ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യ കെ.എം.സി.സി പുറത്തിറക്കിയ ഹാഷിം എഞ്ചിനീയർ ഓർമ്മപുസ്തകം യാ ഹബീബിയുടെ സൗദീതല പ്രകാശനം മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി ഇറാം ഗ്രൂപ്പ് ചെയർമാൻ ഡോ. സിദ്ധീഖ് അഹ്‌മദിന് നൽകി കൊണ്ട് നിർവ്വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും പ്രമുഖ പത്രപ്രവർത്തകനും വാഗ്മിയുമായ സി.പി സെയ്തലവി ഹാഷിം എഞ്ചിനീയർ അനുസ്മരണ പ്രഭാഷണം നടത്തി.
കിഴക്കൻ പ്രവിശ്യ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് ക്കുട്ടി കോഡൂരിന്റെ അധ്യക്ഷതയിൽ ചേർന്ന ജനനിബിഢമായ സാംസ്കാരിക സമ്മേളനം സൗദി കെ.എം.സ.സി ദേശീയ പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ ഉദ്ഘാടനം ചെയ്തു.
കെഎംസിസിയുടെ പല ജനകീയ പദ്ധതികളുടേയും സൂത്രധാരകനും സംഘടനയുടെ ഭരണഘടന പരിഷ്കരണത്തിന് പിന്നിലെ മാസ്റ്റർ ബ്രയിനുമായിരുന്നു ഹാഷിം എഞ്ചിനീയറെന്ന് പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവേ ഇ.ടി മുഹമ്മദ് ബഷീർ എം.പി സൂചിപ്പിച്ചു.
അന്യരുടെ പ്രയാസങ്ങൾ പരിഹരിക്കാനും മറ്റുള്ളവരുടെ കണ്ണീരൊപ്പാനും രാപകലില്ലാതെ ഓടിനടക്കുന്ന കെഎംസിസി പ്രവർത്തകർക്ക് ഹാഷിം എഞ്ചിനീയർ എന്നും ഒരു പ്രചോദന മായിരിക്കുമെന്നും പൊതു നന്മക്കായുള്ള ഈ ഓട്ടത്തിൽ കെ എം സി സി യോട് ചേർന്നു നിൽക്കുന്നതിൽ സന്തോഷമുണ്ടെന്നും പുസ്തകം ഏറ്റു വാങ്ങിയ ഡോ. സിദ്ധീഖ് അഹമ്മദ് പറഞ്ഞു.
വായനയേ സ്നേഹിച്ച പുസ്തകങ്ങളെ നെഞ്ചോട് ചേർത്ത് വെച്ച സൗമ്യനും നേതൃ ഗുണങ്ങളാൽ സമ്പന്നനുമായിരുന്നു ഹാഷിം എഞ്ചിനീയർ, തനിക്ക് ലഭിച്ച സൗകര്യങ്ങളിൽ ഒതുങ്ങിക്കൂടാതെ മറ്റുള്ളവർക്ക് സൗകര്യങ്ങൾ ഒരുക്കാനായുള്ള ഓട്ടത്തിലായിരുന്നു ജീവിതാന്ത്യം വരെ അദ്ദേഹമെന്നും സി.പി സെയ്തലവി ഓർമ്മിപ്പിച്ചു, പുതിയ തലമുറയിലെ പ്രവർത്തകർക്ക് ആ ജീവിതത്തിൽ നിന്ന് ഒത്തിരി പഠിക്കാനുണ്ടെന്നും ഈ ഓർമ്മ പുസ്തകം ആ ദൗത്യം നിർവ്വഹിക്കാൻ മാത്രം പ്രൗഢമാണെന്നും അദ്ദേഹം അഭിപ്രായപെട്ടു.
ഡോ. ടി.പി മുഹമ്മദ് പുസ്തകം അവതരിപ്പിച്ചു. സിദ്ധീഖ് പാണ്ടികശാല സംഘടനാ പ്രവർത്തങ്ങൾ വിശദീകരിച്ചു. യാ ഹബീബി ഓർമ്മപുസ്തകം ചീഫ് എഡിറ്റർ മാലിക് മഖ്ബൂൽ ആലുങ്ങൽ പുസ്തകം പിറന്ന നാൾ വഴികൾ സദസ്സുമായി പങ്ക് വെച്ചു. അഹമ്മദ് പുളിക്കൽ, അബ്‌ദുൽ ഹമീദ് കുണ്ടോട്ടി, പ്രദീപ് കൊട്ടിയം, കെ.എം ബഷീർ, സി.എച്ച് മൗലവി, സൈനുൽ ആബിദീൻ കുമളി എന്നിവർ സംസാരിച്ചു.
ഉപജീവനത്തിനായി ഗൾഫിലേക്ക് കുടിയേറിയ ഒന്നാം തലമുറയുടെ വിസ്മൃതിയിലാണ്ടുപോയ ത്യാഗങ്ങളുടെയും അതിജീവനത്തിൻ്റെയും ഇന്നലകളിലേക്ക് കൂടി വിരൽ ചൂണ്ടുന്ന ഈ പുസ്തകം പ്രവാസത്തെയും പ്രവാസ ലോകത്തെയും ഒപ്പം കെഎംസിസി എന്ന സംഘടനയേയും അടുത്തറിയാനും കൂടുതൽ പഠിക്കാനും നമ്മേ പ്രേരിപ്പിക്കും.
റഹ്‌മാൻ കാരയാട്, കബീർ കൊണ്ടോട്ടി, ഒ.പി ഹബീബ്, അമീറലി കൊയിലാണ്ടി, അബ്ദുൽ മജീദ് കൊടുവള്ളി, നജീബ് ചീക്കിലോട് എന്നിവർ അതിഥികളെ സ്നേഹോപഹാരം നൽകി സ്വീകരിച്ചു.
അബ്‌ദുൽ ഖാദർ വാണിയമ്പലം, അബ്ദുൽ കരീം ടി.ടി, ഖാദി മുഹമ്മദ്, മുഹമ്മദ് കുട്ടി കരിങ്കപ്പാറ, അൻസാരി നാരിയ, ഉമ്മർ ഓമശ്ശേരി, ഇഖ്ബാൽ ആനമങ്ങാട്, സലാം ആലപ്പുഴ ഫൈസൽ കൊടുമ, ഹുസൈൻ കെ.പി വേങ്ങര, മുജീബ് കൊളത്തൂർ, സമദ് കെ.പി വേങ്ങര, അറഫാത്ത് ഷംനാട്, സാദിഖ് എറണാംകുളം, നിസാർ അഹ്‌മദ്, സഫീർ അച്ചു, ഷെരീഫ് പാറപ്പുറത്ത്, ജമാൽ മീനങ്ങാടി, നിസാർ വടക്കുംപാട്, ഫഹദ് കൊടിഞ്ഞി, ഷബ്‌ന നജീബ്, റൂഖിയ റഹ്‌മാൻ, ഫൗസിയ റഷീദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ബഷീർ ബാഖവിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ
പ്രസാധക സമിതി ജനറൽ കൺവീനർ ആലിക്കുട്ടി ഒളവട്ടൂർ സ്വാഗതവും പ്രവിശ്യ കെ.എം.സി.സി ട്രഷറർ അഷ്‌റഫ് ഗസൽ നന്ദിയും പറഞ്ഞു. സഹീർ മജ്ദാൽ അവതാരകനായിരുന്നു.