
ന്യൂഡൽഹി: ഭാരത് മണ്ഡപത്തിൽ അന്താരാഷ്‌ട്ര സൗരോർജ സഖ്യത്തിന്റെ (International Solar Alliance – ISA) എട്ടാമത് സമ്മേളനത്തിൽ രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുർമു ആഗോള സൗരോർജ സഹകരണത്തിനായി ദക്ഷിണാർദ്ധഗോള രാഷ്‌ട്രങ്ങൾ മുൻനിരയിൽ നിൽക്കണമെന്ന് ആഹ്വാനം ചെയ്തു.
137 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത ഈ ഉന്നതതല സമ്മേളനത്തിൽ രാഷ്‌ട്രപതി “ഒരു ലോകം, ഒരു സൂര്യൻ, ഒരു ഊർജ ശൃംഖല” എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനലക്ഷ്യത്തെ ഉദ്ധരിച്ച് ഇന്ത്യയുടെ സൗരോർജ പ്രതിബദ്ധത ആവർത്തിച്ചു. സൗരോർജ വിപ്ലവം യഥാർത്ഥത്തിൽ ഉൾക്കൊള്ളുന്നതായിരിക്കണമെന്ന് അവർ പറഞ്ഞു. “ഒരു സ്ത്രീയേയും, ഒരു കർഷകനേയും, ഒരു ഗ്രാമത്തേയും, ഒരു ചെറുദ്വീപിനേയും പോലും ഈ പ്രക്രിയയിൽ നിന്ന് പുറത്താക്കാൻ പാടില്ല,” എന്ന് രാഷ്‌ട്രപതി ഊന്നിപ്പറഞ്ഞു.
സൗരോർജ വികസനം ജനജീവിതവുമായി നേരിട്ട് ബന്ധിപ്പിക്കേണ്ടതാണെന്ന് രാഷ്‌ട്രപതി അഭ്യർത്ഥിച്ചു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും, സ്ത്രീകളുടെ നേതൃത്വം പ്രോത്സാഹിപ്പിക്കുന്നതും, ഗ്രാമീണ ഉപജീവനമാർഗങ്ങൾ ശക്തിപ്പെടുത്തുന്നതും, ഡിജിറ്റൽ ഉൾച്ചേർപ്പ് ഉറപ്പാക്കുന്നതുമായ സമഗ്ര സമീപനം രാജ്യങ്ങൾ സ്വീകരിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. “ഒരു രാജ്യത്തിന്റെ പുരോഗതി മെഗാവാട്ടുകളാൽ അല്ല, പ്രകാശപൂരിതമായ ജീവിതങ്ങളാൽ അളക്കേണ്ടതാണ്,” രാഷ്‌ട്രപതി പറഞ്ഞു.
പാരിസ്ഥിതിക സന്തുലിതാവസ്ഥ സംരക്ഷിച്ച് ഹരിതോർജത്തിലേക്ക് മാറണമെന്ന സന്ദേശവും അവർ നൽകി. സാങ്കേതികവിദ്യയും അറിവും പരമാവധി പങ്കുവെച്ച് എല്ലാ രാജ്യങ്ങൾക്കും പ്രയോജനം ലഭ്യമാക്കണമെന്നും രാഷ്‌ട്രപതി പറഞ്ഞു.
സൗരോർജ സഹകരണത്തിനുള്ള ആഗോള വേദിയായി ഐഎസ്എ വികസിച്ചുവന്നതിൽ അഭിമാനം പ്രകടിപ്പിച്ച രാഷ്‌ട്രപതി, ഈ സമ്മേളനം “സൗരോർജാധിഷ്ഠിത ഭാവിയിലേക്കുള്ള മനുഷ്യകുലത്തിന്റെ കൂട്ടായ പ്രതിജ്ഞയുടെ പ്രതീകം” ആണെന്ന് വിശേഷിപ്പിച്ചു.