സന: യെമനിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ എൺപത് പേർ കൊല്ലപ്പെടുകയും 150ൽ ഏറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹൂതികളുടെ സൈനികശേഷി ഇല്ലാതാക്കും വരെ ആക്രമണം തുടരുമെന്ന് പെന്‍റഗൺ അറിയിച്ചു. അതിനിടെ ഗസ്സയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അമ്പതിലേറെ പേര്‍ കൊല്ലപ്പെട്ടു.
ഗസ്സ യുദ്ധവും ഉപരോധവും അടിച്ചേൽപ്പിച്ച് ഫലസ്തീൻ ജനതയെ വേട്ടയാടുന്ന ഇസ്രയേലിനെതിരെ നിലയുറപ്പിച്ചതിന്റെ പേരിൽ യെമനിലെ ഹൂതികൾക്കെതിരായ ആക്രമണം വ്യാപിപ്പിച്ച് അമേരിക്ക. ഹുദൈദ പ്രവിശ്യയിലെ റാസ് ഇസ തുറമുഖത്തിനു നേരെ നടന്ന ആക്രമണത്തിൽ 80 പേരാണ് കൊല്ലപ്പെട്ടത്. 150 അധികം പേർക്ക് പരിക്കേറ്റതായും ഹുദൈദ ഹെൽത്ത് ഓഫീസ് അറിയിച്ചു.
മാർച്ച് 15 മുതൽ യെമനിലെ ഹൂതികൾക്ക് നേരെയുള്ള അമേരിക്കൻ ആക്രമണത്തിലെ ഏറ്റവും വലുതാണിത്.യെമനിലെ ജനതക്കെതിരെയല്ല, ഹൂതികളുടെ സൈനികശേഷി അമർച്ച ചെയ്യുകയാണ് ആക്രമണലക്ഷ്യമെന്ന് അമേരിക്ക അറിയിച്ചു. ഹൂതി കേന്ദ്രങ്ങളിൽ ആക്രമണം കൂടുതൽ ശക്തമാക്കുമെന്ന് പെന്‍റഗൺ വെളിപ്പെടുത്തി. ഗസ്സയിലെ ഇസ്രായേൽ ആക്രമണവും തുടരുകയാണ്.