
പത്തനംതിട്ട: ബിജെപിയുടെ മുന്നേറ്റം തടയാന്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒത്തുകളിച്ചു. ഈ ഒത്തുകളിയുടെ ഭാഗമായി പ്രചാരണത്തിന്റെ അവസാനദിനങ്ങളില്‍ ശബരിമല സ്വര്‍ണ കൊള്ള കോണ്‍ഗ്രസും രാഹുല്‍ മാങ്കൂട്ടത്തിന്റെ പീഡനം സിപിഎമ്മും പ്രചാരണത്തില്‍ ഒഴിവാക്കി. ബിജെപിക്ക് വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ഇടതു വലതു മുന്നണികള്‍ രഹസ്യ ധാരണയിലെത്തിയെന്നതിനു തെളിവായി നിഷ്പക്ഷ രാഷ്‌ട്രീയ നിരീക്ഷകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു.
പ്രചാരണത്തിന്റെ തുടക്കത്തില്‍ ശബരിമല സ്വര്‍ണക്കൊള്ള ആയിരുന്നു കോണ്‍ഗ്രസിന്റെ മുഖ്യ പ്രചാരണ വിഷയം. ഇതിനെ പ്രതിരോധിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പീഡനം സിപിഎമ്മും മുഖ്യപ്രചാരണ വിഷയമാക്കി, ഇടതും വലതും ഇങ്ങനെ പോരടിക്കുമ്പോളാണ് ജില്ലയില്‍ ബിജെപി അനുകൂലമായ തരംഗം വ്യക്തമായത്. ഇതോടെയാണ് എന്‍ഡിഎ അധികാരത്തില്‍ എത്തുന്നതു തടയാന്‍ സിപിഎം, കോണ്‍ഗ്രസ് ജില്ലാ നേതൃത്വങ്ങളുടെ ഒത്താശയോടെ കെപിസിസി, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തലങ്ങളില്‍ നീക്കം നടന്നത്.
ബിജെപി അനുകൂല മേഖലകള്‍ കണ്ടെത്തി പരസ്പര സഹകരിക്കാനും ബിജെപിയെ തോല്‍പ്പിക്കാന്‍ ആവശ്യമായ വോട്ടു മറിക്കാന്‍ പ്രാദേശിക നേതൃത്വത്തിന് സിപിഎമ്മും കോണ്‍ഗ്രസും നിര്‍ദ്ദേശം നല്‍കിയത്. ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ ഇതിനുള്ള നീക്കം കഴിഞ്ഞയാഴ്‌ച്ചയേ ആരംഭിച്ചിരുന്നു. സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടി അന്വേഷണം മന്ദഗതിയിലായതു പോലും പരാമര്‍ശിക്കാന്‍ പിടില്ലെന്നായിരുന്നു സിപിഎമ്മിന്റെ ആവശ്യം. രാഹുലിനെ തേടിയുള്ള പോലീസ് അന്വേഷണം നിര്‍ജീവമാകാനുള്ള കാരണവും ഇതാണ്. ജില്ലയിലെ മുസ്ലീം ഭൂരിപക്ഷ മേഖലകളില്‍ പലസ്തീനും തീവ്രവോട്ടര്‍പട്ടിക പരിഷ്‌കരണവും ആയിരുന്നു ഇരു പാര്‍ട്ടികളുടേയും മുഖ്യപ്രചാരണ വിഷയം.