• Thu. May 22nd, 2025

24×7 Live News

Apdin News

ഹയര്‍സെക്കന്ററി അധ്യാപകരുടെ ട്രാന്‍സ്ഫര്‍ പ്രൊവിഷണല്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു, പരാതികള്‍ മെയ് 24 നകം നല്‍കണം

Byadmin

May 21, 2025



തിരുവനന്തപുരം: സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകരുടെ 2025-26-ലെ ഓണ്‍ലൈന്‍ വഴിയുള്ള സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട താല്‍ക്കാലിക പട്ടിക (പ്രൊവിഷണല്‍ ലിസ്റ്റ്) www.dhsetransfer.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. ലിസ്റ്റിന്മേല്‍ പരാതികള്‍ മെയ് 24 നകം [email protected] എന്ന ഇ-മെയിലില്‍ സമര്‍പ്പിക്കണം. മെയ് 31 നകം ട്രാന്‍സ്ഫര്‍ പ്രക്രിയ പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്റെ (കൈറ്റ്) മേല്‍നോട്ടത്തില്‍ നടന്നുവരികയാണ്.
പ്രൊഫൈല്‍ അപ്ഡേറ്റ് ചെയ്യാന്‍ നിരവധി അവസരങ്ങള്‍ നല്‍കിയിട്ടും അവ കൃത്യമാക്കാത്തതുമൂലം അധ്യാപകരുടെ സേവന കാലയളവ് ലിസ്റ്റില്‍ കുറവായി കാണുന്നുവെങ്കില്‍ അത്തരം പരാതികള്‍ ഇനി പരിഗണിക്കില്ല. പരിരക്ഷിതം, മുന്‍ഗണന, അനുകമ്പാര്‍ഹം വിഭാഗത്തില്‍ തെറ്റായ വിവരങ്ങളും രേഖകളും നല്കി ആനുകൂല്യം പറ്റുന്നവര്‍ ലിസ്റ്റിലുണ്ടെങ്കില്‍ അതിനെതിരെ മറ്റുളളവര്‍ക്കും പരാതി നല്‍കാം. പ്രിന്‍സിപ്പല്‍മാര്‍ ഫോര്‍വേഡ് ചെയ്ത മുന്‍ഗണനാ വിഭാഗത്തിലെ അപേക്ഷകള്‍ മതിയായ രേഖകള്‍ ഇല്ല എന്ന് പിന്നീട് കണ്ടെത്തിയാല്‍ ആ വിഭാഗത്തില്‍ നിന്ന് അവരെ മാറ്റും.
8209 അപേക്ഷകളാണ് ജനറല്‍ ട്രാന്‍സ്ഫറിനായി ഈ വര്‍ഷം ലഭിച്ചത്. ഇതില്‍ 4694 അധ്യാപകര്‍ക്ക് മറ്റു സ്‌കൂളുകളിലേക്കും 3245 അധ്യാപകര്‍ അവര്‍ നിലവില്‍ ജോലി ചെയ്യുന്ന സ്‌കൂളുകളിലേയ്‌ക്കും പ്രൊവിഷണല്‍ ലിസ്റ്റ് പ്രകാരം ട്രാന്‍സ്ഫര്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ 3607 അധ്യാപകര്‍ക്ക് അവരുടെ ഒന്നാമത്തെ ചോയ്സും 768 അധ്യാപകര്‍ക്ക് രണ്ടാമത്തെ ചോയ്സും ലഭിച്ചിട്ടുണ്ട്. 467 അധ്യാപകര്‍ക്ക് മൂന്നാമത്തെയും 316 അധ്യാപകര്‍ക്ക് നാലാമത്തേയും ചോയ്സുകള്‍ ലഭിച്ചു. അന്തിമ പട്ടികയില്‍ മാറ്റം വരാം.

 

 

 

By admin