
ന്യൂദൽഹി: 2024 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അന്തിമ വോട്ടർ പട്ടിക എല്ലാ രാഷ്‌ട്രീയ പാർട്ടികളുമായും പങ്കിട്ടിരുന്നെങ്കിലും ഒരു പാർട്ടിയും എതിർപ്പ് ഉന്നയിച്ചിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്ത് ഇരട്ടി വോട്ടർമാരെ ആരോപിച്ച് ഒരു പരാതി പോലും ഫയൽ ചെയ്തിട്ടില്ലെന്നും ഹരിയാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
ഹരിയാനയിലെ വോട്ടർ പട്ടികയിലെ ചില പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി ഇന്ന് തന്റെ ‘വോട്ട് ചോരി’ ആരോപണത്തിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസ്താവന ഇറക്കിയത്. തെരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്പ് മാത്രമാണ് വോട്ടർ പട്ടിക കോൺഗ്രസ് പാർട്ടിക്ക് നൽകുന്നത് എന്ന രാഹുൽ ഗാന്ധിയുടെ അവകാശവാദവും തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. തെഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുമ്പ് തന്നെ പട്ടിക പ്രസിദ്ധീകരിക്കുകയും അംഗീകൃത രാഷ്‌ട്രീയ പാർട്ടികൾക്ക് നൽകുകയും ചെയ്തിരുന്നുവെന്നും കമ്മിഷൻ വ്യക്തമാക്കി.
2024 ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ നടന്നതായി ആരോപിക്കപ്പെടുന്ന തെരഞ്ഞെടുപ്പ് ക്രമക്കേടുകളുടെ ഒരു രേഖയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി “എച്ച് ഫയൽസ്” എന്ന് വിശേഷിപ്പിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനും (ഇസിഐ) ഭരണകക്ഷിയായ ബിജെപിയും ചേർന്ന് ഒരു വലിയ വോട്ട് മോഷണം പദ്ധതി ആസൂത്രണം ചെയ്തുവെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം.