തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 94,920 രൂപയും ഗ്രാമിന് 11,865 രൂപയുമാണ് വില. 24 കാരറ്റ് സ്വര്‍ണത്തിന്റെ ഗ്രാമ് വില 12,944 രൂപയും 18 കാരറ്റ് സ്വര്‍ണത്തിന് 9,708 രൂപയുമാണ്. വെള്ളി വിലയും ഉയര്‍ന്ന നിലയില്‍ തുടരുന്നു ഗ്രാമിന് 206, കിലോഗ്രാമിന് 2,06,000 രൂപ.
രാജ്യാന്തര വിപണിയിലെ വില വര്‍ധനയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വര്‍ണവില കുതിച്ചുയര്‍ന്നത്. ഈ മാസം 8നാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. പിന്നാലെ 9ന് 91,000 കടന്നതോടെ വില കുതിച്ചുയരുകയായിരുന്നു. സെപ്റ്റംബര്‍ 9ന് 80,000 കടന്നതിനു ശേഷം ദിനംപ്രതി റെക്കോര്‍ഡ് ഭേദിച്ചാണ് സ്വര്‍ണവില മുന്നേറുന്നത്.
ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളിലൊന്നാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതിനാല്‍ ആഗോള വിപണിയിലെ ചെറു മാറ്റങ്ങളും ഇന്ത്യന്‍ വിപണിയില്‍ നേരിട്ടുള്ള സ്വാധീനം ചെലുത്തുന്നു.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില താഴ്ന്നാലും ഇന്ത്യയില്‍ വില കുറയണമെന്നില്ല. രൂപയുടെ മൂല്യനില, ആഭ്യന്തര ആവശ്യകത, ഇറക്കുമതി തീരുവ തുടങ്ങിയ ഘടകങ്ങളാണ് ആഭ്യന്തര വിപണിയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്നത്.