കണ്ണൂര്‍: ഹജ്ജ് തീര്‍ഥാടനം ആത്മീയപ്രകാശനത്തിനുള്ള യാത്രയാണെന്നും ഇത്തരം യാത്രകള്‍ മനുഷ്യരില്‍ സഹോദര്യം വളര്‍ത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഹജ്ജ് ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കവെയാണ് മുഖ്യമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട സൗകര്യം ലഭ്യമാക്കുക എന്നത് സര്‍ക്കാരിന്റെ നയമാണെന്നും അദ്‌ദേഹം വ്യക്തമാക്കി. കണ്ണൂര്‍ ഹജ്ജ് ഹൗസ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കാസര്‍കോട്, മംഗലാപുരം, വയനാട് എന്നിവിടങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഏറെ പ്രയോജനം ചെയ്യും. ഇതിനായി അഞ്ചു കോടി രൂപ അനുവദിച്ചു. കിന്‍ഫ്ര പൊതു വികസന കാര്യങ്ങള്‍ക്കായി ഏറ്റെടുത്ത സ്ഥലത്തില്‍ നിന്നാണ് ഒരു ഏക്കര്‍ സ്ഥലം ഹജ്ജ് ഹൗസിനായി വിട്ടുനല്‍കുന്നത്. അയ്യായിരത്തോളം ഹജ്ജ് യാത്രികരാണ് കണ്ണൂരില്‍ നിന്നുള്ളത്. അടുത്ത തീര്‍ഥാടനകാലത്ത് പണി പൂര്‍ത്തിയാക്കും വിധം പ്രവൃത്തികള്‍ സമയബന്ധിതമായി നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കോഴിക്കോട് വിമാനത്താവളത്തോട് ചേര്‍ന്നാണ് ആദ്യ ഹജ്ജ് ഹൗസ് നിര്‍മിച്ചത്. വനിതാ തീര്‍ഥാടകര്‍ക്കായി എട്ട് കോടി രൂപ മുതല്‍ മുടക്കില്‍ വനിതാ ബ്ലോക്കും നിര്‍മിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.