
ന്യൂദല്‍ഹി: സൗദി അറേബ്യയും യുഎഇയും തമ്മില്‍ സംഘര്‍ഷം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ തിരക്കിട്ട് ഇന്ത്യാ സന്ദര്‍ശനം നടത്തിയ യുഎഇ പ്രസിഡന്‍റിനോട് മോദി നയം വ്യക്തമാക്കി. സൗദി- യുഎഇ ഏറ്റുമുട്ടലുകളില്‍ ഇന്ത്യ ഇടപെടാനില്ല. ഇക്കാര്യത്തില്‍ ഇന്ത്യ നിഷ്പക്ഷത പുലര്‍ത്തും.
ഒരു അടിയന്തരകൂടിക്കാഴ്ചയ്‌ക്കാണ് യുഎഇ പ്രസിഡന്‍റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യയില്‍ തിരക്കിട്ട് എത്തിയത്. വെറും മൂന്ന് മണിക്കൂര്‍ നേരം മാത്രമാണ് അദ്ദേ്ഹം ഇന്ത്യയില്‍ ചെലവഴിച്ചത്.
പാകിസ്ഥാനും സൗദിയും തുര്‍ക്കിയുമായി ചേര്‍ന്ന് ഒരു ഗള്‍ഫ് നേറ്റോ സഖ്യം രൂപീകരിച്ച പശ്ചാത്തലത്തില്‍ കൂടിയായിരുന്നു യുഎഇ പ്രസിഡന്‍റിന്റെ ഇന്ത്യാ സന്ദര്‍ശനം. പാശ്ചാത്യ നേറ്റോ സഖ്യമാതൃകയില്‍ ഇവരില്‍ ഏത് രാജ്യത്തെ തൊട്ടാലും സഖ്യത്തെ ആക്രമിച്ചതായി കണക്കാക്കി, സംയുക്ത സേനാനീക്കം നടത്തുമെന്നാണ് പാകിസ്ഥാനും സൗദിയും തുര്‍ക്കിയും അവകാശപ്പെടുന്നത്. ഇതിനെതിരെ യുഎഇയും അമേരിക്കയ്‌ക്കപ്പുറം മറ്റ് സഖ്യകക്ഷികളെ തേടുകയാണ്.
യെമനില്‍ യുഎഇ ഇടപെടത്തോടെയാണ് സൗദി-യുഎഇ ബന്ധം വഷളായത്. യെമനിലെ യുഎഇ പട്ടാളക്കാരെ അടിയന്തരമായി പിന്‍വലിക്കണമെന്ന് സൗദി അന്ത്യശാസനം നല്‍കിയതോടെ യുഎഇ യെമനില്‍ നിന്നും പിന്‍മാറിയിരുന്നു. തെക്കന്‍ യെമനിലെ വിമതസേനയെ യുഎഇ പിന്തുണച്ചതാണ് സൗദിയെ ചൊടിപ്പിച്ചത്. ഈ മേഖലയില്‍ എണ്ണക്കിണറുകള്‍ ധാരാളമുള്ളതും യുഎഇയെ ഇവിടേക്ക് ആകര്‍ഷിച്ചിരിക്കാം എന്ന് റിപ്പോര്‍ട്ടുണ്ട്. തെക്കന്‍ യെമന്‍ സ്വതന്ത്രപരമാധികാര പ്രദേശമാക്കണമെന്ന ആവശ്യമാണ് അള്‍ഡറൂസ് അല്‍ സുബൈദി ഉയര്‍ത്തുന്നത്. എന്നാല്‍ യെമനെ സൗദിയുടെ നിയന്ത്രണത്തിലുള്ള രാജ്യമാക്കാനാണ് സൗദി ശ്രമിക്കുന്നത്.
എന്തായാലും സൗദി-യുഎഇ ഏറ്റുമുട്ടലുകളില്‍ ഭാഗഭാഗമാക്കാന്‍ ഇന്ത്യ ഇല്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സൗദിയേയും യുഎഇയെയും കൂടെ നിര്‍ത്തി, ഇസ്രയേലിനെക്കൂടി പങ്കാളിയാക്കി ഇവിടുത്തെ പാകിസ്ഥാന്റെയും തുര്‍ക്കിയുടെയും സാന്നിധ്യം കുറയ്‌ക്കാനാണ് ഇന്ത്യയുടെ ശ്രമം.