
ന്യൂഡൽഹി ; മധ്യപ്രദേശിൽ തർക്കത്തിലുള്ള ഭോജ്ശാല ക്ഷേത്രത്തിൽ ( കമൽ മൗല പള്ളി ) സമുച്ചയത്തിൽ വെള്ളിയാഴ്ച ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും പ്രാർത്ഥന നടത്താൻ അനുമതി നൽകി സുപ്രീം കോടതി . ഹിന്ദു വിശ്വാസികൾക്ക് വസന്ത് പഞ്ചമിയിൽ സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ പ്രാർത്ഥന നടത്താൻ അനുവാദമുണ്ട്. മുസ്ലീങ്ങൾക്ക് വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 1 മണി മുതൽ 3 മണി വരെയും പ്രാർത്ഥന നടത്താം.
എല്ലാ ചൊവ്വാഴ്ചയും ഹിന്ദുക്കൾക്ക് പ്രത്യേക പ്രവേശനവും അനുവദിച്ചിട്ടുണ്ട്. വസന്ത് പഞ്ചമിയിൽ ഹിന്ദുക്കൾക്ക് പ്രാർത്ഥന നടത്താൻ പ്രത്യേക അനുമതി ആവശ്യപ്പെട്ട് ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റിസ് (HFJ) എന്ന ഹിന്ദു സംഘടന സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
നിസ്കാരത്തിന് വരുന്ന മുസ്ലീം സമൂഹത്തിലെ വ്യക്തികളുടെ പട്ടിക ജില്ലാ ഭരണകൂടത്തിന് നൽകണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വിപുൽ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
പരസ്പര ബഹുമാനം പാലിക്കാനും ക്രമസമാധാന പരിപാലനത്തിനായി സംസ്ഥാന, ജില്ലാ ഭരണകൂടവുമായി സഹകരിക്കാനും ഇരുവിഭാഗങ്ങളോടും കോടതി അഭ്യർത്ഥിച്ചു.
ജനുവരി 2 ന് എച്ച്എഫ്ജെക്കുവേണ്ടി അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിനാണ് അപേക്ഷ സമർപ്പിച്ചത്. പതിനൊന്നാം നൂറ്റാണ്ടിലെ സ്മാരകമായ ഭോജ്ശാലയെ വാഗ്ദേവതയ്‌ക്ക് (സരസ്വതി ദേവി) സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമായി ഹിന്ദുക്കൾ കണക്കാക്കുന്നു, അതേസമയം മുസ്ലീം സമൂഹം അതിനെ കമൽ മൗല പള്ളി എന്നും വിളിക്കുന്നു.
വസന്ത് പഞ്ചമിക്ക് മുന്നോടിയായി ഭോജ്ശാല പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (CRPF), റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (RAF) എന്നിവരുൾപ്പെടെ ഏകദേശം 8,000 പോലീസ് ഉദ്യോഗസ്ഥരെ ജില്ലയിലുടനീളം വിന്യസിച്ചിട്ടുണ്ട്. വാഹന പട്രോളിംഗ് നടത്തുകയും സിസിടിവി നിരീക്ഷണം നടത്തുകയും ചെയ്യുന്നുണ്ട് .സോഷ്യൽ മീഡിയ പ്രവർത്തനങ്ങളും നിരീക്ഷണത്തിലാണ്.