തിരുവനന്തപുരം: ‘അരപ്പവന്‍ മെഡലും കാത്ത് 20000 പട്ടികജാതി വിദ്യാര്‍ത്ഥികള്‍’ എന്ന ജന്മഭൂമി വാര്‍ത്ത ചര്‍ച്ചയാക്കി നിയമസഭയും. കേരളത്തിന്റെ സാമ്പത്തിക പ്രതിസസിയെ കുറിച്ചുള്ള അടിയന്തര പ്രമേയ ചര്‍ച്ചയിലാണ് പ്രമേയ അവതാരകനായ മാത്യു കുഴല്‍നാടന്‍ ജന്മഭൂമി വാര്‍ത്ത ഉന്നയിച്ച് ഭരണപക്ഷത്തിന് നേരെ ആഞ്ഞടിച്ചത്.
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കി നല്‍കിയിരുന്ന നാലുഗ്രാം സ്വര്‍ണമെഡല്‍ അഞ്ച് വര്‍ഷമായി നല്‍കാത്തതും കലോത്സവത്തില്‍ വിജയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പതിനായിരം രൂപ ക്യാഷ് പ്രൈസും നല്‍കാത്തത് ഈമാസം 25ന് ജന്മഭൂമി നല്‍കിയിരുന്നു. തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോർട്ടർ അനീഷ് അയിലമാണ് ജന്മഭൂമിക്ക് മാത്രമായി ലഭിച്ച ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. വാര്‍ത്ത ചൂണ്ടി ക്കാട്ടിയാണ് എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്കുള്ള ഫണ്ടുകള്‍ പിണറായി സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുന്ന വിവരം മാത്യു കുഴല്‍നാടന്‍ വിവരിച്ചത്. ചരിത്രത്തില്‍ ആദ്യമായി പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ആനുകൂല്യങ്ങളില്‍ കൈവച്ച സര്‍ക്കാരെന്ന ഖ്യാതിയാണ് പിണറായി സര്‍ക്കാരിന് ഉള്ളതെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ഫുള്‍ എപ്ലസ് നേടിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്ന അരപ്പവന്‍ മെഡല്‍ നല്‍കുന്നില്ല. അവരുടെ 10000 പവന്‍ പിണറായി സര്‍ക്കാര്‍ തട്ടിയെടുത്തിയിരിക്കുകയാണെന്നും 20000 കുട്ടികള്‍ക്ക് അരപ്പവന്‍ വീതം കിട്ടേണ്ടത് സര്‍ക്കാര്‍ കവര്‍ന്നെടുത്തുവെന്നും മാത്യു വാര്‍ത്ത ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെ വിമര്‍ശിച്ചു.
കടമ്മനിട്ട കവിതയെഴുതുന്ന സമയം ആയിരുന്നെങ്കില്‍ നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ?, നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചുഴന്നെടുക്കുന്നോ? എന്നെഴുതിയ അതേ പേനകൊണ്ട് ‘നിങ്ങളവരുടെ ഇറ്റുസ്വര്‍ണം കവര്‍ന്നെടുക്കുന്നോ’ എന്ന് നിങ്ങളെ നോക്കി ചോദിക്കുമായിരുന്നു. അവരുടെ പതിനായിരം പവന്‍ പിടിച്ചുവച്ചിരിക്കുകയാണ്. അത് കൂടാതെ കലോത്സവത്തില്‍ വിജയികള്‍ക്ക് നല്‍കിയിരുന്ന 10000 ഗ്രാന്റ് 2019 മുതല്‍ കൊടുക്കുന്നില്ലെന്ന് മാത്രമല്ല, അപേക്ഷ പോലും വാങ്ങിക്കുന്നില്ല. ഇതൊക്കെ ആയിരിക്കുമ്പോഴും സര്‍ക്കാരിന്റെ ധൂര്‍ത്തിനും ചെലവിനും ഒരുമയവും മടിയുമില്ലെന്നും കുഴല്‍നാടന്‍ രൂക്ഷമായി വിമര്‍ശിച്ചു. പിന്നാലെ ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍ പട്ടികജാതി മന്ത്രി എ.പി.അനില്‍കുമാറും ജന്മഭൂമി വാര്‍ത്ത പരാമര്‍ശിച്ചു.
ഇതോടെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഉത്തരം മുട്ടി. അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പട്ടികജാതി മന്ത്രിഒ.ആര്‍.കേളു മറുപടി പറയാന്‍ തയ്യാറായില്ല. ധനമന്ത്രി കെ.എന്‍.ബാലഗോപാലാകട്ടെ പട്ടികജാതി വിഭാഗത്തിന്റെ പതിനായിരം പവന്‍ തടഞ്ഞുവച്ചിരിക്കുന്നതില്‍ കൃത്യമായി മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയും ചെയ്തു.