
ജെറുസലെം: പലസ്‌തീനിലെ ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യക്ക് മേലെ കടുത്ത സമ്മർദ്ദവുമായി ഇസ്രയേലും ബെഞ്ചമിന്‍ നെതന്യാഹുവും. ഇസ്രയേലിനെ പോലെ തന്നെ ഹമാസ് ഇന്ത്യക്കും സുരക്ഷാ ഭീഷണിയാകുമെന്നാണ് അറിയിപ്പ്.
ഇസ്രായേൽ പ്രതിരോധ സേനയുടെ അന്താരാഷ്‌ട്ര വക്താവ് ലെഫ്റ്റനന്റ് കേണൽ നദവ് ശോഷാനി ജറുസലേമിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞതാണ് ഇക്കാര്യം. ഇന്ത്യയ്‌ക്കും ഇസ്രായേലിനും ഒരു പൊതു ശത്രുവുണ്ട്. നമ്മൾ ആരെയാണ് നേരിടുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു പ്രസ്താവന ഉണ്ടാകുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കർ-ഇ-ത്വയ്ബ (എൽഇടി)യുമായും ഇറാൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള മറ്റ് ഭീകര സംഘടനകളുമായും ഹമാസ് ശക്തമായ ബന്ധം വളർത്തുകയാണെന്ന് ഇസ്രയേൽ ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
ഒക്ടോബർ ഏഴ് ആക്രമണത്തിന് പിന്നാലെ 2023 ൽ ലഷ്‌കർ-ഇ-തൊയ്‌ബയെ ഇസ്രയേൽ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ആഗോള ക്രിമിനൽ ശൃംഖലകളെ ഉപയോഗിച്ച് ഇറാൻ ആക്രമണങ്ങൾ നടത്തുന്നെന്നും ലഷ്കർ-ഇ-തൊയ്ബയുമായടക്കം ഹമാസും ബന്ധം ശക്തിപ്പെടുത്തുന്നതും ഗൗരവതരമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗാസയിൽ യുദ്ധത്തിന്റെ ഇരകൾക്ക് സഹായമെത്തിക്കുന്ന യുഎൻആർഡബ്ല്യുഎക്ക് സഹായം നൽകുന്നത് ഇന്ത്യ നിർത്തണമെന്നും ഇസ്രയേല്‍ ആവശ്യപ്പെടുന്നുണ്ട്. 2024-25ൽ ഇന്ത്യ ഈ യുഎൻ ഏജൻസിക്ക് 50 ലക്ഷം ഡോളർ സഹായം നൽകിയിരുന്നു.