കവറത്തി : ‘ഹര്‍ ഘര്‍ തിരംഗ’ യോടനുബന്ധിച്ച് ലക്ഷദ്വീപില്‍ നടന്ന പരിപാടിയില്‍ ബി ജെ പി കേരള ഘടകം മുന്‍ അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പങ്കെടുത്തു.ദ്വീപിലെ പാര്‍ട്ടിയുടെ വനിതാ പ്രവര്‍ത്തകര്‍ക്കൊപ്പം ദേശീയ പതാക ഉയര്‍ത്തി പിടിച്ച് നില്‍ക്കുന്ന ചിത്രം അദ്ദേഹം സമൂഹ മാധ്യമത്തില്‍ പങ്കു വച്ചു.രാജ്യത്ത് ഉടനീളം ജനങ്ങളുടെ ഹൃദയങ്ങളിലും വീടുകളിലും ദേശീയ പതാക – തിരംഗ- ഉയര്‍ത്തുന്നത് പ്രചോദിപ്പിക്കുന്നതിനായി ആസാദി കാ അമൃത് മഹോത്സവത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ചതാണ്് ഹര്‍ ഘര്‍ തിരംഗ’ പരിപാടി.
ഹര്‍ ഘര്‍ തിരംഗ’ പരിപാടിയുടെ നാലാമത് പതിപ്പ് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.ഇതിനായി അഞ്ച് ലക്ഷത്തിലധികം യുവാക്കള്‍ സന്നദ്ധ പ്രവര്‍ത്തകരായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന്
കേന്ദ്ര സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് പറഞ്ഞു.
ഹര്‍ ഘര്‍ തിരംഗ എന്നത് കേവലം ഒരു പ്രചാരണ പരിപാടി എന്നതിലുപരി 140 കോടി ഇന്ത്യക്കാരെ നമ്മുടെ ദേശീയ പതാകയുടെ കാലാതീതമായ വര്‍ണ്ണങ്ങള്‍ക്ക് കീഴില്‍ ഒന്നിപ്പിക്കുന്ന വൈകാരിക പ്രസ്ഥാനമാണ്. അടിയുറച്ച ദേശസ്‌നേഹവും പൗരാഭിമാനവും വളര്‍ത്തുക, നമ്മുടെ ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ജീവിക്കുന്ന പ്രതീകമായ തിരംഗയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യമെന്ന് ന്യൂദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ഗജേന്ദ്ര സിംഗ് ശെഖാവത്ത് പറഞ്ഞു.
പൗരന്മാരും ദേശീയ പതാകയും തമ്മിലുള്ള ബന്ധത്തെ ഔപചാരികമായ രീതിയില്‍ നിന്ന്, ആഴത്തിലുള്ള വ്യക്തിപരമായ ബന്ധത്തിലേക്ക് പരിവര്‍ത്തനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഹര്‍ ഘര്‍ തിരംഗ വിഭാവനം ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി അഭിമാനത്തോടെയും ആദരത്തോടെയും ദേശീയ പതാക ഉയര്‍ത്താന്‍ ഓരോ ഇന്ത്യക്കാരനെയും ഈ പരിപാടിയിലൂടെ പ്രോത്സാഹിപ്പിക്കുയാണ് ലക്ഷ്യം.