
ധാക്ക ; ഇന്ത്യയുമായുള്ള ബംഗ്ലാദേശിന്റെ ബന്ധം ഒരു പ്രത്യേക വിഷയത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി . ബംഗ്ലാദേശിൽ അടുത്തിടെ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ പാർട്ടി ഇന്ന് പുതിയ സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് പ്രസ്താവന പുറത്ത് വന്നത് .
ഏതെങ്കിലും ഒരു വിഷയം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന് കരുതിന്നില്ലെന്നാണ് മുതിർന്ന ബിഎൻപി നേതാവും ജനറൽ സെക്രട്ടറിയുമായ മിർസ ഫഖ്രുൽ ഇസ്ലാം ആലംഗീർ വ്യക്തമാക്കിയിരിക്കുന്നത് . പുറത്താക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ ഉണ്ടെങ്കിലും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ അത് പ്രതികൂലമായി ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ധാക്കയിലെ ഗുൽഷനിലുള്ള പാർട്ടി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മിർസ ഫഖ്രുൽ ഇസ്ലാം ആലംഗീർ . അടുത്ത ബിഎൻപി സർക്കാർ ഇന്ത്യയുമായുള്ള വികസന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുകയും ബംഗ്ലാദേശിന് ഗുണം ചെയ്യുന്ന പദ്ധതികൾ ത്വരിതപ്പെടുത്തുകയും ചെയ്യുമെന്നും ആലംഗീർ പറഞ്ഞു.
‘ ഷെയ്ഖ് ഹസീനയ്‌ക്കെതിരെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിക്കപ്പെട്ടിട്ടുണ്ടെന്ന് ബംഗ്ലാദേശ് വിശ്വസിക്കുന്നു. രാജ്യത്തെ ജനങ്ങൾ അവർക്ക് ശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുന്നുമുണ്ട്. അതിനാൽ, ഇന്ത്യ ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.ഹസീനയെ കൈമാറിയില്ലെങ്കിലും, ഇരു രാജ്യങ്ങളും തമ്മിലുള്ള വിശാലമായ ബന്ധത്തെ, പ്രത്യേകിച്ച് വ്യാപാര, സാമ്പത്തിക സഹകരണത്തെ അത് ബാധിക്കില്ല. ഇന്ത്യയുമായി കൂടുതൽ മികച്ച ബന്ധം കെട്ടിപ്പടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏതെങ്കിലും ഒരു വിഷയത്തിൽ മാത്രം ഒതുങ്ങരുത്” ആലംഗീർ പറഞ്ഞു.
അതേസമയം മുൻ പ്രധാനമന്ത്രിയും ബിഎൻപി മേധാവിയുമായ ഖാലിദ സിയയുടെ മരണശേഷം പാർട്ടി ചുമതലയേറ്റ താരിഖ് റഹ്മാൻ ഇന്ന് രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും .