പതിറ്റാണ്ടുകള്‍ നീണ്ട കഠിനാധ്വാനത്തിലൂടെയും ദീര്‍ഘ വീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെയുമാണ് കേരളം ആരോഗ്യരംഗത്ത് രാജ്യത്തിനുതന്നെ മാതൃകയായത്. ‘കേരള മോഡല്‍’ എന്ന ഖ്യാതിയില്‍ നമ്മുടെ പൊതുജനാരോഗ്യ സംവിധാനങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല. എന്നാല്‍, ആഴത്തില്‍ വേരുകളുള്ള ആ വിശ്വാസ്യതക്കും കാര്യക്ഷമതക്കുംമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന വാര്‍ത്തകളാണ് സമിപകാലത്തായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലടക്കം ശസ്ത്രക്രിയക്ക് ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമല്ലാതാവുകയും അടിയന്തര ശസ്ത്രക്രിയകള്‍ പോലും മുടങ്ങുന്ന സാഹച ര്യമുണ്ടാവുകയും ചെയ്യുന്നത് നിസ്സാരമായി കാണാനാവില്ല. ഇടതുപക്ഷ സര്‍ക്കാര്‍ ഈ വിഷയത്തില്‍ കാണിക്കുന്ന അലംഭാവം പ്രതിഷേധാര്‍ഹമാണ്.
മെഡിക്കല്‍ കോളജ് ആശുപത്രികള്‍ ഉള്‍പ്പെടെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള ഹ്യദയ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ വിതരണം മെഡിക്കല്‍ ഉപകരണ വിതരണക്കാരുടെ സംഘടന (സി.ഡി.എം.ഐ.ഡി) നിര്‍ത്തിവച്ച വിവരം കേരളത്തെ ഞെട്ടിക്കുന്നതാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഹ്യദയ ശസ്ത്രക്രിയകള്‍ മുടങ്ങുന്ന അവസ്ഥ ചിന്തിക്കാന്‍പോലും പറ്റാത്തതാണ്. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളുടേതാണ് ഏറ്റവും കൂടുതല്‍ കുടിശിക. കോടികളാണ് ഇവിടെ കുടിശികയുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 34 കോടിയും തിരുവനന്തപുരത്ത് 29 കോടിയുമാണ് നല്‍കാനുള്ളത്. കോട്ടയം മെഡിക്കല്‍ കോളജില്‍ 21 കോടിയും എറണാകുളം ജനറല്‍ ആശുപത്രിയില്‍ 13 കോടിയും കുടിശികയുണ്ട്. ആകെ നല്‍കാനുള്ള 158 കോടിയിലേറെ രൂപയില്‍ കുറച്ചെങ്കിലും കഴിഞ്ഞമാസം ലഭ്യമാക്കാമെന്നു സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും ഒന്നും നല്‍കിയില്ല. കുടിശിക അടിയന്തരമായി നല്‍കിയില്ലെങ്കില്‍ വിതരണം തടസ്സപ്പെടുമെന്നു സംഘടന നേരത്തേ സര്‍ക്കാരിനെ അറിയിച്ചിരുന്നതാണ്. എന്നിട്ടും അതു തീര്‍ക്കാന്‍ ആരോഗ്യവകുപ്പില്‍ നിന്ന് ഒരു ഇടപെടലും ഉണ്ടായില്ലെന്നതു സര്‍ക്കാറാണ് ഈ പ്രതിസന്ധിക്ക് കാരണക്കാരനെന്ന് വ്യക്തമാക്കുന്നു. മെഡി ക്കല്‍ കോളജുകളിലും ജില്ലാജനറല്‍ ആശുപത്രികളിലുമായി 21 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിവിധ പദ്ധതികളില്‍ നല്‍കിയ ചികിത്സയുടെ ഫണ്ടാണ് മുടങ്ങിയത്. ശസ്ത്രക്രിയക്ക് ആവശ്യമായ കൊറോണറി സ്റ്റെന്റ്‌റ്, ഗൈഡ് വയര്‍, ഗൈഡ് കത്തീറ്റര്‍, പി.ടി.സി.എ ബലൂണ്‍ എന്നിവയുടെ സ്റ്റോക്ക് തിര്‍ന്നു.
സര്‍ക്കാര്‍ ആശുപത്രികളുടെയും മെഡിക്കല്‍ കോളജുകളുടെയും പ്രവര്‍ത്തനം താളംതെറ്റിയിട്ട് നാളേറെയായി. ഈ ജീര്‍ണതകള്‍ക്കെതിരെ ഉള്ളില്‍ നിന്നുതന്നെ ശബ്ദമുയര്‍ത്തിയ ഡോ. ഹാരിസിനെ പോലുള്ളവരെ നിശബ്ദനാക്കാനും ഒറ്റപ്പെടുത്താനുമാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍, അദ്ദേഹം ഉന്നയിച്ച ഓരോ വാദവും ശരിവെക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. ഇത് കേവലം ഒരു സാമ്പത്തിക ഇടപാടിന്റെ പ്രശ്നമല്ല, മറിച്ച് ആയിരക്കണക്കിന് പാവപ്പെട്ട രോഗികളുടെ ജീവന്റെ പ്രശ്‌നമാണ്. ഹ്യദയസംബന്ധമായ അസുഖങ്ങള്‍ക്കും മറ്റ് ഗുരുതര രോഗങ്ങള്‍ക്കും ചികിത്സ തേടിയെത്തുന്ന സാധാരണക്കാരുടെ ജീവന്‍ പന്താടുകയാണ് സര്‍ക്കാര്‍.
ഓരോ പ്രതിസന്ധി ഉണ്ടാകുമ്പോഴും ‘അന്വേഷിക്കാം, നടപടിയെടുക്കാം’ എന്ന പതിവ് പല്ലവി മാത്രമാണ് ആരോഗ്യമന്ത്രിയില്‍നിന്ന് കേരളം കേള്‍ക്കുന്നത്. ഈ ഒഴുക്കന്‍ മറുപടികള്‍ക്കപ്പുറം പ്രശ്നത്തിന്റെ മൂലകാരണം കണ്ടെത്തി പരിഹരിക്കാന്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്? കുടിശിക എപ്പോള്‍ നല്‍കിത്തീര്‍ക്കും? ശസ്ത്രക്രിയകള്‍ മുടങ്ങാതിരിക്കാന്‍ എന്ത് ബദല്‍ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്? ഈ ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ ഉത്തരമില്ല. സര്‍ക്കാരിന്റെ ഈ നിസ്സംഗത ആരോഗ്യരംഗത്തെ കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് തള്ളി വിടുകയാണ്. ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും കടുത്ത സമ്മര്‍ദ്ദത്തിലാണ് ജോലി ചെയ്യുന്നത്. പരിമിതമായ സൗകര്യങ്ങള്‍ വെച്ച് പരമാവധി മികച്ച ചികിത്സ നല്‍കാന്‍ അവര്‍ ശ്രമിക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നത് അവരുടെ മനോവീര്യം തകര്‍ക്കും.
കേരളം പടുത്തുയര്‍ത്തിയ ആരോഗ്യരംഗം ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല. അത് സാമൂഹികവും രാഷ്ട്രീയവുമായ ഇച്ഛാശക്തിയുടെയും തലമുറകളുടെ പരിശ്രമത്തിന്റെയും ഫലമാണ്. ആ നേട്ടങ്ങളെയാണ് നിലവിലെ സര്‍ക്കാര്‍ തങ്ങളുടെ കെടുകാര്യസ്ഥതകൊണ്ട് ഇല്ലാതാക്കുന്നത്. പൊതുജനാരോഗ്യ സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാല്‍, അതിന്റെ പ്രത്യാഘാതം ദൂരവ്യാപകമായിരിക്കും. പാവപ്പെട്ടവന് മികച്ച ചികിത്സ സൗജന്യമായി അല്ലെങ്കില്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാവുക എന്ന സാമൂഹിക സുരക്ഷാ വാഗ്ദാനമാണ് ഇവിടെ ലംഘിക്കപ്പെടുന്നത്.
അടിയന്തരമായി സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടണം. വിതരണക്കാര്‍ക്കുള്ള കുടിശിക ഉടന്‍ നല്‍കി, അവശ്യ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തണം. ആരോഗ്യ രംഗത്തെ പ്രശ്‌നനങ്ങളെക്കുറിച്ച് ഉയരുന്ന വിമര്‍ശനങ്ങളെ ശത്രുതാപരമായി കാണാതെ, ക്രിയാത്മകമായി ഉള്‍ക്കൊണ്ട് തിരുത്തല്‍ നടപടികള്‍ക്ക് തയ്യാറാകണം. അന്വേഷണ പ്രഹസനങ്ങള്‍ക്കപ്പുറം, സുതാര്യവും കാര്യക്ഷമവുമായ നടപടികളാണ് ജനങ്ങള്‍ സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്നത്. ഓര്‍ക്കുക. ഇത് രാഷ്ട്രീയ കളിയല്ല, പാവപ്പെട്ട മനുഷ്യരുടെ ജീവന്റെ കാര്യമാണ്. ഹ്യദയംകൊണ്ട് കളിക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണം.