
ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തങ്ങളുടെ പരമോന്നത സിവിലിയൻ ബഹുമതി നൽകുമെന്ന് പ്രവാസത്തിലുള്ള ബലൂചിസ്ഥാൻ സർക്കാർ പ്രഖ്യാപിച്ചു. പാക് അടിച്ചമർത്തലിനെ ഭയന്ന് ഈ സർക്കാരിന്റെ പ്രതിനിധികൾ വിവിധ രാജ്യങ്ങളിൽ താമസിക്കുന്നുണ്ട്. 2026 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബലൂചിസ്ഥാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ “ബലൂച്ചി ദസ്തർ” കൃതജ്ഞതയുടെയും ഐക്യദാർഢ്യത്തിന്റെയും ശാശ്വത സൗഹൃദത്തിന്റെയും പ്രതീകമായി നൽകുമെന്ന് റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ അഭിമാനത്തോടെ പ്രഖ്യാപിക്കുന്നുവെന്ന് ബലൂചിസ്ഥാൻ നേതാവ് മിർ യാർ ബലൂച്ച് എക്‌സിൽ എഴുതി.
കൂടാതെ “ഇന്ത്യയുമായും ഇന്ത്യൻ സഹോദരീസഹോദരന്മാരുമായും നൂറ്റാണ്ടുകൾ പഴക്കമുള്ള സൗഹൃദം, സാഹോദര്യം, പരസ്പര ബഹുമാനം എന്നിവയുടെ ബന്ധങ്ങൾ കൂടുതൽ ആഘോഷിക്കുന്നതിനും ഉയർത്തിക്കാട്ടുന്നതിനും, ജനങ്ങൾ തമ്മിലുള്ള ബന്ധം വികസിപ്പിക്കുന്നതിനുമായി, 2026 ൽ ബലൂചിസ്ഥാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ “ബലൂച്ചി ദസ്തർ” ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമീപഭാവിയിൽ ഞങ്ങളുടെ പ്രതിനിധികൾ വഴി നൽകാൻ പദ്ധതിയിടുന്നു എന്ന് ബലൂചിസ്ഥാൻ റിപ്പബ്ലിക്ക് സന്തോഷപൂർവ്വം പ്രഖ്യാപിക്കുന്നു,” – മിർ യാർ ബലൂച്ച് ഒരു പത്രക്കുറിപ്പ് പുറത്തിറക്കി.
എന്താണ് ബലൂച്ചി ദസ്തർ?
ബലൂചി ദസ്തർ വെറുമൊരു അവാർഡ് മാത്രമല്ല. ബലൂചിസ്ഥാന്റെ പരമോന്നത സിവിലിയൻ ബഹുമതിയാണിത്. വിശ്വാസത്തിന്റെയും തകർക്കാനാവാത്ത സൗഹൃദത്തിന്റെയും ശാശ്വത സാഹോദര്യത്തിന്റെയും പവിത്രമായ പ്രതീകമാണിത്. അന്തസ്സോടെയും അഭിമാനത്തോടെയും ധരിക്കുന്ന പരമ്പരാഗത ബലൂചി തലപ്പാവ് ബലൂചി രാജ്യത്തിന്റെ കഷ്ടപ്പാടുകളിലും സ്വപ്നങ്ങളിലും ന്യായമായ പോരാട്ടത്തിലും ഉറച്ചുനിൽക്കുന്ന അപൂർവ വ്യക്തികൾക്ക് മാത്രമേ നൽകൂവെന്നും മിർ യാർ ബലൂച്ച് തുടർന്ന് പറഞ്ഞു.