തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി അപഹരണ കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. ക്രൈംബ്രാഞ്ച് ഓഫീസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്യുന്നതിന് സമാന്തരമായാണ് പരിശോധന നടന്നത്.
തട്ടിയെടുത്ത സ്വര്‍ണം എവിടെ സൂക്ഷിച്ചു എന്നത് അടക്കം ചോദ്യങ്ങള്‍ക്ക് ഉണ്ണികൃഷ്ണന്‍ പോറ്റി മറുപടി നല്‍കിയിട്ടില്ല. ഹൈദരാബാദില്‍ സ്വര്‍ണപ്പാളി സൂക്ഷിച്ച നാഗേഷിനെയും, പ്രതികളായ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെയും അന്വേഷണസംഘം വൈകാതെ ചോദ്യം ചെയ്യും.
ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ നിന്നും രണ്ടു കിലോ സ്വര്‍ണം കവര്‍ന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ തട്ടിയെടുത്ത സ്വര്‍ണം എന്ത് ചെയ്തുവെന്ന് കണ്ടെത്താനായിട്ടില്ല.ഇക്കാര്യത്തിലാണ് നിലവില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്നത്.
2019 ല്‍ സന്നിധാനത്തു നിന്നും കൊണ്ട് പോയ സ്വര്‍ണപ്പാളി ബംഗളൂരുവില്‍ നിന്നും ഹൈദരബാദില്‍ എത്തിച്ചു സൂക്ഷിച്ചത് 39 ദിവസമാണ്. പൂജിക്കാന്‍ കൊണ്ട് പോയി എന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി. ഇത് പ്രത്യേക അന്വേഷണ സംഘം വിശ്വാസത്തില്‍ എടുത്തിട്ടില്ല. സ്വര്‍ണ്ണപ്പാളികള്‍ ഹൈദരബാദില്‍ സ്വീകരിച്ചത് നാഗേഷ് എന്നയാളാണെന്ന് അന്വേഷണ സംഘം ഉറപ്പിച്ചിട്ടുണ്ട്. നാഗേഷിനെ കണ്ടെത്തി ഉടന്‍ ചോദ്യം ചെയ്യും.