ന്യൂ ജേഴ്സിയില്‍ നടന്ന കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ രജത ജൂബിലി കണ്‍വന്‍ഷന്റെ ഉദ്ഘാടനം ചടങ്ങില്‍ സ്വാമി ചിദാനന്ദപുരി നല്‍കിയ ആഹ്വാനം ‘നമ്മള്‍ അമേരിക്കന്‍ രാഷ്‌ട്രീയത്തില്‍ സജീവമാകണം’ എന്നായിരുന്നു.
‘തെരഞ്ഞെടുക്കപ്പെടുന്ന പദവികളില്‍ എത്താന്‍ പ്രയത്നിക്കണം. വൈറ്റ് ഹൗസ് തന്നെ ലക്ഷ്യം വെയ്‌ക്കണം’ എന്നും സ്വാമി പറഞ്ഞു.
സ്വാമി ഇതു പറയുമ്പോള്‍ സദസ്സിന്റെ മുന്‍നിരയില്‍ രണ്ടു പേര്‍ ഇരിപ്പുണ്ടായിരുന്നു-രാമസ്വാമിയും ഭാര്യ ഗീതയും. സ്വാമിയുടെ ആഹ്വാനം യാഥാര്‍ത്ഥ്യമാക്കിയവര്‍. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ത്ഥിയായി പ്രാഥമിക ഘട്ടത്തില്‍ ട്രംപിനൊപ്പം മത്സരിച്ച വിവേക് രാമസ്വാമിയുടെ മാതാപിതാക്കള്‍.
സദസ്സിനിടയില്‍ മറ്റൊരു കുട്ടി ഉണ്ടായിരുന്നു-കാലിഫോര്‍ണിയക്കാരി മലയാളി റിനു നായര്‍. സ്‌കൂള്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ആള്‍. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായിട്ടാണ് ഈ മിടുക്കി വിജയിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 18 വയസ്സ് തികയണം. റിനു വോട്ട് തേടുമ്പോള്‍ പ്രായം 18 വര്‍ഷവും 2 മാസവും.
സ്‌കൂള്‍ ബോര്‍ഡ് ചെറിയ കാര്യമല്ല. അമേരിക്കയിലെ തെരഞ്ഞെടുപ്പ് സംവിധാനത്തിലെ ആദ്യപടിയാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം അതേ ബാലറ്റിലാണ് ഇതിന്റെ വോട്ടെടുപ്പും.
അമേരിക്കന്‍ രാഷ്‌ട്രീയത്തില്‍ സജീവമായി ഇടപെടാന്‍ സമ്മേളനം ആഹ്വാനം ചെയ്തുകൊണ്ടുതന്നെയായിരുന്നു കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ രജതജൂബിലി സമ്മേളനം സമാപിച്ചത്. ഹിന്ദു മൂല്യങ്ങള്‍ മുറുകെ പിടിച്ച് ഹിന്ദുത്വാഭിമാനത്തോടെ പ്രവാസജീവിതം നയിക്കാന്‍ കഴിയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ലോകമാസകലം ഉള്ള ഹിന്ദുത്വാഭിമാന ഉണര്‍വിന്റെ നേര്‍ക്കാഴ്ചയായിരുന്നു ഡോ. നിഷ പിള്ളയുടെ നേതൃത്വത്തില്‍ ‘വിരാട്’ എന്ന പേരില്‍ നടത്തിയ നാലു ദിവസത്തെ രജതജൂബിലി സമ്മേളനം.
നൂറുപേരുടെ താലപ്പൊലിയും മുത്തുക്കുടയുമായി നാട്ടിലെ പൂരത്തിന്റെ പ്രതീതി ജനിപ്പിച്ച ഘോഷയാത്ര. കലാമണ്ഡലം ശിവദാസന്റെ നേതൃത്വത്തില്‍ 50 ഓളം വാദ്യക്കാര്‍ പങ്കെടുത്ത ചെണ്ടമേളം. കളരിപ്പയറ്റ്, ഗുരുവായൂര്‍ ഉറിയടി, കാവിലാട്ടം, തെയ്യം, ഗരുഡന്‍പറവ, തീയാട്ട്, മുടിയേറ്റ് എന്നിവ ഉള്‍പ്പെടെ നിരവധി ക്ഷേത്രകലകള്‍. വിഷയാധിഷ്ഠിത നൃത്തനാടകവും നൃത്തപ്രകടനവും, ഭരതനാട്യം, മോഹിനിയാട്ടം. ആത്മീയ സത്സംഗങ്ങള്‍, ആത്മീയ പ്രഭാഷണങ്ങള്‍, കലാ മത്സരങ്ങള്‍, സംഗീത സദസ്സ്, താരസല്ലാപം, മാധ്യമ സെമിനാര്‍, ബിസിനസ് മീറ്റ്… എല്ലാ ചേരുവകളും ഉള്‍ക്കൊണ്ടതായിരുന്നു സമ്മേളനം.
സ്വാമി ചിദാനന്ദപുരി ,സ്വാമി അമൃതസ്വരൂപാനന്ദ, ബ്രഹ്‌മചാരി ഹരി ചൈതന്യ, തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരി, മുന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി മീനാക്ഷി ലേഖി, പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, യു.എസ്. സുപ്രീം കോടതി ജഡ്ജി രാജരാജേശ്വരി, മുന്‍ ഡിജിപി ഋഷിരാജ് സിംഗ്, അഡ്വ. എസ്. ജയശങ്കര്‍, കേരള ഗവര്‍ണറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പി. ശ്രീകുമാര്‍, ന്യൂയോര്‍ക്ക് ഗവര്‍ണറുടെ സെക്രട്ടറി ഷിബു നായര്‍, സംവിധായകരായ ഹരിഹരന്‍, അഭിലാഷ് പിള്ള, ശരത് ഹരിദാസന്‍, സംഗീത സംവിധായകന്‍ പണ്ഡിറ്റ് രമേശ് നാരായണന്‍, നടന്‍ നരന്‍, നടിമാരായ ശാന്തികൃഷ്ണ, ദിവ്യ ഉണ്ണി, ഗായിക മധുശ്രീ നാരായണന്‍, നര്‍ത്തകി ഡോ. ജാനകി രംഗരാജന്‍ എന്നിവര്‍ മൂന്നു ദിവസത്തെ കണ്‍വന്‍ഷനില്‍ പങ്കെടുത്തു.
അമേരിക്കന്‍ മണ്ണില്‍ ആദ്യകാലത്ത് കാലുകുത്തിയ ഇന്ത്യന്‍ പ്രവാസികള്‍ തൊഴിലും വിദ്യാഭ്യാസവും തേടിയെത്തിയവരായിരുന്നു. പക്ഷേ, അവരുടെ ബാഗേജുകളില്‍ ഒളിഞ്ഞിരുന്നത് ഒരു തൊഴില്‍വിസ മാത്രമല്ല; ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ഭാരതീയ സംസ്‌കാരവും ആത്മീയ പാരമ്പര്യവുമായിരുന്നു. ഹിന്ദു പ്രസ്ഥാനം അമേരിക്കയില്‍ വളര്‍ന്നത്, ഒരു സംഘാടിത ശ്രമമായല്ല; മറിച്ച്, തലമുറകളിലൂടെ പകരപ്പെട്ട ജീവിതശൈലിയുടെയും ആത്മീയതയുടെയും ഒഴുക്കായി.
സ്വാമി വിവേകാനന്ദന്റെ ‘ചിക്കാഗോ ഗര്‍ജ്ജനം’
1893-ലെ ചിക്കാഗോ ലോകമത സമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന്‍ നടത്തിയ പ്രസംഗം, അമേരിക്കയില്‍ ഹിന്ദുത്വത്തിന്റെ ആദ്യ ഗര്‍ജ്ജനമായി. സഹിഷ്ണുത, സര്‍വമതസമത്വം, ശാശ്വതധര്‍മ്മം എന്നീ സന്ദേശങ്ങള്‍, ഹിന്ദു സംസ്‌കാരത്തെ ഒരു സര്‍വലൗകിക പൈതൃകമായി ലോകത്തേക്ക് പരിചയപ്പെടുത്തി. തുടര്‍ന്ന് പരമഹംസ യോഗാനന്ദ, ഐഎസ്‌കോണ്‍ സ്ഥാപകന്‍ സ്വാമി പ്രഭുപാദ തുടങ്ങിയവര്‍, ഹിന്ദു ചിന്തയെ അമേരിക്കന്‍ സമൂഹത്തിന്റെ ആഴങ്ങളിലേക്ക് കൊണ്ടുപോയി.
1965-ല്‍ അമേരിക്കന്‍ ഇമ്മിഗ്രേഷന്‍ നിയമത്തിലെ പരിഷ്‌കാരം, ആയിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് പുതിയ വഴികള്‍ തുറന്നു. അവര്‍ക്കൊപ്പം അമേരിക്കയിലെത്തിയത് ക്ഷേത്രങ്ങളും സംസ്‌കാരസംഘടനകളും ആയിരുന്നു. പിറ്റ്‌സ്ബര്‍ഗ് ശ്രീ വെങ്കടേശ്വര ക്ഷേത്രം (1977) പോലെയുള്ള സ്ഥാപിത കേന്ദ്രങ്ങള്‍, മതാരാധന മാത്രമല്ല, ഭാഷാ-കലാപഠനവും, യോഗവും, സംസ്‌കാരവിലകളും പഠിപ്പിക്കുന്ന സാംസ്‌കാരിക കേന്ദ്രങ്ങളായി വളര്‍ന്നു.
ഭക്തിയില്‍ നിന്ന് സംഘാടനത്തിലേക്ക്
ഹിന്ദു സ്വയംസേവക സംഘം (HSS), വിശ്വഹിന്ദു പരിഷത് ഓഫ് അമേരിക്ക (VHPA), ഹിന്ദു സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ (HSC) തുടങ്ങിയ സംഘടനകള്‍ ഉയര്‍ന്നുവന്നത്, പ്രവാസി ഹിന്ദുക്കള്‍ ”പൂജക്കാര്‍” മാത്രമല്ല, ”സംഘാടകര്‍” കൂടിയാണെന്ന് തെളിയിച്ചു. സര്‍വകലാശാലകളിലെ യുവജനങ്ങള്‍ സംഘടിപ്പിച്ച പരിപാടികള്‍, പ്രസ്ഥാനത്തിന് ഒരു ബൗദ്ധിക-സംസ്‌കാരിക നിറം നല്‍കി. ദീപാവലി പോലുള്ള ഉത്സവങ്ങള്‍ അമേരിക്കന്‍ പൊതുസ്ഥലങ്ങളില്‍ ആഘോഷിക്കപ്പെടാന്‍ തുടങ്ങി.
അമേരിക്കയിലെ ഹിന്ദു സമൂഹം നേരിട്ട പ്രധാന വെല്ലുവിളി: മതത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും, മീഡിയയിലും അക്കാദമിയിലും ഉയര്‍ന്നുവന്ന വിവേചനാത്മക ചിത്രീകരണങ്ങളും. എന്നാല്‍, കമ്മ്യൂണിറ്റി സര്‍വീസ്, ഇന്റര്‍ഫെയ്‌ത്ത് ഡയലോഗ്, അക്കാദമിക് ഗവേഷണം, രാഷ്‌ട്രീയ ഇടപെടല്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഹിന്ദു പ്രസ്ഥാനം, അമേരിക്കന്‍ സമൂഹത്തിന്റെ ഭാഗമെന്ന നിലയില്‍ അംഗീകാരം നേടി.
കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക
വിവേകാനന്ദന്റെ ചുവടുപിടിച്ച്, കേരളത്തില്‍ നിന്നും സന്യാസിമാര്‍ അമേരിക്കയില്‍ എത്തി.നടരാജ ഗുരു, ഗുരു നിത്യചൈതന്യ യതി, സ്വാമി ചിന്മയാനന്ദ, സ്വാമി സത്യാനന്ദ സരസ്വതി, മാതാ അമൃതാനന്ദമയി…
ഇവര്‍ വെറും മതബോധകരല്ല, സംസ്‌കാരത്തിന്റെ ദീപസ്തംഭങ്ങള്‍ ആയിരുന്നു. അവരുടെ വരവും ഉപദേശങ്ങളും, പ്രവാസി മലയാളി ഹിന്ദുക്കളുടെ ഹൃദയത്തില്‍ ആത്മവിശ്വാസത്തിന്റെ വിത്തുകള്‍ വിതറി.
അതിന്റെ ഫലമായി, ”നമ്മള്‍ക്കും ഒരു പൊതുവേദി വേണം” എന്ന തിരിച്ചറിവ് വളര്‍ന്നു.അതിന്റെ സംഘടിത രൂപമാണ് കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക (KHNA).ഒറ്റയടിക്ക് ജനിച്ചതല്ല, കാലത്തിന്റെ അടിയൊഴുക്കുകളില്‍ നിന്നുയര്‍ന്ന സംസ്‌കാരസംഘടന.
അമേരിക്കയിലെ ഹിന്ദു സമൂഹങ്ങളില്‍ ഏറ്റവും കുറവ് യോജിപ്പുള്ളത് മലയാളികളിലാണ്. ഗുജറാത്തികളും പഞ്ചാബികളും, രാജസ്ഥാനികളും ആന്ധ്രക്കാരും കന്നടക്കാരും തമിഴരും-എണ്ണത്തില്‍ ചെറുതായാലും, നഗരങ്ങളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് കാണുന്നത്. അതിന്റെ ഗുണഫലങ്ങള്‍ വ്യാപാരത്തിലും തൊഴിലും സാംസ്‌കാരിക ജീവിതത്തിലും അവര്‍ കൊയ്യുന്നു.
അതേ സമയം, മലയാളികള്‍ ഏറെയുള്ള നഗരങ്ങളിലും ഒത്തുചേരലിനു പകരം ചിതറലും ചെറുചെറു സംഘടനകളിലെ അഭിമാനക്കളികളും മാത്രം . NSS, SNDP ഉണ്ടായിരുന്നെങ്കിലുംആന്തരിക കലഹങ്ങളും പരിമിതികളും കാരണം. വലിയ മുന്നേറ്റം സാധിച്ചില്ല. ജാതി സംഘടനകള്‍ക്കപ്പുറം പൊതുവായ ഹൈന്ദവ താല്‍പര്യം മുന്നോട്ട് വയ്‌ക്കാന്‍ കഴിയാതെ നിന്ന അവസ്ഥയായിരുന്നു..
എന്നാല്‍ വിവരസാങ്കേതിക യുഗത്തില്‍, അമേരിക്കന്‍ മലയാളി മനസ്സില്‍ ഒരു തിരിച്ചറിവ് തെളിഞ്ഞു-
‘ജാതി മതിയാകുന്നില്ല, സംസ്‌കാരമാണ് നമ്മെ നിലനിര്‍ത്തുന്നത്.’അങ്ങനെ, പ്രധാന നഗരങ്ങളില്‍ മലയാളി ഹിന്ദുക്കള്‍ രൂപീകരിച്ച സംഘടനകള്‍ക്ക് ഒരു പുതിയ ഉണര്‍വ് ലഭിച്ചു:
ഡാളസിലെ കേരള ഹിന്ദു സൊസൈറ്റി,ന്യൂയോര്‍ക്കിലെ മഹിമ (മലയാളി ഹിന്ദു മണ്ഡലം),ചിക്കാഗോയിലെ ഗീതാമണ്ഡലം,ലോസ് ആഞ്ചലസിലെ OM (Organisation of Malayali Hindus of America),ഹൂസ്റ്റണിലെ കേരള ഹിന്ദു സൊസൈറ്റി…
ചിതറലല്ല, ചേരലിന്റെ സൂചനകള്‍.
കേരളത്തില്‍ ഹൈന്ദവ ഏകീകരണത്തിന്റെ മുഖ്യപ്രഭാഷകനായിരുന്ന സ്വാമി സത്യാനന്ദ സരസ്വതിയുടെ പ്രേരണ, ഈ അമേരിക്കന്‍ സംഘടനകള്‍ക്കും പുതിയ ചിറകുകള്‍ നല്‍കി. സംഘടനകള്‍ മാത്രമല്ല, ഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന പാലങ്ങള്‍ ഉണ്ടാക്കണമെന്ന സന്ദേശം മലയാളി പ്രവാസികള്‍ ഏറ്റെടുത്തു തുടങ്ങി.
അങ്ങനെ, വിവേകാനന്ദന്‍ തെളിച്ച തീപ്പൊരി, കാലത്തിന്റെ കാറ്റുകള്‍ക്കപ്പുറം, സമുദ്രങ്ങള്‍ കടന്ന്, ഇന്നും അമേരിക്കന്‍ ആകാശത്ത് സംസ്‌കാരത്തിന്റെ ശബ്ദമായി മുഴങ്ങുന്നു.
ഇന്നത്തെ തലമുറയിലെ അമേരിക്കന്‍ ജനനം നേടിയ ഹിന്ദു യുവാക്കള്‍, ഭാരതീയ സംസ്‌കാരത്തിന്റെ വേരുകള്‍ മനസ്സിലാക്കിക്കൊണ്ട്, അമേരിക്കന്‍ ജീവിതത്തിന്റെ പ്രവാഹത്തില്‍ സ്വയം ചേര്‍ക്കുന്നു. അതാണ് ഹിന്ദു പ്രസ്ഥാനത്തിന്റെ ഭാവിയും ശക്തിയും. സമുദ്രങ്ങള്‍ വേര്‍തിരിച്ചാലും, ഹിന്ദുത്വം അവരെ ഇന്ത്യയുടെ ആത്മീയസ്പന്ദനങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടിരിക്കുന്നു