
ചെന്നൈ : ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയ്‌ക്കെതിരെ തമിഴ്നാട് പൊലീസ് രജിസ്റ്റർ ചെയ്ത് എഫ് ഐ ആർ റദ്ദാക്കി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് . സനാതനധർമ്മത്തിനെതിരായി പ്രസ്താവന നടത്തിയ ഉദയനിധി സ്റ്റാലിനെതിരായ പരാമശത്തിന്റെ പേരിലാണ് അമിത് മാളവ്യയ്‌ക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത് .
തമിഴ്നാട് ഉപമുഖ്യമന്ത്രിയുടെ ഹിന്ദുവിരുദ്ധ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതികരിച്ചവർക്കെതിരെ കേസെടുത്തെങ്കിലും വിദ്വേഷ പ്രസംഗത്തിന് തുടക്കമിട്ടയാൾക്കെതിരെ നിയമനടപടികൾ എടുത്തിട്ടില്ലെന്നും ജസ്റ്റിസ് എസ് ശ്രീമതി ചൂണ്ടിക്കാട്ടി . കഴിഞ്ഞ 100 വർഷത്തിനിടയിൽ ഹിന്ദുമതത്തിനെതിരെ നിരന്തരം ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്നും ജസ്റ്റിസ് വ്യക്തമാക്കി.
‘ ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മത്തിനെതിരായ പരാമർശങ്ങൾ വിദ്വേഷ പ്രസംഗത്തിന് തുല്യമാണ്. പ്രതികരിച്ച വ്യക്തികളെ കോടതികൾ ചോദ്യം ചെയ്യുന്നുണ്ട്, പക്ഷേ വിദ്വേഷ പ്രസംഗത്തിന് തുടക്കമിട്ട വ്യക്തിക്കെതിരെ നിയമം കൊണ്ടുവരുന്നില്ല. നിലവിലെ കേസിൽ, തമിഴ്‌നാട്ടിൽ മന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിന് ഒരു കേസും ഫയൽ ചെയ്തിട്ടില്ല, എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ചില കേസുകൾ ഫയൽ ചെയ്തിട്ടുണ്ട് .
കഴിഞ്ഞ 100 വർഷമായി ദ്രാവിഡ കഴകം ഹിന്ദുമതത്തിനെതിരെ പരാമർശങ്ങൾ നടത്തുന്നു . മന്ത്രിയും അതിൽ അംഗമാണ്. മൊത്തത്തിലുള്ള സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ, മന്ത്രിയുടെ പ്രസംഗത്തിന്റെ മറഞ്ഞിരിക്കുന്ന അർത്ഥത്തെ ഹർജിക്കാരൻ ചോദ്യം ചെയ്തതായി കാണുന്നു
മന്ത്രിയുടെ പ്രസംഗം 80% ഹിന്ദുക്കൾക്കും എതിരാണെന്ന് വ്യക്തമായി സൂചിപ്പിക്കുന്നു. ഇത് വിദ്വേഷ പ്രസംഗത്തിന്റെ ഗണത്തിൽ ഉൾപ്പെടുന്നു. സനാതനിയായ ഹർജിക്കാരൻ അത്തരം വിദ്വേഷ പ്രസംഗത്തിന്റെ ഇരയാണ്. വിദ്വേഷ പ്രസംഗത്തിൽ നിന്ന് സനാതന ധർമ്മത്തെ പ്രതിരോധിക്കുക മാത്രമാണ് ഹർജിക്കാരൻ ചെയ്തത്. മന്ത്രി വിദ്വേഷ പ്രസംഗം നടത്തുമ്പോൾ, പ്രസ്തുത വിദ്വേഷ പ്രസംഗത്തെ എതിർക്കുന്ന ഹർജിക്കാരന്റെ (പ്രവൃത്തി) കുറ്റകൃത്യമായി കണക്കാക്കാനാവില്ല. ബിജെപി നേതാവ് സ്റ്റാലിനോ അദ്ദേഹത്തിന്റെ പാർട്ടിക്കോ എതിരെ അക്രമത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്നും ജസ്റ്റിസ് ശ്രീമതി കൂട്ടിച്ചേർത്തു
ഉദയനിധി സ്റ്റാലിൻ ‘ഒഴിപ്പ്’ എന്ന വാക്ക് ഉപയോഗിച്ചാണ് പ്രസംഗിച്ചത് . അതിനർത്ഥം ‘ഉന്മൂലനം ചെയ്യുക’ എന്നാണ്. ആ വാക്കിന്റെ അർത്ഥം സനാതന ധർമ്മത്തിന്റെ ഉന്മൂലനമാണെന്നും അല്ലെങ്കിൽ സനാതനികൾ അവിടെ ഉണ്ടാകരുതെന്നാണ് ജഡ്ജി ചൂണ്ടിക്കാട്ടി.