ദുബായ് : അയ്യപ്പസംഗമവിഷയവും, വനിതാമതിലും സൂചിപ്പിച്ച് സിപിഎമ്മിന്റെ രാഷ്‌ട്രീയ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി . അയ്യപ്പ സംഗമം നടത്തിയ സിപിഎം തന്നെയല്ലേ മുൻപ് വനിതാ മതിലും സംഘടിപ്പിച്ചതെന്ന് ഷാജി ചോദിച്ചു. കെ എംസിസി ദുബായ് ഘടകം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
‘ അയ്യപ്പ സംഗമത്തെ എന്തിനാണ് മുസ്ലീങ്ങൾ എതിർക്കുന്നത് . ഹിന്ദു സമൂഹത്തിന്റെ വിശ്വാസത്തെയും, ആചാരങ്ങളെയും ചോദ്യം ചെയ്യാൻ മുസ്ലീങ്ങൾക്ക് എന്ത് അവകാശമാണുള്ളത് . പള്ളികളിൽ സ്ത്രീകൾക്ക് വാങ്ക് കൊടുക്കാൻ പാടില്ലെന്ന മുസ്ലീങ്ങളുടെ വിശ്വാസം പോലെ തന്നെയാണ് 10 വയസിനും , 50 വയസിനും ഇടയിലുള്ള സ്ത്രീകൾ ശബരിമലയിൽ കയറാൻ പാടില്ലെന്ന ഹിന്ദുക്കളുടെ വിശ്വാസവും.
ആ വനിതാ മതിലിനെ കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളത് . ആ വനിതാ മതിലിൽ പർദ്ദയിട്ട പാത്തുമ്മയുണ്ടായിരുന്നു. തലത്തട്ടം മറിച്ച സുബൈദയുണ്ടായിരുന്നു . ഖദീജയുണ്ടായിരുന്നു.അവരോട് എന്താണ് സിപിഎമ്മിന് പറയാനുള്ളത് . ആ പണിയ്‌ക്ക് മുസ്ലീങ്ങൾ പോകാൻ പാടില്ലെന്ന് ഞാൻ അന്നേ പറഞ്ഞതാണ് .
ശബരിമലയില്‍ 10 വയസിന് താഴെയുള്ള പെണ്‍കുട്ടികളും 50 വയസിന് മുകളിലുള്ള സ്ത്രീകളും മാത്രമേ കയറാന്‍ പാടുള്ളൂ എന്ന് ഹിന്ദു സമൂഹത്തിന് ആചാരമുണ്ടെങ്കില്‍ അതിനെ ചോദ്യം ചെയ്യാന്‍ മാപ്പിളക്ക് എന്താണ് അവകാശം. ഇത് നിങ്ങളുടെ കാര്യമാണോ. അത് ഹിന്ദു സമൂഹത്തിന്റെ കാര്യമല്ലേ. ഹിന്ദു സമൂഹത്തിന്റെ വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ ആചാരങ്ങളെ ചോദ്യം ചെയ്യാന്‍ എന്ത് അവകാശമാണ് മുസ്ലിങ്ങള്‍ക്കുള്ളത് .
മറ്റ് മതസ്ഥർക്ക് നോക്കിയാൽ കുഴപ്പമുള്ള എന്തെല്ലാം കാര്യങ്ങൾ ഇസ്ലാമിലുണ്ട്. അവർ അത് ചോദ്യം ചെയ്യാൻ തുടങ്ങിയാലോ. ഞാൻ പലപ്പോഴും പറയാറുണ്ട്. പള്ളികളിൽ വാങ്ക് വിളിക്കുമ്പോ പെണ്ണ് വാങ്ക് കൊടുക്കുന്നത് കേട്ടിട്ടുണ്ടോ. എന്തേ പെണ്ണ് വാങ്ക് കൊടുത്താൽ പുറത്തേക്ക് കേൾക്കില്ലേ. സത്യത്തിൽ ചില വാങ്ക് കേൾക്കുമ്പോൾ തോന്നും അതിനേക്കാൾ രസമുണ്ടാകും പെണ്ണുങ്ങൾ വാങ്ക് കൊടുത്താലെന്ന് . പക്ഷെ എന്തേ സ്ത്രീകൾ വാങ്ക് കൊടുക്കാത്തത് .ഇസ്ലാം അത് അനുവദിക്കുന്നില്ല .
ഹിന്ദു ചോദിക്കുകയാണ് എന്തേ പെണ്ണുങ്ങള്‍ വാങ്ക് കൊടുക്കാത്തത് എന്ന്. അവര് കൊടുത്താല്‍ കേള്‍ക്കില്ലേ എന്ന് ചോദിച്ചാല്‍, അത് മുസ്ലിങ്ങളുടെ വിശ്വാസമാണ്. 10 വയസിനും 50 വയസിനും ഇടയിലുള്ള പെണ്ണ് ശബരിമലയില്‍ കയറരുത് എന്നത് ഹിന്ദുക്കളുടെ വിശ്വാസമാണ്. നിങ്ങള്‍ എങ്ങനെയാണ് അതിനെ ചോദ്യം ചെയ്യുക, ഷാജി ചോദിച്ചു.