പെഷവാർ : പാകിസ്ഥാനും സൗദി അറേബ്യയും തമ്മിലുള്ള പുതിയ തന്ത്രപരമായ പരസ്പര പ്രതിരോധ കരാറിന് തൊട്ടുപിന്നാലെ പുതിയ പ്രസ്താവനയുമായി പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ പ്രതിരോധ കരാർ പ്രകാരം ആവശ്യമെങ്കിൽ രാജ്യത്തിന്റെ ആണവ പദ്ധതി സൗദി അറേബ്യയ്‌ക്ക് ലഭ്യമാക്കുമെന്ന് ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു.
ഇസ്ലാമാബാദ് അതിന്റെ ആണവ പ്രതിരോധ ശേഷി റിയാദിലേക്ക് വ്യാപിപ്പിച്ചതായി കരുതപ്പെടുന്നുവെന്ന് ജിയോ ടിവിയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കൂടാതെ പാകിസ്ഥാനും സൗദി അറേബ്യയും തമ്മിൽ ഈ ആഴ്ച ഉണ്ടാക്കിയ കരാറിന്റെ വ്യാപ്തിയെക്കുറിച്ചും ആസിഫ് ഊന്നിപ്പറഞ്ഞു.
“പാകിസ്ഥാന്റെ ആണവശേഷിയെക്കുറിച്ച് ഒരു കാര്യം വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പാകിസ്ഥാൻ വളരെ മുമ്പുതന്നെ ഈ കഴിവ് നേടിയിരുന്നു, അത് പരീക്ഷിക്കപ്പെടുകയും ചെയ്തു. യുദ്ധത്തിനായി പരിശീലനം ലഭിച്ച സൈന്യങ്ങൾ നമുക്കുണ്ട്. ഈ കരാർ പ്രകാരം നമുക്കുള്ള എല്ലാ കഴിവുകളും സൗദി അറേബ്യക്ക് ലഭ്യമാക്കും,” – ആസിഫ് പറഞ്ഞു.
ഇരു രാജ്യങ്ങളിലും ഏതെങ്കിലും ഒരു രാജ്യത്തിനു നേരെയുള്ള ആക്രമണം രണ്ട് രാജ്യങ്ങൾക്കു നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നാണ് ഈ ഈ ആഴ്ചയിലെ കരാർ വ്യക്തമാക്കുന്നത്. അതേ സമയം പാകിസ്ഥാന്റെ ആണവായുധ ശേഖരത്തിലേക്ക് നേരിട്ട് പ്രവേശനം കരാറിൽ ഉൾപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് ഇസ്ലാമാബാദോ റിയാദോ മറുപടി നൽകിയിട്ടില്ല.
എന്നിരുന്നാലും സൗദി അറേബ്യയെ പാകിസ്ഥാന്റെ ആണവ കുടയ്‌ക്ക് കീഴിൽ ആക്കി എന്നതിന്റെ ഏറ്റവും വ്യക്തമായ സൂചനയാണ് ഖ്വാജ ആസിഫിന്റെ അഭിപ്രായങ്ങൾ എടുത്ത് കാട്ടുന്നത്.