
മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യതാരങ്ങളിൽ ഒരാളായിരുന്നു സലീം കുമാർ. കരിയറിന്റെ തുടക്കം മുതൽ തന്റെ വേഷങ്ങളിലൂടെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്‌ത അദ്ദേഹം നിലവിൽ സിനിമയിൽ അത്രത്തോളം സജീവമല്ല. ഇടയ്‌ക്ക് ചില ആരോഗ്യ പ്രശ്‌നങ്ങൾ ഒക്കെ വന്നതോടെയാണ് അദ്ദേഹത്തിന് സിനിമയിൽ നിന്ന് മാറി നിൽക്കേണ്ടി വന്നത്. എങ്കിലും ഇടയ്‌ക്കിടെ ചില വേഷങ്ങളിലൂടെ വന്ന് അദ്ദേഹം പ്രേക്ഷകരെ ഞെട്ടിക്കാറുണ്ട്.
അടുത്തിടെ ദിലീപ് നായകനായ ഭഭബ എന്ന ചിത്രത്തിലും സലീം കുമാർ ഒരു വേഷം കൈകാര്യം ചെയ്‌തിരുന്നു. ഇപ്പോഴിതാ തന്റെ അസുഖത്തെ കുറിച്ചും ആ സമയത്ത് കൂടെ നിന്നവരെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് സലീം കുമാർ. അമൃത ടിവിയിലെ ആനീസ് കിച്ചൺ എന്ന പരിപാടിയിലൂടെയാണ് സലീം കുമാർ മനസ് തുറന്നത്. ഒരുപാട് പേരുടെ കപട മുഖങ്ങൾ താൻ കണ്ടെന്നും ദൈവ വിശ്വാസി അല്ലെന്നും അദ്ദേഹം പറഞ്ഞു.
അമൃതാനന്ദമയി അമ്മയുമായി വളരെയധികം അറ്റാച്ച്മെന്റ് ഉള്ളയാളാണ് ഞാൻ. എനിക്കൊരു വലിയ സർജറി ഉണ്ടായിരുന്നു. അതിന്റെ സമയത്ത് അവിടെ ഒരു ഷൈൻ ഡോക്‌ടർ ഉണ്ടായിരുന്നു, അമൃതയിൽ വച്ചായിരുന്നു സർജറി. എന്നോട് അദ്ദേഹം അമ്മയെ ചെന്നൊന്ന് കാണാൻ പറഞ്ഞു. ഞാൻ വിചാരിച്ചു എന്തോ പൈസയുടെ കുറയ്‌ക്കാൻ വേണ്ടിയോ മറ്റോ ആണ് അത് പറയുന്നതെന്ന്. വേണ്ടെന്ന് ഞാൻ പറഞ്ഞു, നമുക്ക് ചെയ്യാമെന്നും. അതിനൊന്നും അല്ല ഒന്ന് പോ എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്
അപ്പോൾ എനിക്ക് രണ്ട് പിള്ളേരും വൈഫും അല്ലാതെ വേറെയാരും തിരിഞ്ഞു നോക്കുന്നു പോലുമില്ല. വേറെയാരുമില്ല, കാരണം എന്റെ കച്ചോടം പൂട്ടിയല്ലോ. ഒരു ഒരാൾ ഉണ്ടായിരുന്നില്ല ഞങ്ങളെ സഹായിക്കാൻ. അങ്ങനെ ഒന്ന് ചെന്ന് കണ്ടേക്കാമെന്ന് വിചാരിച്ചു. അവിടെ ചെന്നു. ഞാൻ ഭയങ്കര ഇതിലാണ് പോയത്, ഒരിക്കലും പൈസയുടെ സഹായം ഒന്നും ചോദിക്കില്ലെന്ന് ഉറപ്പിച്ചതാണ്. അങ്ങനെ അവിടെ ചെന്ന് അമ്മയെ കണ്ടു.
കണ്ടപ്പോൾ എന്നോട് എന്താണ് വന്നതെന്ന് ചോദിച്ചു. എന്തേലും പറയാനുണ്ടോ എന്ന് ചോദിച്ചു ഞാൻ പറഞ്ഞു പറയാനുണ്ടെന്ന്. എനിക്ക് ഇപ്പോൾ 45 വയസായി, അമൃതയിൽ കിടക്കുന്ന രജിസ്‌റ്ററിൽ എന്റെ വയസ് 56 ആണെന്നാണ്. അതൊന്ന് മാറ്റി തരണമെന്ന് ഞാൻ പറഞ്ഞു. വേറൊന്നും സംസാരിച്ചില്ല. ചെന്നോളൂ എന്ന് മാത്രമാണ് പറഞ്ഞത്. ശരിക്കും ആ സമയത്ത് എനിക്ക് പറയാൻ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ വാക്കുകൾ അല്ലേ പ്രധാനം.
ഞാൻ ഒരിക്കലും ഒരു ദൈവ വിശ്വാസിയല്ല, പക്ഷേ എനിക്ക് അമ്മയിൽ വിശ്വാസമുണ്ട്. അമ്മ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. യുഎന്നിൽ ഒരു മലയാളി ചെന്ന് മലയാളത്തിൽ പ്രസംഗിക്കുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല. ലോകം മുഴുവൻ ആദരിക്കുന്ന ഒരു വ്യക്തിയെ നമ്മൾ മാത്രം എന്തിന് തള്ളി പറയണം. ഒരു സാധു സ്ത്രീയെ പോലെയാണ് എനിക്ക് തോന്നിയത്.
എല്ലാവരുമായി ഫ്രണ്ട്ഷിപ്പ് ഉണ്ടെനിക്ക്, പക്ഷെ ആത്മാർത്ഥ സുഹൃത്തുക്കൾ എന്ന് പറയുന്നത് വിരലിൽ എണ്ണാവുന്നത് മാത്രമാണ്. എല്ലാവരോടും ഞാൻ ഫ്രണ്ട്ലി ആയിട്ടാണ് സംസാരിക്കാറുള്ളത്. ആത്മാർത്ഥ സുഹൃത്തുക്കൾ കൂടുതലും സ്ത്രീകളാണ്. ജീവിതത്തിന്റെ തുരുത്തിൽ ഒറ്റപ്പെടൽ ഭയങ്കരമാണ്. ഒരാൾ ഒറ്റപ്പെടുമ്പോഴാണ് അയാൾക്ക് ആരെങ്കിലും വേണ്ടത്. എനിക്ക് ഒരുപാട് പേരെ മനസിലാക്കാൻ പറ്റി. പലർക്കും സ്വാർത്ഥതയാണ് കൂടുതൽ.