌ട്രീയ നേതാവിന്റെ അടുത്ത് എത്താന്‍ കഴിയുന്നത്? ഒന്നും പറയാന്‍ ഇല്ലാത്തപ്പോള്‍ കൊഞ്ഞനം കുത്തുകയാണോ വേണ്ടത് എന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ ചോദിച്ചു.