
തിരുവനന്തപുരം: സ്വാശ്രയ, അഫിലിയേറ്റഡ് കോളജുകളിലെ അദ്ധ്യാപക നിയമനത്തില്‍ യുജിസി ചട്ടമനുസരിച്ചുള്ള യോഗ്യത പാലിക്കണമെന്ന് വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണറുടെ നിര്‍ദേശം. അദ്ധ്യാപകരുടെ പേരും യോഗ്യതകളും കോളജുകളുടെ പോര്‍ട്ടലുകളില്‍ പ്രസിദ്ധപ്പെടുത്തണം.
യോഗ്യതയില്ലാത്ത നിയമനങ്ങള്‍ തടയണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. യുജിസി ചട്ട പ്രകാരം അദ്ധ്യാപകര്‍ക്ക് നെറ്റ് അല്ലെങ്കില്‍ പിഎച്ച്ഡിയാണ് മിനിമം യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ സ്വാശ്രയ കോളജുകളിലും എയ്ഡഡ് കോളജുകള്‍ നടത്തുന്ന സ്വാശ്രയ കോഴ്‌സ് അദ്ധ്യാപക നിയമനങ്ങള്‍ക്കും യുജിസി യോഗ്യത നിലവില്‍ പാലിക്കുന്നില്ലെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് ഗവര്‍ണര്‍ സര്‍ക്കുലര്‍ നല്‍കിയത്.
മൂല്യനിര്‍ണയത്തിലെ അപാകത ചൂണ്ടിക്കാട്ടി കാലിക്കറ്റ് സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥി ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയിലാണ് യോഗ്യതയില്ലാത്ത ഒരദ്ധ്യാപിക മൂല്യ നിര്‍ണയം നടത്തിയെന്ന് കണ്ടെത്തിയത്. പരാതി സര്‍വകലാശാല ചട്ട പ്രകാരം ഗവര്‍ണര്‍ നേരിട്ട് ഹിയറിങ് നടത്തിയപ്പോഴാണ് യോഗ്യതയില്ലാത്ത അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തിയത് ഗവര്‍ണറുടെ ശ്രദ്ധയില്‍ പെട്ടത്.