• Thu. Feb 19th, 2026

24×7 Live News

Apdin News

ഹിന്ദു യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിച്ചത് സംഭവിച്ച കാര്യം, എമ്പുരാന് മാത്രമാണോ ആവിഷ്ക്കാര സ്വാതന്ത്ര്യം കേരള സ്റ്റോറിക്ക് ഇല്ലേ?പണ്ഡിറ്റ്

Byadmin

Feb 19, 2026



കേരളത്തെ ലവ് ജിഹാദ് കേന്ദ്രമാക്കി താറടിച്ച് കാണിക്കുന്ന കേരള സ്റ്റോറിക്ക് ശേഷം ഇപ്പോൾ കേരള സ്റ്റോറി 2 കൂടി പുറത്തിറങ്ങാൻ പോവുകയാണ്. ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും ഒപ്പം ട്രോളുകളും നിറയുന്നു. ഹിന്ദു യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗമാണ് വ്യാപകമായി ട്രോൾ ചെയ്യപ്പെടുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുളളവർ ഇത്തരം പ്രൊപഗാൻഡ സിനിമകളിലൂടെ കേരളത്തെ ഭിന്നിപ്പിക്കാനുളള ശ്രമങ്ങൾക്കെതിരെ ശക്തമായ ശബ്ദം ഉയർത്തുന്നു. അതിനിടെ നടൻ സന്തോഷ് പണ്ഡിറ്റ് സിനിമയെ ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുകയാണ്. എമ്പുരാനുളള ആവിഷ്ക്കാര സ്വാതന്ത്ര്യം കേരള സ്റ്റോറിക്കും ഇല്ലേ എന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ വാദം.

പണ്ഡിറ്റിന്റെ സിനിമ നിരീക്ഷണം. ഇപ്പോൾ ഇന്ത്യയിലെ സിനിമ ആരാധകർ മുഴുവൻ ചർച്ച ചെയ്യുന്ന വിഷയം, വൻ വിജയമായ നാഷണൽ അവാർഡ് ജേതാവ് സുധീപ്തോ സെൻ ജി സംവിധാനം ചെയ്ത “കേരള സ്റ്റോറി ” സിനിമയുടെ രണ്ടാം ഭാഗത്തിന്റെ “Kerala Story 2 Goes Beyond” ട്രെയിലർ ആണല്ലോ. വെറും ഒറ്റ ദിവസം കൊണ്ട് 1 കോടി 61 ലക്ഷത്തിൽ കൂടുതൽ വ്യൂവേഴ്സ് നേടി യൂട്യൂബിൽ ട്രെൻഡ്ൽ ഒന്നാമത് എത്തിയെങ്കിലും ഈ ട്രെയിലർ കേരളത്തിൽ ചിലർ വിവാദം ആക്കിയിട്ടുണ്ടേ

ഞാൻ മനസ്സിലാക്കിയ വസ്തുതകൾ… 1)അതിന്റെ തീം ലവ് ജിഹാദ് ആണെന്നും അങ്ങനെ ഒന്ന് കേരളത്തിൽ ഇല്ലെന്നും ചിലർ പറയുന്നു. അത് ശരിയാകാം.. പക്ഷെ “എമ്പുരാൻ ” സിനിമ ഇറങ്ങിയപ്പോൾ നമ്മൾ പറഞ്ഞ ആവിഷ്കാര സ്വാതന്ത്ര്യം ഈ സിനിമയുടെ സംവിധായകൻ സുദീപ്തോ സെൻ ജിക്കും ഇല്ലേ? അവർ അവരുടെ പൈസക്ക് അവർക്കു ശരിയെന്നു തോന്നുന്നത് എടുക്കുന്നു. അത് നമ്മുക്ക് കാണാം.. കാണാതിരിക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ടെല്ലോ. ഒരു സിനിമയെ നമ്മൾ പേടിക്കേണ്ട കാര്യമില്ല.

2) ഈ രണ്ടാം ഭാഗത്തിൽ ട്രൈലെറിൽ കാണിക്കുന്ന ഒരു രംഗമാണ് കേരളത്തിൽ ചിലർ വിവാദം ആക്കിയത്. അതിൽ ഒരു യുവതിയെ നിർബന്ധപൂർവം ബീഫ് കഴിപ്പിക്കുന്ന രംഗമുണ്ട് . അത് ശരിയല്ല എന്ന് ചിന്തിക്കുന്നവർ അറിയാൻ. ഇത് ശരിക്കും മധ്യപ്രദേശിൽ സംഭവിച്ച കാര്യമാണ്. ആ യുവതി ഭർത്താവിന് എതിരെ പോലീസ് കേസ് കൊടുത്തിരുന്നു. അല്ലാതെ എഴുത്തുകാരന്റെ ഭാവന സൃഷ്ട്ടി അല്ല. പൊളിറ്റിക്കൽ കറക്ട്നെസ്സ് ഇനി നിങ്ങൾ ആണ് ചിന്തിക്കേണ്ടത്..

3) ഇനി ട്രൈലർ നോക്കി മലയാളി പെൺകുട്ടി എന്തുകൊണ്ട് മലയാളം പറയുന്നില്ല. ഹിന്ദി എന്തിനു പറഞ്ഞു എന്നതിനുള്ള ഉത്തരം.. ട്രെയിലറിൽ ആദ്യമേ മധ്യപ്രദേശ് എന്ന് കാണിക്കുന്നുണ്ട്.. “കേരള സ്റ്റോറി ഗോസ് ബിയോണ്ട്” എന്നാൽ കേരള സ്റ്റോറി കേരളത്തിന് അപ്പുറം സംഭവിക്കുന്ന കഥ എന്നാണ് അർത്ഥം. കേരളത്തിൽ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും അത് പോലെ നടക്കുന്നു എന്നാവാം ഉദ്ദേശിച്ചത്. അല്ലാതെ ബീഫ് തീറ്റിച്ച കഥ കേരളത്തിൽ നടന്നു എന്നല്ല, മധ്യപ്രാദേശിൽ നടന്ന ഒറിജിനൽ സംഭവം വെച്ചു ഇൻസ്പയർ ആയി സിനിമ ആക്കിയതാകാം.

ഇത്രയും കാര്യങ്ങൾ പുറമെ നിന്നും നോക്കിയപ്പോൾ ഞാൻ മനസ്സിലാക്കിയത് ആണ്. 100 ശതമാനം സത്യമാണെന്നോ, അവർ കഥയിൽ പറഞ്ഞതൊക്കെ പോളിറ്റിക്കലി കറക്ട് ആണെന്നോ ഞാൻ പറയുന്നില്ല. അങ്ങനെ നോക്കിയാൽ മലയാളത്തിൽ ഇറങ്ങുന്ന പല സിനിമയും പ്രിപൊഗണ്ട സിനിമ അല്ലേ? പല സിനിമകളിലും കറുപ്പ് ഉടുത്ത വില്ലൻ, സവർണ്ണനായ വില്ലൻ ഒക്കെ കാണിക്കുന്നു. ചിലരുടെ മതം, ചിലരുടെ രാഷ്‌ട്രീയം ഒക്കെ അവരുടെ പൈസക്ക് സിനിമ എടുത്ത്‌ നാട്ടുകാരെ കാണിക്കുന്നു. അത് നിങ്ങള്ക്ക് വേണമെങ്കിൽ കാണാം.. അത് നിങ്ങളുടെ ചോയ്സ്.

(വാൽ കഷ്ണം..ബാക്കി ഈ സിനിമ തീയേറ്റർ നിന്നും കണ്ടു നമ്മൾ വിലയിരുത്തുക.സിനിമയെ ഒരിക്കലും പേടിക്കേണ്ടതില്ല. സിനിമയിൽ ആവിഷ്കാര സ്വാതന്ത്ര്യം എന്നത് മലയാള സംവിധായകർക്ക് ഉള്ളത് പോലെ ഹിന്ദി സംവിധായകർക്കും ഉണ്ട്. സിനിമയെ സിനിമയായി കാണുക. വിവാദം ഇതോടെ അവസാനിപ്പിക്കുക.)

By admin