• Thu. Dec 26th, 2024

24×7 Live News

Apdin News

ഹിമാചലിൽ മഞ്ഞുവീഴ്‌ച ; സഞ്ചാരികള്‍ 21 മണിക്കൂർ
തുരങ്കത്തിൽ കുടുങ്ങി | National | Deshabhimani

Byadmin

Dec 25, 2024




ന്യൂഡൽഹി

ക്രിസ്‌മസ്‌ –-പുതുവത്സരാഘോഷത്തിനായി ഹിമാചൽ പ്രദേശിലെത്തിയ വിനോദസഞ്ചാരികളും വാഹനങ്ങളും 21 മണിക്കൂറിലേറെ അടൽ തുരങ്ക പാതയിൽ കുടുങ്ങി. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാമെന്ന് അവകാശപ്പെട്ട് നിര്‍മിച്ച തുരങ്കത്തിൽ രണ്ടായിരത്തോളം വാഹനങ്ങളാണ് കുടുങ്ങിയത്‌. മലയാളികളടക്കമുള്ളവരാണ് കൊടുംതണുപ്പിൽ വഴിയിൽ അകപ്പെട്ടത്. അടൽ തുരങ്കത്തിനും സോലങ്ങിനുമിടയിൽ തിങ്കൾ ഉച്ചയോടെയാണ്‌ വൻ ഗതാഗതക്കുരുക്കുണ്ടായത്‌. കനത്ത മഞ്ഞുവീഴ്‌ചയ്‌ക്കിടെ തുരങ്കത്തിന്റ രണ്ടുവശങ്ങളിലും വാഹനങ്ങൾ ചലിക്കാനാകാത്ത സ്ഥിതിയായി.

പകൽ രണ്ടോടെ പൊലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച രക്ഷാപ്രവർത്തനം ചൊവ്വ രാവിലെ പത്തോടെയാണ്‌ പൂർത്തിയായത്‌. വിനോദസഞ്ചാരികളെയും വാഹനങ്ങളെയും സുരക്ഷിതമായി ഒഴിപ്പിച്ചെന്ന്‌ പൊലീസ്‌ അറിയിച്ചു. മഞ്ഞുമൂടിയതോടെ സംസ്ഥാനത്തെ 174 റോഡും മൂന്നുദേശീയ പാതകളും പൂർണ്ണമായും അടച്ചു. ലഹോളിൽ നിന്നുള്ള വാഹനങ്ങളെ മണാലിയിലേയ്‌ക്ക്‌ തിരിച്ചുവിട്ടാണ്‌ കുരുക്കഴിച്ചത്‌.

മണാലിയിലേക്ക്‌ സഞ്ചാരികളുമായി എത്തിയ ഭൂരിപക്ഷം വാഹനങ്ങളും മഞ്ഞിൽ പ്രവർത്തിക്കാൻ ശേഷിയുള്ളതല്ലെന്ന്‌ പൊലീസ്‌ പറഞ്ഞു. റോഡിന്റെ ഉപരിതലത്തിൽ വെള്ളം ഉറഞ്ഞതോടെ ടയറുകൾ തെന്നിമാറുക പതിവാണ്‌. ടയറുകളിൽ ചങ്ങലചുറ്റിയാണ്‌ പ്രതിരോധിക്കാനാവുക. ഭൂരിപക്ഷം വാഹനങ്ങൾക്കും ഇതുണ്ടായിരുന്നില്ല. മഞ്ഞുകാലത്ത്‌ സംസ്ഥാനത്തേയ്‌ക്ക്‌ 4 x 4 വാഹനങ്ങളിൽ എത്തണമെന്നും പൊലീസ്‌ അഭ്യർഥിച്ചു. കോവിഡിന്‌ ശേഷം മന്ദഗതിയിലായ ഹിമാചലിലെ വിനോദസഞ്ചാരമേഖല സഞ്ചാരികൾ കൂട്ടമായി എത്തുന്നതോടെ ഉണർവിലാണ്‌. ഡിസംബർ എട്ടിനാണ്‌ ഇത്തവണ ആദ്യ മഞ്ഞുവീഴ്‌ച ഉണ്ടായത്‌.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin