മട്ടാഞ്ചേരി: ഏഷ്യയില്‍ ആദ്യമായി ഹംപ്ബാക്ക് ഡോള്‍ഫിനുകളുടെ ഇണചേരല്‍ ദൃശ്യം പകര്‍ത്തി ഐസിഎആര്‍ സെന്‍ട്രല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലെ ഗവേഷകര്‍. കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി മത്സ്യ സമ്പദയോജന പരിപാടിയുടെ ഭാഗമായി നടത്തിയ കടല്‍ സസ്തനികളുടെ കണക്കെടുപ്പിലാണ് ഏറെ നിര്‍ണായകമായ ദൃശ്യങ്ങള്‍ പകര്‍ത്താനായത്.
കൊച്ചി തീരക്കടലില്‍ നടത്തിയ ഡ്രോണ്‍ പര്യവേഷണത്തിലാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. പരിശോധനയില്‍ നാല് ഡോള്‍ഫിനുകള്‍ അടങ്ങുന്ന ഡോള്‍ഫിന്‍ കൂട്ടത്തെ ഗവേഷണ സംഘം കണ്ടെത്തുകയായിരുന്നു. ഇണചേരലും അതിനു മുന്നോടിയായുള്ള സ്വഭാവ സവിശേഷതകളും അടങ്ങുന്ന മൂന്നു മിനിറ്റ് നീളുന്ന വീഡിയോയാണ് സംഘം പകര്‍ത്തിയത്. പിന്നീട് ഇവ പഠനത്തിന് വിധേയമാക്കി.
ഏകദേശം 24 മുതല്‍ 29 സെക്കന്റ് വരെ നീളുന്ന ഇണചേരലും അനുബന്ധ ചലനങ്ങളും പരിശോധിച്ച് വിശകലനം ചെയ്തു. സാധാരണയായി ഒന്നോ അതിലധികം ചാക്രിക രീതിയിലുള്ള പ്രത്യേക നീന്തല്‍ നടത്തിയാണ് ഹംപ്ബാക്ക് ഡോള്‍ഫിനുകള്‍ ഇണചേരുന്നത്. അത്തരത്തിലുള്ള ഒരു പൂര്‍ണ ചക്രവും ഗവേഷകര്‍ക്ക് പകര്‍ത്താനായി.
വംശനാശ ഭീഷണി നേരിടുന്ന ഈ ഡോള്‍ഫിനുകള്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ റെഡ് ലിസ്റ്റില്‍ പെടുന്നവയാണ്. പാണ്ടന്‍ പന്നി എന്നാണ് ഇവ പ്രാദേശികമായി അറിയപ്പെടുന്നത്. ഈ ദൃശ്യങ്ങള്‍ ഹംപ്ബാക്ക് ഡോള്‍ഫിനുകളുടെ സാമൂഹിക പ്രജനന പെരുമാറ്റ സ്വഭാവത്തെപ്പറ്റി വരുംകാല പഠനത്തിന് നിര്‍ണായക പങ്കുവഹിക്കുമെന്ന് സിഫ്റ്റ് ഡയറക്ടര്‍ ജോര്‍ജ് നൈനാന്‍ പറഞ്ഞു.
സീനിയര്‍ സയന്റിസ്റ്റ് ഡോ. കെ.കെ. പ്രജിത്തിന്റെ നേതൃത്വത്തില്‍ നടന്ന ഗവേഷണ സംഘത്തില്‍ ഡോ. പരസ്‌നാഥ് ജാ, ഡോ. റിതിന്‍ ജോസഫ്, ഡോ. ദിജു ദാസ്, ഋഷികേശ്, ഇമ്മാനുവല്‍, അബു താഹിര്‍ ഷാ എന്നിവരും ഉള്‍പ്പെടുന്നു. ഗവേഷണത്തിന്റെ ഫലങ്ങള്‍ അന്താരാഷ്‌ട്ര ഗവേഷണ ജേര്‍ണലായ റീജിനല്‍ സ്റ്റഡീസ് ഇന്‍ മറൈന്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.