• Fri. Jan 17th, 2025

24×7 Live News

Apdin News

ഹണി റോസിനെതിരായ അധിക്ഷേപ പരാമര്‍ശം; രാഹുല്‍ ഈശ്വറിനെതിരെ കേസ് എടുത്ത് യുവജന കമ്മീഷന്‍

Byadmin

Jan 17, 2025


കൊച്ചി: ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമർ‌ശങ്ങളിൽ രാഹുൽ ഈശ്വറിനെതിരെ കേസ് എടുത്ത് യുവജന കമ്മീഷൻ. ‘ദിശ’ എന്ന സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സ്ത്രീത്വത്തെ നിരന്തരമായി വാർത്ത ചാനലുകളിലൂടെ അപമാനിക്കുകയും സ്ത്രീ വിരുദ്ധ പരാമർശങ്ങൾ പ്രചരിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് ദിശ പരാതി നൽകിയത്. അതിജീവിതകളെ ചാനൽ ചർച്ചയിൽ അപമാനിക്കുന്ന പാനലിസ്റ്റുകളെ ചർച്ചയിൽ പങ്കെടുപ്പിക്കരുതെന്ന് യുവജനകമ്മീഷൻ അദ്ധ്യക്ഷൻ ഷാജർ ആവശ്യപ്പെട്ടു. മലപ്പുറം കളക്ടറേറ്റിൽ നടന്ന യുവജന കമ്മീഷൻ അദാലത്തിലാണ് കമ്മീഷൻ ഇക്കാര്യം അറിയിച്ചത്.

‘ഹണി റോസിന്റെ വസ്ത്രവും ബോബി ചെമ്മണ്ണൂരിന്റെ പെരുമാറ്റവും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ഇത് അം​ഗീകരിച്ച് കഴിഞ്ഞാൽ സോഷ്യൽ ഓഡിറ്റിം​ഗിന് ഹണി റോസിനെ വിധേയമാക്കേണ്ടി വരും. നടിയുടെ വസ്ത്രം സാരിയാണെങ്കിലും ഓവർ‌ എക്സ്പോസിം​ഗാണ്, ബോബിയുടെ വാക്കുകൾക്ക് ഡീസെൻസി വേണമെന്നത് പോലെ ഹണിയുടെ വസ്ത്രത്തിനും ഡീസെൻസി വേണം’, തുടങ്ങിയ പരാമർശങ്ങളാണ് രാഹുൽ ഈശ്വർ ചാനൽ ചർ‌ച്ചകളിലൂടെ നടത്തിയിരുന്നത്. ഫേസ്ബുക്ക് പേജിലൂടെയും രാഹുൽ ഈശ്വർ വിമർശനങ്ങൾ ഉയർത്തിയിരുന്നു.

സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി നടി ഹണി റോസ് നേരത്തെ പരാതി നൽകിയിരുന്നു. പിന്നാലെ അറസ്റ്റ് സാധ്യത മുന്നിൽ കണ്ട് രാഹുൽ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടിയ വേളയിലാണ് ഹൈക്കോടതിയിൽ രാഹുൽ ഈശ്വർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിന്റെ നിലപാട് തേടിയിരുന്നു. എന്നാൽ രാഹുലിനെതിരെ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല.

ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നാണ് ജാമ്യാപേക്ഷയിൽ രാഹുൽ ഈശ്വറിൻ്റെ വാദം. ഹണി റോസിൻ്റെ വസ്ത്ര ധാരണത്തിൽ ഉപദേശം നൽകുക മാത്രമാണ് താൻ ചെയ്തത്. സൈബർ ആക്രമണത്തിന് കാരണമായ ഒന്നും മാധ്യമങ്ങളിലൂടെ സംസാരിച്ചിട്ടില്ല. ആർക്കെതിരെയും സൈബർ അധിക്ഷേപം പാടില്ല എന്നാണ് തൻ്റെ നിലപാട് എന്നുമാണ് മുൻകൂർ ജാമ്യാപേക്ഷയിൽ രാഹുൽ ഈശ്വറിൻ്റെ വാദം.

By admin