
ഇസ്ലാമബാദ്: പാകിസ്ഥാനിലെ ലഷ്‌കര്‍ ഇ തൊയ്ബയുടെ ഭീകര കാമ്പില്‍ മുതിര്‍ന്ന ഹമാസ് നേതാവ് നജി സഹീര്‍ മുഖ്യാതിഥിയായി പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ലഷ്‌കറിന്റെ രാഷ്‌ട്രീയ മുഖമായ പാകിസ്ഥാന്‍ മര്‍കാസി മുസ്ലിം ലീഗ് (പിഎംഎംഎല്‍) സംഘടിപ്പിച്ച പരിപാടിയിലാണ് നജി എത്തിയത്. ലഷ്‌കറിന്റേയും ഹമാസിന്റെയും ഭീകരനേതാക്കള്‍ വേദി പങ്കിടുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
പാകിസ്ഥാനിലെത്തിയ നജി, ലഷ്‌കര്‍ കമാന്‍ഡര്‍ റഷീദ് അലി സന്ധുവുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഹമാസും പാക് ഭീകര സംഘടനകളും തമ്മിലുള്ള ബന്ധം ശക്തമാകുന്നതിന്റെ സൂചനയാണിത്. അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ഫെബ്രുവരിയില്‍ നജി ഉള്‍പ്പടെയുള്ള ഹമാസ് ഭീകരര്‍ പിഒകെയില്‍ രഹസ്യയോഗം ചേര്‍ന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.
ലഷ്‌കര്‍ ഇ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍മാര്‍ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. അതുകൂടാതെ 2024 ജനുവരിയില്‍ നജി പാകിസ്ഥാന്‍ സന്ദര്‍ശനം നടത്തുകയും കറാച്ചി പ്രസ്‌ക്ലബിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു.