കൊച്ചി: എറണാകുളം ജില്ലയിലെ പള്ളൂരുത്തി സെന്‍റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദം തുടങ്ങിവെച്ചത് ഒരു വിദ്യാര്‍ത്ഥിനി. പക്ഷെ സിപിഐ, സിപിഎം, മുസ്ലിംലീഗ്, കോണ്‍ഗ്രസ് എല്ലാവരും കുറ്റപ്പെടുത്തുന്നത് സംഘപരിവാറിനെ.
എസ് ഡിപിഐയെയും മുസ്ലിം വോട്ടുബാങ്കുകളെയും ഭയന്നാണ് കേരളത്തിലെ രാഷ്‌ട്രീയപാര്‍ട്ടികള്‍ ഈ സംഘപരിവാര്‍ വിരോധം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നത്. ഹിജാബ് വിവാദം ആളിക്കത്തിക്കുന്നതിനു പിന്നിൽ സംഘപരിവാർ ഗൂഢാലോചനയുണ്ടെന്നാണ് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി എന്‍ അരുൺ പറഞ്ഞത്.
ചില ക്രൈസ്തവ സഭകളെയും അവരുടെ നിയന്ത്രണത്തിലുള്ള മാനേജ്മെന്റ് സ്ഥാപനങ്ങളെയും മുൻ നിർത്തി കേരളത്തിൽ സംഘപരിവാർ നടത്തി വരുന്ന വർഗീയ വിഭജനത്തിന്റെ പുതിയ അധ്യായമാണ് പള്ളുരുത്തി സ്‌കൂൾ വിഷയവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്നതെന്നാണ് അരുണിന്റെ പ്രസ്താവന.
നാല് മാസം യൂണിഫോം ധരിച്ചുവന്ന കുട്ടി ഒരു സുപ്രഭാദത്തില്‍ ഹിജാബ് ധരിച്ച് വന്നതും അതിനെ എതിര്‍ത്ത സ്കൂള്‍ അധികൃതര്‍ക്കെതിരെ പടിപടിയായി വികാരം ആളിക്കത്തിക്കുന്നതും കണ്ടു. അവസാനം ഒരു ചെറിയ പെണ്‍കുട്ടിക്ക് സ്വന്തം മതത്തിന്റെ ചിഹ്നമായ ഹിജാബ് ധരിക്കാന്‍ സ്വാതന്ത്ര്യം നല്‍കിയില്ല എന്ന് വരെയായി കുറ്റപ്പെടുത്തല്‍ വളര്‍ന്നു.
ഇപ്പോഴിതാ കൊച്ചി പള്ളുരുത്തി സെന്‍റ് റീത്താസ് പബ്ലിക് സ്കൂളിൽ നിന്ന് രണ്ട് വിദ്യാര്‍ത്ഥികള്‍ കൂടി ഹിജാബ് ധരിക്കാന്‍ കഴിയാത്തതിനാല്‍ പഠനം നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ച് വീണ്ടും വിവാദം ആളിക്കത്തിക്കുകയാണ്. സ്കൂളിലെ രണ്ടാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് പഠനം നിര്‍ത്തി വെറെ സ്കൂളിലേക്ക് മാറുന്നത്. പക്ഷെ സിപിഐയുടെ കണ്ണില്‍ ഈ വിവാദം ആളിക്കത്തിച്ചത് സംഘപരിവാര്‍ ആണ്.