ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച ഹൈക്കോടതിയുടെ തീരുമാനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ഇടതു സര്‍ക്കാരിന്റെയും കാപട്യവും കള്ളക്കളികളും പൊളിക്കാന്‍ പോന്നതാണ്. സ്വര്‍ണ്ണപ്പാളി കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വേണമെന്നാണ് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. സ്വര്‍ണ്ണപ്പാളി ഒരു സുപ്രഭാതത്തില്‍ ചെമ്പായി മാറിയത് തട്ടിപ്പിലേക്ക് കൃത്യമായി വിരല്‍ചൂണ്ടുന്നതാണെന്ന അഭിപ്രായമാണ് കോടതിക്കുള്ളത്. സ്വര്‍ണ്ണക്കടത്തല്ല, സ്വര്‍ണ്ണക്കവര്‍ച്ച തന്നെ ശബരിമലയില്‍ നടന്നിട്ടുള്ളതായി കോടതി കരുതുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ദ്വാരപാലക ശില്‍പ്പത്തിലും മറ്റും സ്വര്‍ണം പൂശിയതിന്റെ രേഖകള്‍ ഒന്നും ദേവസ്വം ബോര്‍ഡിന്റെ കയ്യില്‍ ഇല്ലാത്തത് ഇക്കാര്യത്തില്‍ വലിയ തട്ടിപ്പ് നടന്നിട്ടുണ്ട് എന്നതിന് വ്യക്തമായ തെളിവാണ്. ഇതിനോടകം പുറത്തുവന്നിട്ടുള്ള വിവരങ്ങളില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. മുന്‍ ദേവസ്വം മന്ത്രി ജി. സുധാകരന്‍ അഭിപ്രായപ്പെട്ടതുപോലെ, പിണറായി ഭരണത്തില്‍ ശബരിമലയിലെ സ്വര്‍ണ്ണം കടത്തുന്നതിലും കേരളം ഒന്നാമതാണ്.
കോടതി പ്രഖ്യാപിച്ച അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു, നിയമസഭയില്‍ ഏതു ചര്‍ച്ചയ്‌ക്കും തയ്യാറാണ് എന്നൊക്കെ സിപിഎമ്മും സര്‍ക്കാരും ദേവസ്വം ബോര്‍ഡിലെ മുന്‍പത്തെയും ഇപ്പോഴത്തെയും പാര്‍ട്ടി പ്രതിനിധികളും പറയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തെയാണ് കോടതി നിയോഗിച്ചിട്ടുള്ളത്. തല്‍ക്കാലം അന്വേഷണത്തെ സ്വാഗതം ചെയ്യുക. പിന്നീട് അധികാരം ഉപയോഗിച്ച് അട്ടിമറിക്കുക. ഇതാണ് സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ഉള്ളിലിരിപ്പ്. ഏത് അന്വേഷണത്തെയും അട്ടിമറിക്കാന്‍ വൈദഗ്ധ്യമുള്ളയാളാണ് താനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനുമുന്‍പ് പലവട്ടം തെളിയിച്ചിട്ടുള്ളതാണല്ലോ. ശബരിമലയിലെ സ്വര്‍ണ്ണക്കടത്തിന്റെ കാര്യത്തിലും മുഖ്യമന്ത്രിക്ക് അടങ്ങിയിരിക്കാന്‍ കഴിയില്ല. ഇപ്പോഴത്തെ വിവാദത്തിന്റെ കേന്ദ്രബിന്ദുവായി മാറിയിട്ടുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സിപിഎമ്മുമായും പിണറായി വിജയനുമായും ബന്ധമുണ്ട്. പിണറായി എന്ന മുഖ്യ അവതാരത്തെ ചുറ്റിപ്പറ്റിയാണ് പോറ്റിയെപ്പോലുള്ള അംശാവതാരങ്ങള്‍ ഭരണത്തിന്റെ തണലില്‍ വിലസുന്നത്. പോറ്റിക്ക് മാത്രമായി ഇങ്ങനെയൊരു തട്ടിപ്പ് നടത്താനാവുമെന്ന് ആരും കരുതുന്നില്ല.
ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുള്ള സമഗ്രമായ അന്വേഷണം നടന്നാല്‍ ഇപ്പോഴത്തെ ആരോപണ വിധേയര്‍ കുടുങ്ങും എന്ന കാര്യത്തില്‍ സംശയമില്ല. 2019 നു മുന്‍പും പിന്‍പുമുള്ള ദ്വാരപാലക സ്വര്‍ണ്ണപ്പാളിയുടെ ചിത്രങ്ങളടക്കം ഒത്തുനോക്കാന്‍ ദേവസ്വം വിജിലന്‍സിന് കോടതി അനുമതി നല്‍കിയിരിക്കുകയാണ്. ദേവസ്വം ബോര്‍ഡിന്റെ സ്‌ട്രോങ് റൂമില്‍ മുദ്രവച്ച് സൂക്ഷിച്ചിട്ടുള്ള ദ്വാരപാലക പാളികള്‍ പരിശോധിക്കാനും അനുമതി നല്‍കിയിട്ടുള്ളത് ശ്രദ്ധേയമാണ്. തട്ടിപ്പിന്റെ സ്വഭാവവും വ്യാപ്തിയും ഇതുവഴി പുറത്തുവരും. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം ഏതെങ്കിലുമൊരു സംഭവത്തില്‍ മാത്രമായി ഒതുങ്ങാന്‍ പാടില്ല. സിപിഎം- കോണ്‍ഗ്രസ് ഭരണകാലത്ത് വര്‍ഷങ്ങളായി ശബരിമലയില്‍ പകല്‍കൊള്ള നടന്നുകൊണ്ടിരിക്കുകയാണ്. ദ്വാരപാലക ശില്‍പ്പത്തിലും മറ്റും സ്വര്‍ണ്ണം പൂശാന്‍ വിജയ് മല്യ നല്‍കിയ സ്വര്‍ണം മുഴുവന്‍ ഉപയോഗിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ബാക്കി സ്വര്‍ണം എന്തു ചെയ്തു? പതിനെട്ടാം പടി സ്വര്‍ണം പൂശുന്ന കാര്യത്തിലും ലഭിച്ച സ്വര്‍ണ്ണം മുഴുവനായി ഇതിന് ഉപയോഗിച്ചോ? ഈ ചോദ്യങ്ങള്‍ക്കൊക്കെ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിലൂടെ ഉത്തരം കണ്ടെത്തണം. എങ്കില്‍ മാത്രമേ ശബരിമലയിലെ സ്വര്‍ണക്കടത്തിന്റെയും സ്വര്‍ണക്കവര്‍ച്ചയുടെയും യഥാര്‍ത്ഥ ചിത്രം വെളിപ്പെടുകയുള്ളൂ.
കോടതിയെ കബളിപ്പിക്കാന്‍ പിണറായി സര്‍ക്കാരിന് പ്രത്യേക മിടുക്കുണ്ട്. അയ്യപ്പ ഭക്ത സംഗമത്തിന് കോടതിയുടെ വിലക്ക് മറികടന്ന് ദേവസ്വത്തിന്റെ പണം ചെലവഴിച്ചതിലൂടെ അത് കണ്ടതാണല്ലോ. കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം അട്ടിമറിക്കാന്‍ ആരെ വേണമെങ്കിലും വിലക്കെടുക്കും. ഹൈക്കോടതി അതീവ ജാഗ്രത പുലര്‍ത്തിയാല്‍ മാത്രമേ അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ടുപോകൂ. ഇങ്ങനെ സംഭവിക്കട്ടെയെന്നാണ് ഭക്തരുടെ പ്രാര്‍ത്ഥന.