• Wed. Oct 29th, 2025

24×7 Live News

Apdin News

സൗരോർജ്ജം സമഗ്രവികസനത്തിന്: രാഷ്‌ട്രപതി ദ്രൗപദി മുർമ്മു; അന്താരാഷ്‌ട്ര സൗര സഖ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു

Byadmin

Oct 28, 2025



ന്യൂദൽഹി: സൗരോർജ്ജം എന്നത് വൈദ്യുതി ഉൽപാദനം മാത്രമല്ല, ശാക്തീകരണത്തെയും സമഗ്ര വികസനത്തെയും കുറിച്ചുള്ളതു കൂടിയാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു പറഞ്ഞു.
അന്താരാഷ്‌ട്ര സൗര സഖ്യത്തിന്റെ (ഐഎസ്എ) എട്ടാമത് പൊതു സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു.
സൗരോർജ്ജത്തെ സർവാശ്ലേഷിത്വം, അന്തസ്സ്, അഭിവൃദ്ധി എന്നിവയുടെ ഉറവിടമായി ഉപയോഗിക്കാനുള്ള മനുഷ്യരാശിയുടെ പങ്കിട്ട അഭിലാഷത്തിന്റെ പ്രതീകമാണ് ഐഎസ്എ എന്ന് രാഷ്‌ട്രപതി പറഞ്ഞു.

ലോകത്തെയാകെ ബാധിക്കുന്ന കാലാവസ്ഥാ വ്യതിയാന ഭീഷണിയെ നേരിടാൻ അടിയന്തരവും വ്യക്തവുമായ നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ ഭാരതം പ്രതിജ്ഞാബദ്ധമാണ്. അതിനായി ദൃഢമായ നടപടികൾ സ്വീകരിക്കുന്നുമുണ്ട്. സൗരോർജ്ജത്തിന്റെ സ്വീകരണവും ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഈ ആഗോള വെല്ലുവിളിയെ അഭിമുഖീകരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ഐഎസ്എ എന്നും രാഷ്‌ട്രപതി പ്രത്യേകം പറഞ്ഞു.

സർവാശ്ലേഷിത്വം എന്ന ആശയം ഭാരതത്തിന്റെ വികസന യാത്രയെ നിർവചിക്കുന്ന ഒന്നാണ്. ഏറ്റവും വിദൂരമായ പ്രദേശങ്ങളിലെ വീടുകളിൽ പോലും വെളിച്ചമെത്തിച്ച നമ്മുടെ പ്രവർത്തനങ്ങൾ, ഊർജ്ജ നീതി സാമൂഹ്യ നീതിയുടെ അടിത്തറയാണെന്ന നമ്മുടെ വിശ്വാസം ഉറപ്പിക്കുന്നു. താങ്ങാനാവുന്നതും ശുദ്ധവുമായ ഊർജ്ജ ലഭ്യത സമൂഹങ്ങളെ ശക്തിപ്പെടുത്തുകയും, പ്രാദേശിക സമ്പദ്വ്യവസ്ഥയെ നയിക്കുകയും, വൈദ്യുതി ലഭ്യമാക്കുന്നതിലേക്ക് നയിക്കുന്ന അവസരങ്ങൾ തുറന്നു നൽകുകയും ചെയ്യുന്നു. സൗരോർജ്ജം എന്നത് വൈദ്യുതി ഉൽപാദനം മാത്രമല്ല, ശാക്തീകരണത്തെയും സമഗ്ര വികസനത്തെയും കുറിച്ചുള്ളതു കൂടിയാണെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.

അടിസ്ഥാന സൗകര്യങ്ങൾക്കപ്പുറം ചിന്തിക്കാനും ജനങ്ങളുടെ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും രാഷ്‌ട്രപതി എല്ലാ അംഗരാജ്യങ്ങളോടും അഭ്യർത്ഥിച്ചു. തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, സ്ത്രീകളുടെ നേതൃത്വം, ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങൾ, ഡിജിറ്റൽ ഉൾച്ചേർക്കൽ എന്നിവയുമായി സൗരോർജ്ജത്തെ ബന്ധിപ്പിക്കുന്ന കൂട്ടായ കർമപദ്ധതി ഈ സമ്മേളനം വികസിപ്പിക്കണമെന്ന് അവർ പറഞ്ഞു. മെഗാവാട്ടിലൂടെ മാത്രമല്ല, പ്രകാശിതമായ ജീവിതങ്ങളുടെ എണ്ണം, കുടുംബങ്ങളുടെ എണ്ണം ശക്തിപ്പെടുത്തൽ, പരിവർത്തനം ചെയ്യപ്പെട്ട സമൂഹങ്ങളുടെ എണ്ണം എന്നിവയിലൂടെയും നമ്മുടെ പുരോഗതി വിലയിരുത്തേണ്ടതുണ്ട്. സാങ്കേതികവിദ്യ, വികസനത്തിലും പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി നൂതനമായ സാങ്കേതികവിദ്യകൾ പരസ്പരം പങ്കിടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. വൻ തോതിലുള്ള സൗരോർജ്ജ സ്ഥാപിത ശേഷി വികസിപ്പിക്കുമ്പോൾ, പരിസ്ഥിതി സംരക്ഷണമാണ് ഹരിത ഊർജ്ജത്തിലേക്ക് മാറാനുള്ള അടിസ്ഥാനമെന്ന് അവർ ഊന്നിപ്പറഞ്ഞു.

നമ്മുടെ രാജ്യത്തിന് മാത്രമല്ല, മുഴുവൻ ലോകത്തിനും, ആധുനിക തലമുറയ്‌ക്കും ഭാവി തലമുറകൾക്കും വേണ്ടി കൂടുതൽ അർപ്പണബോധത്തോടെ പ്രവർത്തിക്കണമെന്ന് രാഷ്‌ട്രപതി പറഞ്ഞു. സൗരോർജ്ജ ഉൽപാദനത്തിൽ ഈ സമ്മേളനത്തിൽ ഉണ്ടാകുന്ന ചർച്ചകളും തീരുമാനങ്ങളും ഒരു നാഴികക്കല്ലായി വർത്തിക്കുമെന്നും, എല്ലാവരെയും ഉൾക്കൊള്ളുന്നതും സംതുലിതവുമായ ഒരു ലോകക്രമം കെട്ടിപ്പടുക്കുന്നതിന് ഇത് കാരണമാകുമെന്നും രാഷ്‌ട്രപതി പ്രത്യാശ പ്രകടിപ്പിച്ചു.

By admin